മുന്നറിയിപ്പിന്റെ ചലച്ചിത്ര ഭാഷയും ദൃശ്യവ്യാകരണവും

വി ഹരികൃഷ്ണന്‍
തിങ്കള്‍, 25 ഓഗസ്റ്റ് 2014 (13:57 IST)
അതിസങ്കീര്‍ണമായ മനുഷ്യമനസിന്റെ ദൃശ്യാവിഷ്കാരമാണ് മുന്നറിയിപ്പ്. ക്ലാസിക് സിനിമയെന്നോ മമ്മൂട്ടിയുടെ തിരിച്ചുവരവെന്നോ സമര്‍ഥിക്കാനോ സ്ഥാപിക്കാനോ അല്ല ഈ കുറിപ്പ്. മറിച്ച് നിങ്ങള്‍ ഈ സിനിമ കാണണമെന്ന ആവശ്യപ്പെടലാണ്. എന്തുകൊണ്ട് കാണണമെന്നല്ല. എന്താണ് ഈ സിനിമ നിറയ്ക്കുന്ന വികാരമെന്നും അപ്രതീക്ഷിത ഇടങ്ങളിലെ നിങ്ങളെ എങ്ങനെ നിയന്ത്രിക്കാ‍നാവുമെന്നും അറിയാന്‍ സിനിമയെ സമീപിക്കുക എന്നു പറയുമ്പോഴാണ് മുന്നറിയിപ്പ് പ്രസക്തമാകുക. 
 
വിരലിലെണ്ണാവുന്ന നടീ‌നടന്മാര്‍, കുറച്ച് ലൊക്കേഷനുകള്‍, അധിക ദീര്‍ഘമില്ലാത്ത സംഭാഷണങ്ങള്‍, ചെറിയ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍. ഇതിലെല്ലാം ഉപരി നിശബ്ദത തളം‌കെട്ടി നില്‍ക്കുന്ന ദൃശ്യങ്ങള്‍. അവ കാഴ്ചക്കാരനില്‍ നിറയ്ക്കുന്ന അസുഖകരമായ താളം കഥയിലേക്ക് എത്തിക്കുന്ന വഴി. കാഴ്ചകള്‍ ഏറെയുണ്ട്, അനുഭവവും. ഒരു ചലച്ചിത്രകാവ്യമെന്ന നിലയില്‍ ആസ്വദിക്കാം പതിവ് ഭാഷ്യങ്ങളില്‍നിന്ന് വ്യതിചലിച്ച ഒരു ആവിഷ്കാരമായി. സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ കഥയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. സംവിധായകന്‍ വേണു തന്നെ ക്യാമറ ചലിപ്പിച്ചിരിക്കുന്നതിനാല്‍ ആശയവും തിരനാടകവും വേര്‍തിരിയാത്ത വിധത്തില്‍ പകര്‍ത്താനായിട്ടുണ്ട് ഓരോ രംഗങ്ങളും. 
 
അടുത്ത പേജില്‍: സി കെ രാഘവന്‍ അഥവാ മമ്മൂട്ടിയുടെ പരകായപ്രവേശം
 
 
 
 

മമ്മൂട്ടിയുടെ പരകായപ്രവേശമാണ് സി കെ രാഘവന്‍ എന്ന തടവ്പുള്ളി. ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ 20 വര്‍ഷമായി ജയിലില്‍ കിടക്കുന്ന രാഘവന് ജയില്‍ ഒരു തടവറയായി അനുഭവപ്പെടുന്നില്ല. ചുരുക്കം ചില സംഭാഷണങ്ങള്‍. അവ വാണിജ്യസിനിമയുടെ ഭാഷയില്‍ വേണമെങ്കില്‍ ‘പഞ്ച് ഡയലോഗ്’ എന്ന് വ്യാഖ്യാനിക്കാമെങ്കിലും ഉത്തരം ക്ലൈമാക്സിലാണ്. രാഘവന് ഒട്ടേറെ സംശയങ്ങളുണ്ട്, സാധാരണ മനുഷ്യനില്ലാത്തവ. അവയെ പ്രതിഫലിപ്പിക്കുന്നതില്‍ ഉണ്ണി ആര്‍ എന്ന തിരക്കഥാകൃത്ത് വഹിച്ച പങ്ക് എടുത്ത് പറയണം. 
 
