ഹീറോ - യാത്രി ജെസന്‍ എഴുതിയ നിരൂപണം

വെള്ളി, 25 മെയ് 2012 (20:44 IST)
PRO
കഴിഞ്ഞ ദിവസം മലയാളം വെബ്‌ദുനിയ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വാര്‍ത്ത കണ്ണില്‍ തടഞ്ഞു. ‘രഞ്ജിത്തിനെപ്പോലെ ഞാനും മാറും - പൃഥ്വിരാജ്’ എന്നാണ് ടൈറ്റില്‍. പൃഥ്വി മാറ്റത്തിന്‍റെ പാതയിലേക്ക് നീങ്ങുകയാണെന്നാണ് വാര്‍ത്തയുടെ ചുരുക്കം. എങ്കില്‍ പിന്നെ ഈ മാറ്റമൊന്ന് കണ്ടേക്കാം എന്നുകരുതിയാണ് ‘ഹീറോ’ കാണാനെത്തിയത്. ഹീറോ കണ്ടു. ഇനി ആ വാര്‍ത്ത ഒന്നൂടെ വായിച്ചാല്‍... ചിരിച്ചുചിരിച്ച് കണ്ണുകാണാതാകും, ഉറപ്പ്.

ദീപന്‍ സംവിധാനം ചെയ്ത ഹീറോ എന്ന സിനിമ ഒരു ശരാശരി ആക്ഷന്‍ ചിത്രമാണ്. അതിനപ്പുറം ഒന്നുമല്ല. ആളുകളെ ഇടിച്ചുപറപ്പിക്കുന്ന ആക്ഷന്‍ സീനുകള്‍ വയറുനിറച്ചും കാണാം(ഇടിക്കുമ്പോള്‍ ഗുണ്ടകള്‍ പറന്നുപോകുന്ന രംഗങ്ങളെയാണോ നല്ല ആക്ഷന്‍ സീനുകള്‍ എന്ന് വിശേഷിപ്പിക്കേണ്ടത്?). പൃഥ്വിരാജിന് കുറച്ച് മസില്‍ പെരുപ്പിക്കാനായി എന്നല്ലാതെ പ്രത്യേകിച്ചൊരുഗുണവും ഈ സിനിമ ചെയ്യില്ലെന്ന് ഉറപ്പാണ്. ചിത്രത്തില്‍ പൃഥ്വിയേക്കാള്‍ സ്കോര്‍ ചെയ്തത് അനൂപ് മേനോനാണെന്നാണ് ഈയുള്ളവള്‍ടെ അഭിപ്രായം. പൃഥ്വി ആരാധകര്‍ കോപിക്കുമോ എന്തോ?

ഒന്നുരണ്ടു കാര്യങ്ങള്‍ ആദ്യമേ പറയട്ടെ. ഈ സിനിമ ബോറടിപ്പിക്കില്ല. ഈ സിനിമ പുതിയ കുപ്പിയിലെ പഴയ വീഞ്ഞുതന്നെയാണ്. ഈ സിനിമയുടേത് പ്രവചിക്കാവുന്ന കഥയാണ്. ഈ സിനിമയില്‍ പൃഥ്വിരാജിന്‍റെ ഇന്‍‌ട്രൊഡക്ഷന്‍ സൂപ്പറാണ്. ഈ സിനിമ ഹൈ എനര്‍ജി ലെവലില്‍ ചിത്രീകരിച്ചിരിക്കുന്നു. ഈ സിനിമയുടെ ആദ്യ പകുതി കൊള്ളാം. ഈ സിനിമയുടെ രണ്ടാം പകുതി പോരാ. ഈ സിനിമയുടെ ക്ലൈമാക്സിന് ഒരു ഹൈവോള്‍ട്ടേജ് ആക്ഷന്‍ സിനിമയ്ക്ക് വേണ്ട പഞ്ചില്ല.

അടുത്ത പേജില്‍ - കഥ, ഇതാണ് കഥ!

