സെല്ലുലോയ്‌ഡ് - സംവിധായകന്‍റെ സിനിമ

ചൊവ്വ, 19 ഫെബ്രുവരി 2013 (19:35 IST)
PRO
മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന്‍റെയും ആദ്യ നായിക പി കെ റോസിയുടെയും ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് സെല്ലുലോയ്‌ഡ്. യഥാര്‍ത്ഥ സംഭവങ്ങളെയും കഥാപാത്രങ്ങളേയും ആധാരമാക്കി ഇത്തരമൊരു സിനിമ സ്വയം നിര്‍മ്മിച്ച് സംവിധാനം ചെയ്ത കമല്‍ ധീരമായ ഒരു ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത്.

സിനിമ അംഗീകരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യട്ടെ, വ്യത്യസ്തമായ സിനിമകളെ കുറിച്ച് ആലോചിക്കാന്‍ സംവിധായകര്‍ക്കും അത് ചിത്രീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ക്കും കഴിയുന്നു എന്നത് സിനിമ എന്ന മാധ്യമത്തെ സംബന്ധിച്ച് ശുഭകരമായ മാറ്റമാണ്. കമലിനൊപ്പം നിര്‍മ്മാണ പങ്കാളിയായ ഉബൈദും ഇക്കാര്യത്തില്‍ അഭിനന്ദനമര്‍ഹിക്കുന്നു.

എന്നും നല്ല ചിത്രങ്ങളുടെ തോഴനാണ് കമല്‍. ‘മിഴിനീര്‍പൂക്കള്‍’ എന്ന ആദ്യ സിനിമ മുതല്‍ നിലവാരവും കലാമൂല്യവുമുള്ള സിനിമകളൊരുക്കാന്‍ കമലിനായിട്ടുണ്ട്. അതിന്‍റെ ഒരു തുടര്‍ച്ചയായി തന്നെ സെല്ലുലോയ്‌ഡിനെയും കാണാം. നന്നായി ഹോംവര്‍ക്ക് ചെയ്താണ് സിമയെടുത്തിരിക്കുന്നതെന്ന് സിനിമ കാണുന്ന ആര്‍ക്കും മനസ്സിലാകും. മലയാളത്തിലെ ആദ്യ സിനിമയിലെ നായിക പി കെ റോസിയെ കുറിച്ച് വിനു ഏബ്രഹാം എഴുതിയ ‘നഷ്ടനായിക’ എന്ന കൃതിയാണ് സിനിമയ്ക്ക് ആധാരമാക്കിയിരിക്കുന്നത്.

ഒരു നൂറ്റാണ്ടിനിടയിലുള്ള പല കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സിനിമ ആരംഭിക്കുന്നത് 1920കളിലാണ്. ജെ സി ഡാനിയല്‍ മലയാളത്തിലെ ആദ്യ സിനിമ നിര്‍മ്മിക്കാന്‍ പരിശ്രമിച്ചിരുന്ന കാലം. ‘വിഗതകുമാരന്‍’ എന്ന ആദ്യ സിനിമയ്ക്കായി അദ്ദേഹം നടത്തിയ പരിശ്രമവും നേരിട്ട വെല്ലുവിളികളുമാണ് സിനിമയുടെ ആദ്യ പകുതിയിലെ പ്രതിപാദ്യ വിഷയം. വിഗതകുമാരനിലെ നായികയായ പി കെ റോസിയുടെ ജീവിതത്തേയും സിനിമയില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു.

അടുത്ത പേജില്‍ - ചേലങ്ങാടന്‍റെ അന്വേഷണങ്ങള്‍

PRO
ചരിത്രത്തെ ആസ്പദമാക്കിയുള്ള സിനിമയെന്നതിനാല്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന കഥാപാത്രങ്ങള്‍ തന്നെയാണ് സിനിമയിലും പ്രത്യക്ഷപ്പെടുന്നത്. ആദ്യ പകുതിക്ക് ഒരു സിനിമയെന്നതിനേക്കാള്‍ നന്നായി 'ഫിക്ഷണലൈസ്' ചെയ്ത ഒരു ഡോക്യുമെന്ററിയോടാണ് കൂടുതല്‍ സാമ്യം. ചലനാത്മകമല്ലാത്ത ദൃശ്യങ്ങളും നാടകീയമായ സംഭാഷണങ്ങളും ആദ്യ പകുതിയിലുടനീളമുണ്ട്. യാഥാര്‍ത്ഥ്യത്തോട് പരമാവധി നീതിപുലര്‍ത്താനുള്ള ശ്രമമായിരിക്കാമെങ്കിലും ചിലപ്പോഴെങ്കിലും ഇത് അരോചകമായി തോന്നുന്നുണ്ട്. പൃഥ്വിരാജിന്റെ ഡയലോഗ് പ്രസന്റേഷനിലേയും വോയ്സ് മോഡുലേഷനിലേയും പോരായ്മകള്‍ ഇത് കൂടുതള്‍ എടുത്തുകാണിക്കുന്നു.