“സത്യമെന്നത് അശോക സ്തംഭത്തിലെ നാലാമത്തെ സിംഹമാണ്. ആരും അത് അന്വേഷിക്കുന്നുമില്ല കണ്ടെത്തുന്നുമില്ല”- സി കെ രാഘവന്റെ ഈ നിര്‍വചനം മാത്രം മതി ആ വ്യക്തിയുടെ ചിന്താശേഷി അടുത്തറിയാന്‍. മറ്റുള്ളവരുടെ കണ്ണില്‍ അസ്വതന്ത്രനാണെങ്കിലും. ഒരാളുടെ സ്വാതന്ത്ര്യമല്ല മറ്റൊരാളുടേത്- ജയില്‍ ജീവിതത്തെക്കുറിച്ചുള്ള രാഘവന്റെ നിരീക്ഷണം. ‘സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോഴാണ് കലഹം ഉണ്ടാകുന്നത്. ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ലവം നടന്നാല്‍ ചോര വീഴും‘- രാഘവന്റെ തത്ത്വങ്ങള്‍ ഇങ്ങനെയൊക്കെയാണ്. ബിംബകല്‍പ്പനകള്‍ ഒരുപാട് ഉണ്ട് ചിത്രത്തില്‍. അതും പതിവ് ശൈലിയില്‍ നിന്ന് വേറിട്ട് ഒരു പക്ഷേ പ്രേക്ഷകന് പോലും പെട്ടെന്ന് തിരിച്ചറിയാനാകാത്തവിധം.
 
ചത്ത പല്ലിയെ എടുത്തുകൊണ്ടു പോകുന്ന ഉറുമ്പിന്‍ കൂട്ടങ്ങളുടെ ദൃശ്യം തന്നെ അതിന് ഉദാഹരണം. അവ സിനിമയിലേക്കുള്ള പ്രവേശന കവാടമാണ്. അവിടെ നിന്ന് നമ്മള്‍ കാണുന്നത് അഞ്ജലി അറയ്ക്കല്‍(അപര്‍ണ ഗോപിനാഥ്) എന്ന ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തക കെ കെ(പ്രതാപ് പോത്തന്‍)യുടെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുന്നതാണ്. ഒരു തേജ്‌പാല്‍ ലേഔട്ടിലെത്തുന്ന കെ കെ പാര്‍ട്ടിക്കിടെ കാഫ്കയെക്കുറിച്ച് ചോദിക്കുമ്പോള്‍ ആഫ്രിക്കക്കാരനല്ലേയെന്ന് ചോദിക്കുന്ന യുവ മാധ്യമപ്രവര്‍ത്തകന്‍ ഇന്നിന്റെ പ്രതീകമാണ്. ആഴത്തിലുള്ള സാഹിത്യദര്‍ശനവും വീക്ഷണവും ഇല്ലാത്ത പലരും മാധ്യമപ്രവര്‍ത്തകരായി ആഘോഷിക്കപ്പെടുന്നുവെന്ന് പറയാതെ പറയുന്നുണ്ട് ആ ചോദ്യവും ഉത്തരവും. ഇതിനുശേഷം കാഫ്കയുടെ ദി ട്രയലിലെ(ദെര്‍ പ്രൊസസ്) ജോസഫ് കെയാണ് തന്റെ ഇഷ്ടകഥാപാത്രമെന്ന് കെ കെ വ്യക്തമാക്കുന്നു. എന്തിനാണ് തടവ് അനുഭവിക്കുന്നതെന്ന് അറിയാത്ത ജോസഫ് കെ, സി കെ രാഘവനിലേക്കുള്ള ചൂണ്ടപലകയാണ്. കഥാപാത്രത്തിന്റെ എന്‍‌ട്രിക്ക് തിരക്കഥാകൃത്ത് രചിച്ച ബുദ്ധിപൂര്‍വമായ ട്രാക്ക്. 
 
