ഫുൾ പോസിറ്റീവ്, മനസ് നിറയ്ക്കുന്ന വിജയും പൌർണമിയും; റിവ്യു

എസ് ഹർഷ

വെള്ളി, 11 ജനുവരി 2019 (17:20 IST)
വെറും രണ്ട് സിനിമകള്‍ കൊണ്ട് മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിച്ച സംവിധായകന്‍ ആണ് ജിസ് ജോയ്. രണ്ടും ഫീൽ ഗുഡ് സിനിമകൾ. രണ്ടിലും നായകൻ ആസിഫ് അലി. ആ കൂട്ടുകെട്ട് മൂന്നാമത് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ അമിതമായാൽ പോലും അതിൽ അതിശയോക്തിയുണ്ടാകില്ല. 
 
പ്രേക്ഷകരുടെ ആ പ്രതീക്ഷയോട് 100 ശതമാനം നീതി പുലർത്തിയിരിക്കുകയാണ് ‘വിജസ് സൂപ്പറും പൌർണമിയും’. ബൈസൈക്കിള്‍ തീവ്സ്, സൺ‌ഡേ ഹോളിഡേ എന്നീ ഫീൽ ഗുഡ് സിനിമകൾക്ക് ശേഷം മറ്റൊരു ഹിറ്റ് ചിത്രം കൂടി സമ്മാനിച്ചിരിക്കുകയാണ് ജിസ് ജോയ്. ഇന്ന് റിലീസ് ആയിരിക്കുന്ന ചിത്രത്തിനു മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 
 
ഒരു പെണ്ണ് കാണലിലൂടെ കണ്ടുമുട്ടുന്ന രണ്ടുപേരുടെ ജീവിതത്തില്‍ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് ജിസ് ജോയ് തന്റെ കൊച്ചു സിനിമയിൽ പറയുന്നത്. ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നർ തന്നെയാണ് സിനിമ. പ്രേക്ഷകരുടെ മനസില്‍ തൊടുന്ന ഒരു ചിത്രമാക്കി മാറ്റാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.  
 
കോമഡിയും പ്രണയവും വൈകാരിക മൂഹുര്‍ത്തങ്ങളും നിറഞ്ഞൊരു കുടുംബ ചിത്രമാണ് വിജയ് സൂപ്പറും പൌർണമിയും. കണ്ണ് നിറയേണ്ട വൈകാര്യ മുഹൂർത്തങ്ങൾ ഇല്ലെങ്കിൽ പോലും ക്ലൈമാക്സിനോടടുക്കുമ്പോൾ ചില സന്ദർഭങ്ങൾ മൂലം അറിയാതെ പ്രേക്ഷകന്റെ കണ്ണ് നിറയും. ഇതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും. 
 
ആസിഫ് അലിയുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഐശ്വര്യ ലക്ഷ്മിയും മറിച്ചല്ല. ചെയ്ത നാല് ചിത്രങ്ങളും ഹിറ്റ്. ഇതുവരെ ചെയ്തതിൽ പൌർണമിയെന്ന കഥാപാത്രം മികച്ച് നിൽക്കുന്നുവെന്ന് പറഞ്ഞാലും അത് പുകഴ്ത്തലല്ല. മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ് ഐശ്വര്യ ലക്ഷ്മിയെന്ന നടി. ഇനിയും ഒരുപാട് പ്രതീക്ഷിക്കാം ഈ നടിയിൽ നിന്നും.
 
ഒരു നെഗറ്റീവ് പോലും ഇല്ലാതെ യാതൊരു വിധ ലാഗ് അനുഭവപ്പെടുത്താതെ വളരെ മികച്ച ഒരു സിനിമ. കുറെ തമാശകൾ ആയി അല്പം ഇമോഷൻസ് ഒക്കെ ഉള്ള അതിലുപരി നല്ല ഒരു മെസ്സേജ് നൽകുന്ന പക്കാ ഫാമിലി മൂവി. കെ പി എ സി ലളിത, സിദ്ദിഖ്, രഞ്ജി പണിക്കർ എന്നിവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കുക മാത്രമല്ല അത്ര കൈയ്യടക്കത്തോട് കൂടി തന്നെയാണ് ചെയ്തിരിക്കുന്നതും.
 
ബാലു വര്ഗീസ്, ജോസഫ് അന്നംകുട്ടി ജോസ്, അജു വര്ഗീസ് തുടങ്ങി അഭിനയിച്ച എല്ലാവരും ഒന്നിനൊന്ന് മികച്ചതാക്കി. ഫാമിലിയോടൊപ്പം കാണാൻ കഴിയുന്ന മികച്ച ചിത്രമാണ് വിജയ് സൂപ്പറും പൌർണമിയും.
 
(റേറ്റിംഗ്: 4/5)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