മലയാളത്തിലും തമിഴിലുമെല്ലാമായി ഒട്ടേറെ മികച്ച സിനിമകള്‍ ചെയ്തത് വഴി ഇന്ത്യയാകെ വലിയ ആരാധകരുള്ള താരമാണ് മലയാളികളുടെ ഫഹദ് ഫാസില്‍. തമിഴില്‍ മാമന്നന്‍ എന്ന മാരി സെല്‍വരാജ് സിനിമയ്ക്ക് ശേഷം മാരീസന്‍ എന്ന ഒട്ടും കൊമേഴ്ഷ്യലല്ലാത്ത സിനിമ ഫഹദ് തിരെഞ്ഞെടുത്തപ്പോള്‍ തന്നെ സിനിമയെ പറ്റിയുള്ള ആകാംക്ഷ പ്രേക്ഷകരില്‍ വര്‍ധിച്ചിരുന്നു. തമിഴിലെ ഇതിഹാസ ഹാസ്യതാരമായ വടിവേലുവാണ് സിനിമയില്‍ ഫഹദിനോളം പ്രാധാന്യമുള്ള വേഷത്തിലെത്തുന്നത് എന്നതും സിനിമയുടെ മേലുള്ള കൗതുകം ഉയര്‍ത്തിയിരുന്നു. എന്തായിരുന്നോ ഇത്തരമൊരു കോമ്പിനേഷനില്‍ നിന്നും സിനിമാ ആരാധകര്‍ പ്രതീക്ഷിച്ചത് അത് അങ്ങനെ തന്നെ നല്‍കുന്ന സിനിമയാണ് സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത മാരീസന്.