Kanguva Movie Review: രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയുടെ സിനിമ തിയറ്ററുകളില്‍. ശിവ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം 'കങ്കുവ'യുടെ ആദ്യ ഷോകള്‍ പൂര്‍ത്തിയായി. കേരളത്തില്‍ പുലര്‍ച്ചെ 4.30 നായിരുന്നു ആദ്യ ഷോ. സൂര്യയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് എന്നാണ് ആദ്യ ഷോയ്ക്കു ശേഷം ലഭിക്കുന്ന പ്രതികരണം.
' തിയറ്ററില്‍ വന്‍ ആവേശത്തോടെയാണ് കങ്കുവ കണ്ടത്. മുതലയുമായി സൂര്യ നടത്തുന്ന ഫൈറ്റ് രംഗങ്ങള്‍ കണ്ടാല്‍ തന്നെ പ്രേക്ഷകര്‍ പൂര്‍ണമായി തൃപ്തിപ്പെടും. ഇതുവരെ കാണാത്ത വിഷ്വല്‍ ട്രീറ്റാണ് കങ്കുവ നല്‍കുന്നത്' ഒരു പ്രേക്ഷകന്‍ ട്വിറ്ററില്‍ കുറിച്ചു.
' വെറും മാസ് സിനിമ മാത്രം പ്രതീക്ഷിച്ചു കങ്കുവയ്ക്ക് ടിക്കറ്റെടുക്കരുത്. ചരിത്രത്തിനും പ്രാധാന്യമുള്ള സിനിമയാണ് ഇത്. മാത്രമല്ല വൈകാരികമായ രംഗങ്ങളും മികച്ചതാണ്' എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.
' ആദ്യ പകുതി എനിക്ക് ശരാശരിയായാണ് തോന്നിയത്. സൂര്യയുടെ സ്‌ക്രീന്‍പ്രസന്‍സ് എടുത്തുപറയണം. വണ്‍മാന്‍ഷോയാണ് സൂര്യ നടത്തിയിരിക്കുന്നത്. അതേസമയം തിരക്കഥയിലെ ന്യൂനതകള്‍ സിനിമയെ ശരാശരിക്ക് മുകളില്‍ മാത്രം എത്തിക്കുന്നു' ഒരു സിനിമാ നിരൂപകന്‍ കുറിച്ചു.
അതേസമയം, കങ്കുവ നിരാശപ്പെടുത്തിയെന്ന് അഭിപ്രായമുള്ളവരും ഉണ്ട്. സിനിമയില്‍ മുഴുവന്‍ വലിയ ശബ്ദകോലാഹലങ്ങള്‍ ആണെന്നും അതുകൊണ്ട് തന്നെ പ്രേക്ഷകനു തലവേദനയുണ്ടാക്കുമെന്നുമാണ് സിനിമ ഇഷ്ടപ്പെടാത്ത ഒരാള്‍ കുറിച്ചത്. സൂര്യയുടെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മറ്റൊന്നും സിനിമയില്‍ ഇല്ലെന്നും ഇയാള്‍ പറയുന്നു.
ശിവയ്ക്കൊപ്പം ആദി നാരായണ, മധന്‍ കര്‍കി എന്നിവര്‍ ചേര്‍ന്നാണ് കങ്കുവയുടെ രചന. സൂര്യക്കൊപ്പം ബോബി ദിയോള്‍, ദിശ പട്ടാണി എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. വെട്രി പളനസ്വാമിയാണ് ഛായാഗ്രഹണം. സംഗീതം ദേവി ശ്രീ പ്രസാദ്.