തിരുപ്പൂര്‍: പ്ലസ് ടു ഫൈനല്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതിന് പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂര്‍ അമ്മപാളയത്തിലെ രാമകൃഷ്ണ വിദ്യാലയത്തിലെ അധ്യാപകനായ സമ്പത്ത് കുമാറിനെ (34) തിരുപ്പൂര്‍ കൊങ്കുനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂരിലെ വെങ്കമേടിലുള്ള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം നടന്നത്.
ചൊവ്വാഴ്ച നടന്ന അവസാന പരീക്ഷയ്ക്കിടെ പരീക്ഷാ ഷീറ്റുകള്‍ പരിശോധിക്കാനെന്ന വ്യാജേന സമ്പത്ത് കുമാര്‍ തങ്ങളുടെ ശരീരത്തില്‍ ആവര്‍ത്തിച്ച് സ്പര്‍ശിച്ചതായി പെണ്‍കുട്ടികള്‍ ആരോപിച്ചു. ക്ലാസ് മുറിയില്‍ ആറ് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷം പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് നടന്ന സംഭവത്തെക്കുറിച്ച് പറഞ്ഞു.