PRO
ടാര്‍സന്‍ ആന്‍റണി എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ആളൊരു ഡ്യൂപ്പ് ആര്‍ട്ടിസ്റ്റ് ആണ്. ഫൈവ് സ്റ്റാര്‍ കോളനിയിലാണ് താമസം. ആന്‍റണിയുടെ ഗുരുവാണ് സ്റ്റണ്ട് മാസ്റ്റര്‍ ധര്‍മ്മരാജന്‍. അദ്ദേഹത്തിന്‍റെ മകളുടെ വിവാഹാവശ്യത്തിന് പണമുണ്ടാക്കുന്നതിനായി ആദിത്യ(അനൂപ് മേനോന്‍) സംവിധാനം ചെയ്യുന്ന ‘ഫൈറ്റര്‍’ എന്ന സിനിമയിലെ ഒരു സ്റ്റണ്ട് രംഗം സംവിധാനം ചെയ്യാനൊരുങ്ങുന്നു. ടാര്‍സന്‍ ആന്‍റണി അദ്ദേഹത്തെ സഹായിക്കാനെത്തുന്നു. പിന്നീട് പതിവ് കാര്യങ്ങള്‍ തന്നെ. ചിത്രത്തിലെ നായിക യാമി ഗൌതമിന് ആന്‍റണിയോട് പ്രേമം. നായകന്‍ പ്രേമാനന്ദിന് (ശ്രീകാന്ത്) അത് സഹിക്കുമോ? പിന്നെ ചതിപ്രയോഗമായി, പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കലായി... ആകെ ബഹളം. അതിനിടെ ടാര്‍സന്‍ ആന്‍റണി ആദിത്യ സംവിധാനം ചെയ്യുന്ന ‘ഹീറോ’ എന്ന ചിത്രത്തില്‍ ഹീറോയുമായി. ആനന്ദലബ്‌ധിക്കിനിയെന്തുവേണം?

‘പുതിയ മുഖം’ എന്ന ചിത്രത്തില്‍ ദീപന്‍ പ്രയോഗിച്ച വിദ്യകള്‍, അതേ ട്രീറ്റ്മെന്‍റാണ് സിനിമയ്ക്ക്. ന്യൂജനറേഷന്‍ സിനിമകള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത് അടിയും ഇടിയുമൊക്കെയായി പഴഞ്ചന്‍ ശൈലിയിലുള്ള പടം. ഹീറോയിസം കണ്ട് കൈയടിക്കുന്നവര്‍ക്ക് ആവേശം പകരാന്‍ പൃഥ്വിരാജ് പരമാവധി ശ്രമിച്ചിട്ടുണ്ട്. അതൊന്നും പക്ഷേ, പോക്കിരിരാജയുടെ അത്രപോലും ഏശുന്നില്ല.

‘ഹിറ്റ്... സൂപ്പര്‍ ഹിറ്റ്... ബമ്പര്‍ ഹിറ്റ്... ഹിറ്റോടുഹിറ്റ്’ എന്നൊക്കെ അലറിവിളിച്ച് പച്ചാളം ഭാസിയായി ജഗതി പാഞ്ഞുനടന്നത് ഉദയനാണ് താരത്തിലാണ്. എന്തായാലും ടാര്‍സന്‍ ആന്‍റണി അഭിനയിച്ച ഹീറോ എന്ന സിനിമയും വന്‍ ഹിറ്റായി മാറുകയാണ്. അത് അങ്ങനെതന്നെ വേണമല്ലോ. ഒറ്റസിനിമകൊണ്ട് വിപ്ലവം. ഭാവിയില്‍ സരോജ്കുമാറിനെപ്പോലെ ടാര്‍സന്‍ ആന്‍റണിയും സൂപ്പര്‍സ്റ്റാറായി മാറുമെന്ന് പ്രതീക്ഷിക്കാം.

അടുത്ത പേജില്‍ - പൃഥ്വിയെ കടത്തിവെട്ടുന്ന അനൂപ് മേനോന്‍

PRO
‘പുതിയ മുഖം’ എന്ന ചിത്രത്തില്‍ പ്രയോഗിച്ച വിദ്യകള്‍ തന്നെയാണ് ദീപന്‍ ‘ഹീറോ’യിലും പ്രയോഗിച്ചതെന്ന് മുന്‍ പേജില്‍ പറഞ്ഞിട്ടുണ്ടല്ലോ. പൃഥ്വിരാജിന്‍റെ അവസ്ഥയും അതുതന്നെ. പുതിയ മുഖത്തില്‍ നിന്ന് ഒരു വളര്‍ച്ചയും ഉണ്ടായിട്ടില്ല. ആക്ഷന്‍ രംഗങ്ങളിലെ പ്രകടനമെല്ലാം ആ ചിത്രത്തെ ഓര്‍മ്മിപ്പിക്കും. പിന്നെ ശരീരം ഇത്തിരി നന്നായിട്ടുണ്ട്. നല്ല മസിലൊക്കെയുണ്ട്. അല്ലാതെ അഭിനയം കൊണ്ട് പ്രേക്ഷകമനസ് കീഴടക്കാന്‍, മലയാളം വെബ്‌ദുനിയയുടെ ഭാഷയില്‍, ‘ബിഗ്സ്റ്റാറി’ന് കഴിഞ്ഞിട്ടില്ല.

