Manjummel Boys Review: സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് തിയറ്ററുകളില്‍. ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ എങ്ങുനിന്നും മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പ്രേമലുവിനും ഭ്രമയുഗത്തിനു ശേഷം മറ്റൊരു മികച്ച സിനിമ കൂടി ഫെബ്രുവരിയില്‍ റിലീസ് ചെയ്തിരിക്കുന്നു എന്നാണ് സിനിമ പ്രേമികള്‍ ഒന്നടങ്കം പറയുന്നത്. പറവ ഫിലിംസിന്റെ ബാനറില്‍ ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈജു ഖാലിദ് ആണ് ക്യാമറ. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിക്കുന്നത്. ജാന്‍ എ മന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ചിദംബരം.
എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുള്ള 11 യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഈ സംഘം കൊടൈക്കനാലിലേക്ക് ഒരു ഉല്ലാസ യാത്ര പോകുന്നു. രസകരമായ ഈ യാത്രക്കിടയില്‍ മഞ്ഞുമ്മല്‍ സംഘം ഗുണ ഗുഹയില്‍ അകപ്പെടുന്നു. അവിടെ നിന്ന് രക്ഷപ്പെടാനുള്ള ഇവരുടെ പരിശ്രമങ്ങളെ ഉദ്വേഗജനകമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍. നര്‍മ്മത്തിനും ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്.
'മഞ്ഞുമ്മല്‍ ബോയ്‌സ് മലയാള സിനിമയുടെ സീന്‍ മാറ്റും' എന്നാണ് റിലീസിനു മുന്‍പ് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യം പറഞ്ഞിരുന്നത്. അത് അച്ചട്ടാകുന്ന തരത്തിലുള്ള മികച്ച സിനിമാറ്റിക് എക്‌സ്പീരിയന്‍സാണ് ചിത്രം നല്‍കുന്നതെന്നും പ്രേക്ഷകര്‍ പ്രതികരിക്കുന്നു. സാങ്കേതിക തലത്തില്‍ ചിത്രം മികച്ച നിലവാരം പുലര്‍ത്തുന്നുവെന്നും തിയറ്ററുകളില്‍ നിന്ന് തന്നെ കാണണമെന്നും ആദ്യ ഷോയ്ക്ക് ശേഷം നിരവധി പേര്‍ പ്രതികരിച്ചു.
കൊച്ചിയിലും തമിഴ്‌നാട്ടിലും ആയാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സലിം കുമാറിന്റെ മകന്‍ ചന്തുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.