ക്രിഞ്ചുകളുടെ പെരുമഴയായ 'ബ്രോ ഡാഡി'; നിരാശപ്പെടുത്തുന്ന പൃഥ്വിരാജ്, നിങ്ങള്‍ ഒരു ഒമര്‍ ലുലുവല്ലെന്ന് ഓര്‍ക്കുക

Webdunia
വ്യാഴം, 27 ജനുവരി 2022 (13:34 IST)
ലൂസിഫറിലൂടെ ക്വാളിറ്റി മേക്കിങ് അറിയുന്ന തരക്കേടില്ലാത്ത സംവിധായകനാണ് താനെന്ന് പൃഥ്വിരാജ് അടയാളപ്പെടുത്തിയിരുന്നു. സിനിമ കാമ്പുകൊണ്ട് ശരാശരി നിലവാരം പുലര്‍ത്തുമ്പോഴും ഫ്രെയ്മുകള്‍ക്ക് പ്രത്യേക ജീവന്‍ നല്‍കി പ്രേക്ഷകനെ മുഷിപ്പിക്കാതിരിക്കാനുള്ള കുശാഗ്ര ബുദ്ധി പൃഥ്വിരാജ് പുലര്‍ത്തിയിരുന്നു. മലയാളത്തിലെ ഏറ്റവും ടോപ്പ് ബ്രാന്‍ഡായ മോഹന്‍ലാലിനെ എങ്ങനെ പ്ലേസ് ചെയ്യണമെന്ന് തനിക്കറിയാമെന്നും ലൂസിഫറിലൂടെ പൃഥ്വിരാജ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബ്രോ ഡാഡി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരുന്നത്. 
 
മലയാള സിനിമയില്‍ വളരെ പ്രോഗ്രസീവ് ആയി ചിന്തിക്കുന്ന നടനാണ് പൃഥ്വിരാജ് എന്ന് പരക്കെ പറച്ചിലുണ്ട്. വിവാദ വിഷയങ്ങളിലെല്ലാം കൃത്യമായ നിലപാട് സ്വീകരിക്കാനും അത് പരസ്യമായി പറയാനും പൃഥ്വിരാജ് യാതൊരു മടിയും കാണിക്കാറില്ല. മാത്രമല്ല സ്ത്രീ വിരുദ്ധ സിനിമകള്‍ ചെയ്യില്ലെന്ന് നിലപാട് എടുത്ത നടന്‍ കൂടിയാണ് പൃഥ്വിരാജ്. അതുകൊണ്ട് തന്നെ ഒരു പൃഥ്വിരാജ് പ്രൊഡക്ടിനെ സാധാരണ പ്രേക്ഷകര്‍ മുതല്‍ വളരെ പ്രോഗ്രസീവ് ആയി ചിന്തിക്കുന്ന വിഭാഗത്തിലുള്ള ആളുകള്‍ വരെ പ്രതീക്ഷയോടെ നോക്കി കാണുന്നു. ആ പ്രതീക്ഷകള്‍ക്കാണ് ബ്രോ ഡാഡി എന്ന തന്റെ രണ്ടാമത്തെ സംവിധാന സംരഭത്തിലൂടെ പൃഥ്വിരാജ് തിരിച്ചടി നല്‍കിയത്. 
 
കൃത്യമായി കോമഡി പ്ലേസ് ചെയ്ത് പ്രേക്ഷകരെ രസിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്ലോട്ട് ബ്രോ ഡാഡിക്കുണ്ടായിരുന്നു. എന്നാല്‍, ആ പ്ലോട്ടില്‍ നിന്നുകൊണ്ട് ക്രിഞ്ചുകളുടെ ഘോഷയാത്രയാണ് പൃഥ്വിരാജ് നടത്തിയത്. സ്ത്രീവിരുദ്ധതയും മനുഷ്യത്ത വിരുദ്ധതയും ഒരു മടിയുമില്ലാതെ സിനിമയില്‍ കുത്തി കയറ്റുന്ന ഒമര്‍ ലുലുവല്ല പൃഥ്വിരാജ്. അതുകൊണ്ട് തന്നെയാണ് പൃഥ്വി ചോദ്യം ചെയ്യപ്പെടുന്നതും. 
 
അബോര്‍ഷന്‍ ഒരു ക്രിമിനല്‍ കുറ്റമല്ലെന്നും സാഹചര്യം ആവശ്യപ്പെട്ടാല്‍ അബോര്‍ഷന്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പുരോഗമന സമൂഹം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ കാലത്താണ് പൃഥ്വിരാജ് നന്മയുടെ സാരോപദേശവുമായി എല്ലാ ശാസ്ത്രീയതകളേയും റദ്ദ് ചെയ്യാന്‍ ശ്രമിക്കുന്നത്. 
 