എന്നാല്‍ അഭിനയം കൊണ്ട് പൃഥ്വിയെ മറികടന്ന ഒരു താരമുണ്ട് ഹീറോയില്‍. അനൂപ് മേനോന്‍. ആദിത്യ എന്ന സംവിധായകനെ അനൂപ് ഒന്നാന്തരമായി അവതരിപ്പിച്ചു. സിനിമയുടെ നിര്‍ണായക ഘട്ടങ്ങളില്‍ ഭാവോജ്ജ്വലമായ പ്രകടനം കാഴ്ചവച്ചു.

“ഒരു വെള്ളിയാഴ്ച മതി ഒരു നായകനടന്‍റെ തലവിധി 180 ഡിഗ്രി മാറിമറിയാന്‍” എന്ന അനൂപിന്‍റെ ഡയലോഗ് തിയേറ്ററില്‍ കൈയടി നേടി. എന്നാല്‍, ബാലയും തമിഴ് നടന്‍ ശ്രീകാന്തും ശരാശരിയിലും താഴ്ന്ന പെര്‍ഫോമന്‍സാണ് നടത്തിയിരിക്കുന്നത്. ഉദയന്‍ എന്ന സ്റ്റണ്ട് മാസ്റ്ററായി ആദ്യപകുതിയില്‍ നിറഞ്ഞുനിന്ന ബാല പിന്നീട് എവിടെപ്പോയെന്ന് മഷിയിട്ടുനോക്കിയിട്ടുപോലും കാണാനായില്ല. നായിക യാമി ഗൌതവും എടുത്തുപറയത്തക്ക പ്രകടനമൊനും കാഴ്ചവച്ചില്ല. സിനിമയായാല്‍ ഒരു നായിക വേണ്ടേ? അതിനൊരു നായിക!

അടുത്ത പേജില്‍ - അന്ന് വാറുണ്ണിയെ, ഇന്ന് ആന്‍റണിയെ!

PRO
മൃഗയ എന്ന ചിത്രത്തില്‍ വാറുണ്ണിയെ കൊലപ്പെടുത്താന്‍, പുലിവേട്ടയ്ക്കിടെ കയര്‍ അയച്ചുവിടുന്ന ഒരു രംഗമുണ്ട്. ആ രംഗം ഓര്‍മ്മിപ്പിച്ചു, ടാര്‍സന്‍ ആന്‍റണിയെ വകവരുത്താന്‍ ക്രെയിനിലെ റോപ്പ് അഴിച്ചുവിടുന്നത്. ടാര്‍സന്‍ തലയും കുത്തി താഴേക്ക്. അവിടെയാണ് ഇന്‍റര്‍വെല്‍. നായകനല്ലേ? ചെറിയ പോറലുകളോടെ രക്ഷപ്പെട്ടു!

പൃഥ്വിരാജിന്‍റെ ഇന്‍‌ട്രോഡക്ഷന്‍ സീനില്‍ തകര്‍പ്പന്‍ കയ്യടിയായിരുന്നു തിയേറ്ററുകളില്‍. സിനിമയിലെ നായകന്‍ വരുന്ന രംഗം ഇത്രയും സ്റ്റൈലായി ചിത്രീകരിച്ചത് അടുത്തൊരു സിനിമയിലും കണ്ടിട്ടില്ല. ഫൈവ് സ്റ്റാര്‍ കോളനി ആര്‍ക്കോ വില്‍ക്കുന്നു. അതിനെ കോളനിക്കാര്‍ എതിര്‍ക്കുന്നു. ടാര്‍സന്‍ ആന്‍റണി അവിടെയുണ്ട് എന്നതാണ് കോളനിക്കാരുടെ ബലം. അവനെ തട്ടാന്‍ ഗുണ്ടകളെത്തുന്നു. അവരെ നേരിടാന്‍ ടാര്‍സന്‍ ആന്‍റണി വരുന്നതാണ് രംഗം. വളരെ ത്രില്ലിംഗായി ദീപന്‍ അത് ഒരുക്കി.

