Premalu Movie Review: 'ഒരു ഹൈദരബാദ് പ്രണയം' ചിരിപ്പിച്ച് നസ്ലിനും മമിതയും; പ്രേമലുവിന് ധൈര്യമായി ടിക്കറ്റെടുക്കാം

രേണുക വേണു

വെള്ളി, 9 ഫെബ്രുവരി 2024 (15:52 IST)
Premalu Movie

Premalu Movie Review: പ്രണയവും സൗഹൃദവും ആവോളം ആസ്വദിക്കാന്‍ ഒരു കൊച്ചു സിനിമ കൂടി. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്കും സൂപ്പര്‍ ശരണ്യയ്ക്കും ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'പ്രേമലു' പ്രേക്ഷകരുടെ മനം നിറയ്ക്കുകയാണ്. കുടുംബ സമേതവും സുഹൃത്തുക്കള്‍ക്കൊപ്പവും മനസ് നിറഞ്ഞു കാണാവുന്ന നല്ലൊരു സിനിമയെന്നാണ് ആദ്യ ഷോയ്ക്കു ശേഷം പ്രേക്ഷകരുടെ പ്രതികരണം. 
 
ഹൈദരബാദില്‍ എത്തിച്ചേരുന്ന സച്ചിന്‍ അവിടെവെച്ച് റീനു എന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ കഥ. റീനുവിനോട് പ്രണയം തുറന്നു പറയാനും അവളുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാനും സച്ചിന്‍ രസകരമായ പല വഴികളിലൂടെയും സഞ്ചരിക്കുന്നു. സച്ചിന്‍ ഹൈദരബാദില്‍ വെച്ചു കണ്ടുമുട്ടുന്ന സുഹൃത്തുക്കളും ഈ പ്രണയകഥയില്‍ നിര്‍ണായക വേഷങ്ങളാകുന്നു. സച്ചിനായി നസ്ലിനും റീനുവായി മമിതയുമാണ് അഭിനയിച്ചിരിക്കുന്നത്.
 
സിറ്റുവേഷണല്‍ കോമഡിയാണ് സിനിമയെ എല്ലാവിധ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന വിധത്തിലേക്ക് എത്തിച്ചത്. പ്രണയത്തിനൊപ്പം വളരെ ഊഷ്മളമായ സൗഹൃദത്തെ കുറിച്ചും സിനിമ പ്രതിപാദിക്കുന്നു. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. വലിയ പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത കഥയാണെങ്കിലും അതിനെ രസകരമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകന്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