Asif Ali Film Kooman Review: മെമ്മറീസും ദൃശ്യവും പോലെ മറ്റൊരു ജീത്തു ജോസഫ് മാജിക്ക്; ത്രില്ലടിപ്പിച്ച് കൂമന്‍, നിര്‍ബന്ധമായും തിയറ്ററുകളില്‍ കാണേണ്ട സിനിമ !

ശനി, 5 നവം‌ബര്‍ 2022 (08:27 IST)
Kooman Film Review: ത്രില്ലറുകള്‍ ചെയ്യുമ്പോള്‍ ജീത്തു ജോസഫില്‍ മാത്രം കണ്ടുവരുന്ന ഒരു സ്പാര്‍ക്ക് ഉണ്ട്. ത്രില്ലര്‍ ഴോണര്‍ ചെയ്യാന്‍ മലയാളത്തില്‍ തന്നെ കടത്തിവെട്ടാന്‍ നിലവില്‍ ആരുമില്ലെന്ന് അടിവരയിടുകയാണ് ജീത്തു കൂമനിലൂടെ. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതിഗംഭീര ത്രില്ലര്‍ ! കുടുംബസമേതം തിയറ്ററില്‍ പോയി കാണേണ്ട ചിത്രം !
 
പതിഞ്ഞ താളത്തിലാണ് ചിത്രത്തിന്റെ തുടക്കം. രണ്ടാം പകുതിയില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന ട്വിസ്റ്റുകള്‍ക്കും സസ്‌പെന്‍സുകള്‍ക്കുമുള്ള ഡീറ്റെയിലിങ്ങാണ് സംവിധായകന്‍ ആദ്യ പകുതിയില്‍ നടത്തുന്നത്. സിനിമ കണ്ടു കഴിഞ്ഞതിനു ശേഷമായിരിക്കും ആദ്യ പകുതി എത്രമാത്രം മുഴുവന്‍ കഥയുമായി കണക്ട് ആണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാകുക. ജീത്തു ജോസഫിന്റെ മുന്‍ ത്രില്ലറുകളുടെ പാറ്റേണും അങ്ങനെ തന്നെയായിരുന്നു. വളരെ ലളിതമായ കഥ പറച്ചിലാണെങ്കിലും ആദ്യ പകുതി പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. 
 
രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ ചിത്രം പൂര്‍ണമായി ഒരു ത്രില്ലറിന്റെ സ്വഭാവം കൈവരിക്കുന്നു. പിന്നീടങ്ങോട്ട് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട് ചിത്രം. പ്രേക്ഷകര്‍ മനസ്സില്‍ സങ്കല്‍പ്പിക്കുന്ന കാര്യങ്ങളേക്കാള്‍ അപ്പുറം പോകുന്നുണ്ട് തിരക്കഥാകൃത്തും സംവിധായകനും കൂടി. സമകാലിക വിഷയങ്ങളെ വളരെ ഗൗരവമായി സിനിമയില്‍ ചര്‍ച്ച ചെയ്യുന്നു. പ്രേക്ഷകരെ കണ്‍വിന്‍സ് ചെയ്യിപ്പിക്കുന്ന ക്ലൈമാക്‌സ് കൂടിയാകുമ്പോള്‍ ഈ വര്‍ഷത്തെ മികച്ചൊരു തിയറ്റര്‍ അനുഭവമാകുന്നുണ്ട് കൂമന്‍. 
 
ആദ്യം കയ്യടി നല്‍കേണ്ടത് ജീത്തു ജോസഫിന് തന്നെയാണ്. നേരത്തെ പറഞ്ഞത് ആവര്‍ത്തിക്കുന്നു, മലയാളത്തില്‍ ത്രില്ലര്‍ ചെയ്യാന്‍ നിലവില്‍ ജീത്തു ജോസഫ് തന്നെയാണ് ഏറ്റവും മിടുക്കന്‍. സംവിധായകന്റെ ബ്രില്ല്യന്‍സ് സിനിമയിലെ ഓരോ സീനിലും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. 
 