'ഇതും ഒരു ജീവനാണ്' എന്ന് രണ്ട് മാസം വളര്‍ച്ചയെത്തിയ ഭ്രൂണത്തെ ഉദ്ദേശിച്ച് നടി മീന പറയുന്നുണ്ട്. മകന്‍ പൃഥ്വിരാജിനെ കൊണ്ട് ഉദരത്തില്‍ തൊട്ടു നോക്കിപ്പിച്ചാണ് ഈ ഡയലോഗ് പറയുന്നത്. തന്റെ ഉള്ളില്‍ വളരുന്ന ഭ്രൂണത്തെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ആ സ്ത്രീ തന്നെയാണ്. അത് സ്ത്രീയുടെ ചോയ്‌സ് ആണ്. മറ്റാരുടെയെങ്കിലും പ്രേരണയാല്‍ തീരുമാനിക്കേണ്ട ഒന്നല്ല ഗര്‍ഭധാരണവും മാതൃത്വവും. ' ഇത് എന്റെ ചോയ്‌സ് ആണ്, ഈ കുഞ്ഞിനെ വളര്‍ത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. അതില്‍ അഭിപ്രായം പറയാന്‍ മകനായ നിനക്ക് കൂടി അവകാശമില്ല' എന്ന് മീന പറയേണ്ടിടത്താണ് സെല്ലുകള്‍ മാത്രമായ പുറത്തെടുത്താല്‍ സ്വതന്ത്രമായ നിലനില്‍പ്പില്ലാത്ത ഭ്രൂണത്തെ 'ഇതും ഒരു ജീവനാണ്' എന്ന തരത്തിലുള്ള ഇമോഷണല്‍ ബ്ലാക്ക് മെയിലിങ്ങിലേക്ക് കാര്യങ്ങള്‍ പോകുന്നത്. സിനിമയിലെ പ്രധാന ക്രിഞ്ചും ഇത് തന്നെയാണ്. പൃഥ്വിരാജിനെ പോലൊരു കലാകാരന്‍ പാപബോധ ചിന്ത പ്രൊപ്പഗേറ്റ് ചെയ്യുന്നത് ഒളിഞ്ഞും തെളിഞ്ഞും സിനിമയില്‍ പ്രകടമാണ്. പൃഥ്വിരാജും കല്ല്യാണിയും കണ്‍സള്‍ട്ട് ചെയ്യുന്ന ഡോക്ടര്‍ (മുത്തുമണി സോമസുന്ദരന്‍ ചെയ്ത കഥാപാത്രം) പറയുന്ന ഡയലോഗും അത്തരത്തിലുള്ള ഇമോഷണല്‍ മാനിപ്പുലേഷനാണ്. തന്റെ അടുത്ത് വരുന്നവരില്‍ കൂടുതല്‍ പേരും എങ്ങനെയെങ്കിലും ഒരു കുഞ്ഞ് വേണം എന്ന് ആഗ്രഹിക്കുന്നവരാണെന്നാണ് ഡോക്ടര്‍ പറയുന്നത്. ഒരു ഡോക്ടര്‍ അങ്ങനെ പറയുന്നത് മെഡിക്കല്‍ എത്തിക്‌സിനു തന്നെ ചേരുന്നതല്ലെന്ന് പൃഥ്വിരാജിനെ പോലൊരു സംവിധായകന് അറിയാഞ്ഞിട്ടാകില്ല ! 
 
ഗര്‍ഭധാരണത്തിനു ഒട്ടും പ്ലാന്‍ഡ് അല്ലാത്ത സമയത്ത് ആക്‌സിഡന്റല്‍ പ്രെഗ്നന്‍സി സംഭവിക്കുന്നത് സ്ത്രീകളെ മാനസികമായി ഏറെ തളര്‍ത്തുന്ന കാര്യമാണ്. അത്രയൊന്നും പ്രിവില്ലേജ് ഇല്ലാത്ത സമൂഹത്തില്‍ നിന്നുള്ള സ്ത്രീകള്‍ ഈ ആക്‌സിഡന്റല്‍ പ്രെഗ്നന്‍സിയുമായി മുന്നോട്ട് പോകുന്നത് ഗര്‍ഭധാരണം ദൈവത്തിന്റെ അനുഗ്രഹമാണ്, വയറ്റില്‍ വളരുന്നത് ഒരു ജീവനാണ് തുടങ്ങിയ ഇമോഷണല്‍ മാനിപ്പുലേഷനുകളെ പേടിച്ചാണ്. ബ്രോ ഡാഡിയില്‍ പലയിടത്തായി ഇതേ ഇമോഷണല്‍ മാനിപ്പുലേഷന്‍ വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് പൃഥ്വിരാജ്. സ്ത്രീയെ ഗര്‍ഭിണിയാക്കുന്നത് പുരുഷന്റെ വലിയ കഴിവാണെന്ന തരത്തില്‍ സ്വന്തം അമ്മയുടെ കഥാപാത്രത്തെ കൊണ്ട് തന്നെ പറയിപ്പിച്ച പൃഥ്വിരാജ് എല്ലാ പുരോഗമന ചിന്താഗതികളേയും റദ്ദ് ചെയ്യുന്നുണ്ട്. ഇതേ പൃഥ്വിരാജ് തന്നെയാണ് സിനിമയുടെ അവസാന ഭാഗത്തേക്ക് എത്തുമ്പോള്‍ ഗര്‍ഭ കാലത്ത് അമ്മയും കുഞ്ഞും നേരിടേണ്ടിവരുന്ന മാനസിക പ്രശ്‌നങ്ങളെ കുറിച്ച് ലോകാരോഗ്യസംഘടനയുടെ പോയിന്റുകള്‍ ഉദ്ദരിച്ച് സംസാരിക്കുന്നത് എന്നതും മറ്റൊരു വൈരുദ്ധ്യം ! 
 

അനുബന്ധ വാര്‍ത്തകള്‍

Next Article