അടുത്ത പേജില്‍: നിഗൂഢതയുടെ താളവും ആശങ്കയും
 
 
 
 
 

തന്റെ കരിയറിന് വേണ്ടി എന്ത് സ്വാര്‍ഥതയും കാട്ടുന്ന മാധ്യമപ്രവര്‍ത്തകയുടെ നേര്‍ചിത്രമാണ് അഞ്ജലി അറയ്ക്കല്‍. ജയിലില്‍നിന്ന് മോചിതനാകുന്ന രാഘവനെ തന്റെ സംരക്ഷണയില്‍ പാര്‍പ്പിക്കുന്ന അഞ്ജലിയുടെ ലക്‍ഷ്യം അയാളിലൂടെ ലഭിക്കുന്ന പേരും പെരുമയുമാണ്. കൊണ്ടാടപ്പെടാനുള്ള അഭിവാഞ്ഛയെന്നും വ്യാഖ്യാനിക്കാം. ഫലത്തില്‍ ഒരു തടവറയില്‍‌നിന്ന് മറ്റൊരു തടവറയിലേക്ക് വന്നതുപോലെയാണ് രാഘവന്റെ ജീവിതവും. വൈകിട്ടത്തെ ഭക്ഷണം നേരത്തെ കിട്ടുമ്പോള്‍ അഞ്ജലിയോട് രാഘവന്‍ വ്യക്തമാക്കുന്നുമുണ്ട്, ‘ജയിലിലും ഇങ്ങനെ തന്നെയാ’. അപര്‍ണ ഗോപിനാഥിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം. കോര്‍പ്പറേറ്റുകളുടെ ലോകത്ത് അകപ്പെട്ടുപോകുന്ന ആധുനിക ലോകത്തിന്റെ ആശങ്കയും മാനസിക സമ്മര്‍ദ്ദവും അഞ്ജലിയിലൂടെ വര്‍ച്ചു കാട്ടുന്നു.
 
മമ്മൂട്ടി ജീവിക്കുകയാണ് രാഘവനിലൂടെ. ഒരു നടന്റെ ഗ്ലാമര്‍, പ്രേക്ഷകനെ ആകര്‍ഷിക്കുന്ന ഗിമ്മിക്കുകള്‍ ഒന്നുമില്ല. ആ‍ടയാഭരണങ്ങള്‍ അഴിച്ചു വച്ചിരിക്കുകയാണ്. രാഘവന്‍ എന്ന മനുഷ്യന്‍ മാത്രമാണുള്ളത്. അയാളുടെ ദയനീയതയും നിസഹായതയും അമിത വിധേയത്വവുമെല്ലാം ഒരു പച്ചയായ മനുഷ്യന്റെയാണ്. അയാള്‍ പങ്ക് വയ്ക്കുന്ന ജീവിത ആദര്‍ശങ്ങളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇത്ര ശക്തമായ ഒരു കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിട്ടില്ല. ദേശീയ അവാര്‍ഡോ അതിന് മുകളിലേക്കോ ഒരു പുരസ്കാരലബ്ധി ലഭിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണിതെന്ന് നിസംശയം പറയാം.  
 
ജയില്‍ സൂപ്രണ്ട് രാമ‌മൂര്‍ത്തി(നെടുമുടി വേണു)യുടെ ആത്മകഥയുമായി ബന്ധപ്പെട്ടാണ് തടവുപുള്ളിയായ രാഘവനെ അഞ്ജലി കണ്ടുമുട്ടുന്നത്. തന്റെ ഭാവിയിലേക്കുള്ള വാതിലാണ് രാഘവന്റെ കഥയെന്ന് അവള്‍ മനസിലാക്കുന്നു. ആദ്യ കൂടിക്കാഴ്ചയില്‍ താന്‍ ആരെയും കൊന്നിട്ടില്ലെന്ന രാഘവന്റെ തുറന്നുപറച്ചിലാണ് അയാളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അഞ്ജലിയെ പ്രേരിപ്പിക്കുന്നത്. അയാളുടെ നിഗൂഢമായ കഥ അനാവരണം ചെയ്യാന്‍ അവള്‍ക്കാവുമോ?. ആ ആകാംക്ഷയും നിഗൂഢതയുടെ ഒരു താളവും കഥയ്ക്കൊപ്പം ഇഴയടുപ്പിക്കാന്‍ ബിജിബാലിന്റെ ബിജി‌എമ്മിന്(ബാക്ക്ഗ്രൌണ്ട് മ്യൂസിക്) കഴിഞ്ഞിട്ടുണ്ട്. 
 