തിരക്കഥ രചിച്ചിരിക്കുന്നത് ട്വല്‍ത്ത് മാന്‍ ചിത്രത്തിലൂടെ സുപരിചിതനായ കെ.ആര്‍.കൃഷ്ണകുമാറാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കൃഷ്ണകുമാര്‍ ട്വല്‍ത്ത് മാനിനേക്കാള്‍ മുന്‍പ് പൂര്‍ത്തിയാക്കിയ തിരക്കഥയാണ് കൂമന്റേത്. അങ്ങനെയെങ്കില്‍ സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയം കണ്ടാല്‍ ഏത് പ്രേക്ഷകനും ഞെട്ടിപ്പോകും. സമകാലിക സംഭവത്തെ കൃത്യമായി സിനിമയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. രണ്ട്, മൂന്ന് വര്‍ഷം മുന്‍പ് തയ്യാറാക്കിയ തിരക്കഥയില്‍ ആ വിഷയം വളരെ ഗൗരവമായി പ്രതിപാദിക്കുന്നത് കാണുമ്പോള്‍ പ്രേക്ഷകര്‍ ഞെട്ടുമെന്ന് ഉറപ്പ്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും വിഷ്ണു ശ്യാമിന്റെ സംഗീതവും കയ്യടി അര്‍ഹിക്കുന്നു. സംവിധായകനൊപ്പം സഞ്ചരിക്കാന്‍ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം സാധിച്ചിട്ടുണ്ട്. 
 
ആസിഫ് അലി മലയാളത്തിലെ വളരെ അണ്ടര്‍റേറ്റഡ് അഭിനേതാവാണ്. അദ്ദേഹത്തിന്റെ പല നല്ല കഥാപാത്രങ്ങളും ഇപ്പോഴും മലയാള പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയല്ല. ഒരു കഥാപാത്രത്തിനു വേണ്ടി തന്റെ നൂറ് ശതമാനം സമര്‍പ്പിക്കാന്‍ തയ്യാറായിട്ടുള്ള നടന്‍. കൂമനിലെ കോണ്‍സ്റ്റബിള്‍ ഗിരി എന്ന കഥാപാത്രം ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. മറ്റേത് അഭിനേതാവ് ചെയ്താലും ഗിരി എന്ന കഥാപാത്രം പ്രേക്ഷകരുമായി ഇത്ര കണക്ടഡ് ആകുമോ എന്ന സംശയമാണ്. ഗിരി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെയെല്ലാം എന്ത് ഗംഭീരമായാണ് ആസിഫ് അലി അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നത് ! ക്ലൈമാക്‌സിലെ ആസിഫ് അലിയുടെ പ്രകടനത്തിനു ഒരു ബിഗ് സല്യൂട്ട് ! ഇത്തരത്തിലുള്ള മികച്ച കഥാപാത്രങ്ങള്‍ ആസിഫിന് ഇനിയും ലഭിക്കട്ടെ. 
 
സമീപകാലത്ത് മലയാളികളെ ഞെട്ടിക്കുന്ന പ്രകടനം നടത്തിയ ജാഫര്‍ ഇടുക്കി കൂമനിലും അഴിഞ്ഞാടുകയാണ്. പക്കാ മദ്യപാനിയായി ജാഫറിന്റെ കഥാപാത്രം പ്രേക്ഷകരെ ചിരിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജാഫര്‍ ഇടുക്കിയുടെ ഡയലോഗ് ഡെലിവറിയാണ് എടുത്തുപറയേണ്ടത്. രഞ്ജി പണിക്കര്‍, ബാബുരാജ്, ഹന്ന റെജി കോശി, ബൈജു, മേഘനാഥന്‍ തുടങ്ങിയവരും മികച്ച പ്രകടനം നടത്തി. 
 
നിര്‍ബന്ധമായും തിയറ്റര്‍ എക്‌സ്പീരിയന്‍സ് അര്‍ഹിക്കുന്ന ചിത്രമാണ് കൂമന്‍. ആദ്യ ദിവസം തന്നെ കുടുംബപ്രേക്ഷകര്‍ സിനിമയെ ഏറ്റെടുത്ത കാഴ്ചയാണ് തിയറ്ററുകളില്‍ കാണുന്നത്. മികച്ചൊരു ത്രില്ലര്‍ കാണണമെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും കൂമന് ടിക്കറ്റെടുക്കാം. 
 
റേറ്റിങ് - 4/5 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