1920 മുതലുള്ള കാലഘട്ടം സിനിമയില്‍ വരുന്നുണ്ടെങ്കിലും ഒരിടത്തും മാറിയ കളര്‍ടോണ്‍ ഉപയോഗിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സിനിമ എന്ന മാധ്യമത്തെ കാലഭേദമില്ലാതെ കാണിക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ടെങ്കിലും, വ്യത്യസ്തമായ നാലോ അഞ്ചോ കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു സിനിമയെന്ന നിലയില്‍ ആ കാലഘട്ടങ്ങളെ കുറേക്കൂടെ കൃത്യമായി പ്രേക്ഷകനിലെക്കെത്തിക്കാന്‍ കളര്‍ടോണ്‍ വ്യതിയാനത്തിലൂടെ സാധിക്കുമായിരുന്നു.

സിനിമയുടെ രണ്ടാം പകുതി ചുരുളഴിയുന്നത് - ജെ സി ഡാനിയലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടുവന്ന പ്രമുഖ പത്രപ്രവര്‍ത്തകനായ - ചേലങ്ങാട് ഗോപാലകൃഷ്ണന്‍റെ അന്വേഷണങ്ങളിലൂടെയാണ്. ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി കൂടുതല്‍ ചലനാത്മകമാണ്. സിനിമയുടെ ട്രീറ്റ്മെന്റ് തന്നെ രണ്ടാം പകുതിയില്‍ ആദ്യ പകുതിയില്‍ നിന്ന് വ്യത്യസ്തമാണ്. രണ്ടാം പകുതിയില്‍ സിനിമ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ വേഗത്തില്‍ കടന്നു പോകുന്നു. ആദ്യ സിനിമയ്ക്ക് ശേഷം മലയാള സിനിമയുടെ പിതാവിനും അദ്ദേഹത്തിന്റെ സിനിമയ്ക്കും എന്തു സംഭവിച്ചു എന്ന അന്വേഷണമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

അടുത്ത പേജില്‍ - പൃഥ്വി ഇപ്പോഴാണ് നടനായത്!

PRO
സിനിമയില്‍ ജെ സി ഡാനിയല്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പൃഥ്വിരാജാണ്. ജെ സി ഡാനിയലിന്‍റെ രണ്ടുകാലഘട്ടങ്ങളിലെ കഥാപാത്രമായി പൃഥ്വിരാജിനെ സമര്‍ത്ഥമായി കമല്‍ അവതരിപ്പിച്ചിരിക്കുന്നു. കമലിന്റെ ശിഷ്യനായ ലാല്‍ജോസിന്റെ ‘അയാളും ഞാനും തമ്മില്‍’ എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് ശേഷം തനിക്ക് ലഭിച്ച കഥാപാത്രത്തെ സാമാന്യം നന്നായി അവതരിപ്പിക്കാന്‍ പൃഥ്വിരാജിനായിട്ടുണ്ട്. ഫാന്‍സ് അസോസിയേഷനെ തൃപ്തിപ്പെടുത്തുന്ന അതിമാനുഷ കഥാപാത്രങ്ങളിലൂടെ മാത്രം ഒരു നടനും പിടിച്ചു നില്‍ക്കാനാവില്ലെന്ന് പൃഥ്വിരാജിനും ബോധ്യപ്പെടുന്നുവെന്ന് വേണം മനസ്സിലാക്കാന്‍.

ജെ സി ഡാനിയലിന്റെ മരണ രംഗമടക്കം ഓര്‍മ്മിക്കത്തക്കതായ ഏതാനും രംഗങ്ങള്‍ പൃഥ്വിയുടേതായി സിനിമയിലുണ്ട്. എന്നാല്‍ ഡയലോഗ് ഡെലിവറിയുടെ കാര്യത്തില്‍ പൃഥ്വിരാജ് ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. ജെ സി ഡാനിയലിന്റെ ഇളയ മകന്‍ ഹാരിസ് ഡാനിയല്‍ എന്ന കഥാപാത്രത്തേയും പൃഥ്വിരാജ് അവതരിപ്പിച്ചിട്ടുണ്ട്.

