സോളോ: യാത്രി ജെസെന്‍ എഴുതിയ നിരൂപണം

വ്യാഴം, 5 ഒക്‌ടോബര്‍ 2017 (19:01 IST)
പരീക്ഷണങ്ങള്‍ക്ക് ധൈര്യപൂര്‍വം തയ്യാറാകുന്നവരാണ് നമ്മുടെ യുവതാരനിര എന്നത് അഭിമാനകരമാണ്. അത് പൃഥ്വിരാജില്‍ തുടങ്ങി ടോവിനോയിലൂടെ തുടരുന്നു. അക്കൂട്ടത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍റെ പുതിയ പരീക്ഷണ ചിത്രമാണ് സോളോ.
 
ബോളിവുഡില്‍ പ്രശസ്തനായ സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ഈ സിനിമ പൂര്‍ണമായും ഒരു പരീക്ഷണ സംരംഭമാണ്. പരസ്പരം ബന്ധമേതുമില്ലാത്ത നാലുകഥകളുടെ അഭ്രാവിഷ്കാരമാണ് സോളോ. നാല് ചിത്രങ്ങളിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ദുല്‍ക്കര്‍ സല്‍മാനാണ്. 
 
ശിവ, ത്രിലോക്, രുദ്ര, ശേഖര്‍ എന്നീ കഥാപാത്രങ്ങളിലൂടെ ജീവിതത്തിന്‍റെ നാല് വ്യത്യസ്ത മുഖങ്ങളാണ് സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്. ശിവ മികച്ച ഒരു ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ മറ്റ് മൂന്ന് കഥകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു. കമ്മട്ടിപ്പാടത്തിന് ശേഷം പ്രതികാരദാഹിയായ നായകനെയാണ് ശിവയിലൂടെ ദുല്‍ക്കര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.
 
ത്രിലോകും ത്രില്ലര്‍ തന്നെ. ഇതിലും വിഷയം പ്രതികാരം. എന്നാല്‍ ശിവയുമായി തികച്ചും വ്യത്യസ്തമാണ് ത്രിലോക്. ആന്‍ അഗസ്റ്റിനെ ഏറെക്കാലത്തിന് ശേഷം ഈ ചിത്രത്തിലൂടെ കാണാനായി എന്നതാണ് പ്രത്യേകത.
 
പ്രണയകഥയാണ് രുദ്ര പറയുന്നത്. എന്നാല്‍ പ്രേക്ഷകരിലേക്ക് ആ പ്രണയത്തിന്‍റെ തീവ്രത എത്തിക്കാന്‍ ബിജോയ് നമ്പ്യാര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ സെഗ്‌മെന്‍റിലെ ആക്ഷന്‍ രംഗങ്ങള്‍ ത്രില്ലടിപ്പിക്കുന്നവയാണ്.
 
ശേഖറും ഒരു പ്രണയകഥയാണ്. വിക്കുള്ള നായകനെ അന്ധയായ നായിക പ്രണയിക്കുന്നു. അവരുടെ പ്രണയവും അതിന്‍റെ സാഫല്യവും തുടര്‍ന്നുള്ള അപ്രതീക്ഷിത സംഭവങ്ങളുമാണ് ശേഖറിന്‍റെ കരുത്ത്. നൊമ്പരമുണര്‍ത്തുന്ന കഥ അതീവഹൃദ്യമായാണ് പകര്‍ത്തിയിരിക്കുന്നത്.
 
മാസ് പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള വകയൊന്നുമില്ലെങ്കിലും നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്ക് മികച്ച അനുഭവമായിരിക്കും സോളോ.
 
റേറ്റിംഗ്: 3/5

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