 
അടുത്ത പേജില്‍: പത്മരാജന്റെ അദൃശ്യ സാന്നിധ്യം 
 
 
 
 

ഇത്തരമൊരു പ്രമേയം സിനിമയിലേക്ക് ധൈര്യം കാണിച്ച സംവിധായകനും ഛായാഗ്രാഹകനുമായ വേണു ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു. ചിത്രത്തിന്റെ കഥ വേണുവിന്റേതാ‍ണ്. പത്മരാജന്റെ ഒപ്പം നിന്ന് സിനിമയെ നോക്കിക്കണ്ട വേണുവില്‍ നിന്ന് ഇതില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കേണ്ട. ആദ്യസിനിമയാ‍യ ദയയും വ്യത്യസ്തമായ സിനിമയായിരുന്നു. പത്മരാജന്‍ സിനിമകളുടെ പ്രമേയ വൈവിധ്യവും അപ്രതീക്ഷിതമായ വികാസങ്ങളും. അത് വേണുവിലും ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് സിനിമ കാണുമ്പോള്‍ മനസിലാകും. 
 
മറ്റൊന്ന് പൃഥ്വിരാജിന്റെ അതിഥി വേഷമാണ്. പെണ്ണ് കാണാനെത്തുന്ന ചാക്കോച്ചന്‍ എന്ന അമേരിക്കന്‍ മലയാളി അഞ്ജലിക്ക് മുന്നറിയിപ്പ് നല്‍കുന്ന ഒരു ദൈവദൂതനാണ്. അഞ്ജലിയുടെ ജീവിതത്തിലെ രണ്ട് നിര്‍ണായക അവസ്ഥയിലാണ് ചാക്കോച്ചന്റെ ഇടപെടല്‍ ഉണ്ടാകുന്നത്. അതുപോലെ നാല് സംവിധായകര്‍ കഥാപാത്രങ്ങളായ ചിത്രം മറ്റൊരു സംവിധായകന്‍ നിര്‍മ്മിച്ചുവെന്ന പ്രത്യേകതയുമുണ്ട്. ജോയ് മാത്യു, രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, ജോഷി മാത്യു എന്നിവര്‍ കഥാപാത്രങ്ങളായി എത്തുമ്പോള്‍ നിര്‍മാതാവിന്റെ കുപ്പായം അണിഞ്ഞത് സംവിധായകന്‍ രഞ്ജിത്താണ്. വേണുവിന്റെ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഭാര്യയായ ബീന പോളാണ്. തനിമ ചോരാതെ ഓരോ രംഗവും ഒരുക്കുന്നതില്‍ ഏറെ ശ്രദ്ധ വെച്ചിരിക്കുന്നു. സി കെ രാഘവന്റെ വാക്കുകള്‍ ഒന്നു കൂടി ഓര്‍മിക്കുന്നു: ‘ജീവിതം എന്നുവെച്ചാല്‍ എന്താ? മരണത്തിന് മുന്‍പേയുള്ള ഒരു വെപ്രാളം’. 
 
പിന്‍‌കുറിപ്പ്: ചെന്നൈയിലെ പിവിആര്‍ സിനിമാസില്‍ ചിത്രം കാണാനെത്തുമ്പോള്‍ പ്രതീക്ഷകളൊന്നും വെച്ചിരുന്നില്ല. ചിത്രത്തിന്റെ താളം പിടിക്കാതെ ചില ന്യൂജെന്‍ പിള്ളേര്‍ പിറകിലിരുന്ന് അടിച്ച കമന്റുകള്‍ നിലച്ചത് പെട്ടെന്ന് ആയിരുന്നു. പിന്നെ തീയേറ്ററിലാകെ നിശബ്ദതയായിരുന്നു. പരസ്പരം നോക്കാനാവാ‍തെ ശരീരത്തിലെ രോമങ്ങളെല്ലാം എഴുന്നു നില്‍ക്കുന്നത് വിശ്വസിക്കാനാകാതെ ഞാനും സുഹൃത്തും കൂടി തീയേറ്ററില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ സ്ത്രീജനങ്ങളൊന്നും സീറ്റ് വിട്ടിരുന്നില്ല. അത്രയ്ക്ക് വിഭ്രമിപ്പിച്ചിരുന്നു അവരെ ഈ സിനിമ, എന്നെയും.