അതുപോലെ, തന്‍റെ പുതിയ ചിത്രമായ ‘ഹീറോ’യുടെ സ്റ്റണ്ടുമാസ്റ്റര്‍ സ്ഥാനത്തുനിന്ന് ടാര്‍സന്‍ ആന്‍റണിയെ ഒഴിവാക്കണമെന്ന് അനൂപ് മേനോനോട് ശ്രീകാന്ത് ആവശ്യപ്പെടുന്ന രംഗം. എല്ലാവരും പൃഥ്വി സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടും എന്ന് കരുതും. അവിടെ അനൂപ് മേനോന്‍ സ്കോര്‍ ചെയ്തു. ശ്രീകാന്തിനെ സിനിമയില്‍ നിന്ന് നീക്കി. പകരം ടാര്‍സനെ നായകനാക്കി. അവിടെയും കിട്ടി കയ്യടി.

ടാര്‍സന്‍ ആന്‍റണിയുടെ സുഹൃത്ത് ആക്രി സുനിലായി ടിനി ടോമും ബാഷയായി കോട്ടയം നസീറുമൊക്കെയുണ്ട് ചിത്രത്തില്‍. അനൂപ് ചന്ദ്രനെയും കണ്ടു.

അടുത്ത പേജില്‍ - ആഭ്യന്തരമന്ത്രിയുടെ മകനായാലെന്ത്? കളി പൃഥ്വിയോടോ?

PRO
ആഭ്യന്തരമന്ത്രിയുടെ മകന്‍ കൂടിയായ നടന്‍ പ്രേമാനന്ദിനെ(ശ്രീകാന്ത്) അടിച്ചവശനാക്കി ഹീറോയിസം കാട്ടുന്ന ടാര്‍സന്‍ ആന്‍റണി പറയുന്ന ഡയലോഗ് ഗംഭീരമായി - “നീ ആഗ്രഹിച്ച ജീവിതം ഞാന്‍ ജീവിച്ചുകാണിക്കുമ്പോഴാണ് നീ മരിക്കുന്നത്”. ഇങ്ങനെയൊരു ക്ലൈമാക്സൊക്കെ നടക്കുമോ? ആഭ്യന്തരമന്ത്രിയുടെ മകനല്ലേ അവന്‍? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ തിയേറ്ററില്‍ ഉയര്‍ന്നുകേട്ടു. കഥയില്‍ ചോദ്യമില്ല എന്നല്ലേ? പ്രത്യേകിച്ചും പൃഥ്വിരാജ് നായകനായ കഥയില്‍!

എണ്‍പതുകളിലെ മസാല സിനിമകളുടെ ചേരുവകളൊക്കെ ‘ഹീറോ’യില്‍ കൊണ്ടുവരാന്‍ ദീപന്‍ ശ്രമിച്ചിട്ടുണ്ട്. ടാര്‍സന്‍ ആന്‍റണിയുടെ അച്ഛനെ(നെടുമുടി വേണു) ക്വട്ടേഷന്‍ സംഘം കുത്തിക്കൊല്ലുന്നത്, അമ്മയുടെ(കെ പി എ സി ലളിത) മുമ്പിലൂടെ മകനെ അറസ്റ്റുചെയ്തുകൊണ്ടുപോകുന്നത് ഒക്കെ അത്തരം കോമ്പിനേഷനുകളാണ്.

സിനിമയുടെ ഷൂട്ടിംഗ് മുടക്കാനായി വില്ലന് ടാര്‍സന്‍ ആന്‍റണിയെ അറസ്റ്റ് ചെയ്യിക്കണമല്ലോ. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോള്‍ പൊലീസ് വരുന്നതും കോളനിക്കാര്‍ അവരെ തടയുന്നതുമൊക്കെ കണ്ടപ്പോള്‍ ചിരി വന്നു. ഓര്‍മ്മയിലൂടെ, കോളനി പശ്ചാത്തലമായ പല സിനിമകളിലെയും രംഗങ്ങള്‍ കടന്നുപോയി. അതില്‍ നിന്ന് വ്യത്യസ്തമായി എത് കാഴ്ചയുണ്ട് ഹീറോയില്‍?

എന്തായാലും സിനിമ ബോക്സോഫീസ് വിജയമായേക്കും. മാസിന് പടം ഇഷ്ടപ്പെടുമെന്നാണ് തോന്നുന്നത്. എന്തായാലും ‘ഹീറോ’ എന്ന സിനിമ ചൂണ്ടിക്കാണിച്ചാണ് ‘ഞാന്‍ മാറാന്‍ പോകുന്നു’ എന്ന് പൃഥ്വി പ്രഖ്യാപിക്കുന്നതെങ്കില്‍ അത് ഈ പതിറ്റാണ്ടിലെ വലിയ തമാശ തന്നെ എന്ന് പറയാതെ വയ്യ.

വെബ്ദുനിയ വായിക്കുക