മനുഷ്യമനസുകളിലെ ഭ്രാന്തുകള്‍ തിരഞ്ഞുള്ള ലിജോയുടെ യാത്രയാണ് ജല്ലിക്കട്ട്. പലര്‍ക്കും പലതരം ഭ്രാന്ത്. പ്രണയവും പ്രതികാരവും കാമവും പകയുമെല്ലാം അടിഞ്ഞടിഞ്ഞ് അതിനുമുകളില്‍ മനുഷ്യനെന്ന ചിരിക്കുന്ന ജന്തുവായി ചലിച്ചുകൊണ്ടിരിക്കുന്നവരുടെ ലോകത്തിലേക്കാണ് അപ്രതീക്ഷിതമായി ഒരു പോത്ത് ഭ്രാന്തെടുത്ത് പാഞ്ഞെത്തുന്നത്. അവരെല്ലാം ആ പോത്തിനെ മെരുക്കാനുള്ള ശ്രമമായി പിന്നീട്.
കാഴ്ചയുടെ ഉത്സവം എന്നൊക്കെ ചില സിനിമകളെ വിളിക്കുന്നത് അവയുടെ നിറപ്പൊലിമയും മേളവും കൊണ്ടാണെങ്കില്‍, അങ്ങനെയുള്ള സിനിമകളെയല്ല ഇനി അത്തരത്തില്‍ വിശേഷിപ്പിക്കേണ്ടത്. ജല്ലിക്കട്ട് കണ്ടുനോക്കുക, കാഴ്ചയുടെ ഉത്സവം അതാണ്. നിഴലും വെളിച്ചവും ഇരുട്ടും, മനുഷ്യരുടെ മതിലും മെരുക്കമില്ലാതെ പായുന്ന പോത്തിന്‍റെ താളവുമെല്ലാം ചേര്‍ന്ന് അങ്ങേയറ്റം വന്യം എന്ന് പറയാവുന്ന സിനിമ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഉത്സവതാളത്തിലേക്ക് പ്രേക്ഷകരുടെ മനസിനെ ആനയിക്കുകയാണ്. കാണുക, കാഴ്ചയുടെ കടല്‍ എന്നൊക്കെ പറയാം ഈ അനുഭവത്തെ.
അങ്കമാലി ഡയറീസിന്‍റെ ക്ലൈമാക്സിലെ ഒറ്റഷോട്ടിന്‍റെ പേരിലാണ് ഗിരീഷ് ഗംഗാധരന്‍ മുമ്പ് പ്രകീര്‍ത്തിക്കപ്പെട്ടതെങ്കില്‍, എനിക്ക് അതിനേക്കാള്‍ പ്രിയപ്പെട്ടത് അങ്കമാലിയിലെ മറ്റ് ചില സീനുകളായിരുന്നു. ആളുകള്‍ ഓടുന്നതിന്‍റെ വഴക്കവും വഴക്കമില്ലായ്മയും പകര്‍ത്താന്‍ ഒരു പ്രത്യേക വിരുതുണ്ടയാള്‍ക്ക്. അത് ലിജോ ഏറ്റവും നന്നായി ഉപയോഗിച്ചിരിക്കുന്നു ജല്ലിക്കട്ടില്‍. ഇവിടെ പോത്ത് ഭ്രാന്തെടുത്ത് ഓടുകയാണ്. അതിനേക്കാള്‍ വേഗത്തില്‍ മനുഷ്യരും. കാടത്തം നിറഞ്ഞുനില്‍ക്കുന്ന ഫ്രെയിമുകളുടെ മാജിക്കാണ് ലിജോയും ഗിരീഷും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.
മനുഷ്യരുടെ രാഷ്ട്രീയമെന്തെന്ന് തിരിച്ചറിയുന്നത് ഒരു പോത്ത് വിരണ്ടോടി നമുക്കടുത്തേക്ക് എത്തുമ്പോഴാണെന്ന് പറയാനാണ് ലിജോ ശ്രമിക്കുന്നത്. വെള്ളപ്പൊക്കം വരുമ്പോള്‍ ആളുകള്‍ ഒന്നിക്കുന്നപോലെ പോത്തിനെ പിടിക്കാനും ആളുകള്‍ ഒന്നിച്ചുകൂടും. അപ്പോഴും വെവ്വേറെ തുരുത്തായി നില്‍ക്കുന്ന ആളുകള്‍. ആ തുരുത്തുകളിലേക്ക് ആഞ്ഞാഞ്ഞുവീശുന്ന ടോര്‍ച്ച് വെളിച്ചമായി ജല്ലിക്കട്ട് എന്ന സിനിമ മാറുന്നു. അസാധാരണമായ അനുഭവമാണ് ഈ സിനിമ. തിയേറ്ററില്‍ നിന്നുമാത്രം അനുഭവിച്ചറിയേണ്ട ചിത്രം. ധൈര്യമായി ടിക്കറ്റെടുക്കാം.