ജെ സി ഡാനിയേലിന്റെ ഭാര്യ ജാനറ്റായി മംമ്‌ത വേഷമിട്ടിരിക്കുന്നു. പി കെ റോസിയായി വേഷമിട്ട പുതുമുഖനടി ചാന്ദ്‌നി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. വിഗതകുമാരനിലെ നടനും മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ ‘മാര്‍ത്താണ്ഡവര്‍മ്മ’യുടെ സംവിധായകനുമായ ആര്‍ സുന്ദര്‍രാജായി അഭിനയിച്ച ശ്രീജിത് രവിയാണ് എടുത്തു പറയേണ്ട മറ്റൊരു അഭിനേതാവ്. സുന്ദര്‍രാജിന്റെ വാര്‍ദ്ധക്യ ദശയിലുള്ള കഥാപാത്രമായി ശ്രീജിത്തിന്റെ അച്ഛനും പ്രശസ്ത നടനുമായ ടി ജി രവിയും എത്തുന്നുണ്ട്. ചേലങ്ങാട് ഗോപാലകൃഷ്ണനെന്ന കഥാപാത്രം ശ്രീനിവാസന്റെ കൈകളില്‍ ഭദ്രമാണ്. ദാദാ സാഹിബ് ഫാല്‍ക്കെ, പ്രശസ്ത തമിഴ് നടന്‍ പി സുന്ദരയ്യ, വയലാര്‍ രാമവർമ്മ തുടങ്ങി പല പ്രശസ്ത വ്യക്തികളും സിനിമയിലെ കഥാപാത്രങ്ങളായി കടന്നു വരുന്നുണ്ട്.

അടുത്ത പേജില്‍ - ഇത് സംവിധായകന്‍റെ സിനിമ!

PRO
സിനിമയുടെ കലാസംവിധാനം എടുത്തു പറയേണ്ടതാണ്. 1928 മുതല്‍ 2013 വരെയുള്ള വ്യത്യസ്ത കാലഘട്ടങ്ങള്‍ക്ക് കലാസംവിധായകന്‍ സുരേഷ് കൊല്ലം നല്ല രീതിയില്‍ പശ്ചാത്തലമൊരുക്കിയിരിക്കുന്നു. സിനിമയിലെ മിക്കവാറും രംഗങ്ങള്‍ സെറ്റിട്ടാണ് ചെയ്തിരിക്കുന്നതെന്നത് കലാസംവിധാനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. വ്യത്യസ്തമായ കാലഘട്ടങ്ങള്‍, കഥാപാത്രങ്ങളുടെ വ്യത്യസ്ത ഗെറ്റപ്പുകള്‍, സാമൂഹികവും പ്രാദേശികവുമായ പശ്ചാത്തലം തുടങ്ങിയ നിരവധി വെല്ലുവിളികളെ സമര്‍ത്ഥമായി അതിജീവിക്കാന്‍ മേക്കപ്മാന്‍ പട്ടണം റഷീദിനും കോസ്റ്റ്യൂം ഡിസൈനര്‍ എസ് ബി സതീഷിനും കഴിഞ്ഞു.

കഥാസന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് മികച്ച ഫ്രെയിമുകളൊരുക്കാന്‍ ക്യാമറാമാന്‍ വേണുവിനായിട്ടുണ്ട്, പ്രത്യേകിച്ച് രണ്ടാം പകുതിയില്‍. സെല്ലുലോയ്‌ഡിനായി എം ജയചന്ദ്രന്‍ ഈണമിട്ട പാട്ടുകളും ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നു. കേരളത്തനിമയാര്‍ന്ന ഈണവും ശബ്ദവും സെല്ലുലോയ്‌ഡിലെ പാട്ടുകളെ വേറിട്ട അനുഭവമാക്കുന്നു.

മലയാള സിനിമയില്‍ സമീപകാലത്തുണ്ടായ ഉണര്‍വിനൊപ്പം ഈ ചിത്രത്തേയും ചേര്‍ത്തുവായിക്കാം. ഏത് തരത്തിലുള്ള സിനിമയും സ്വീകരിക്കാന്‍ ഇവിടെ പ്രേക്ഷകരുണ്ട് എന്ന ധൈര്യം സംവിധായകര്‍ക്ക് വീണ്ടെടുക്കാനായിരിക്കുന്നു. ഇവിടെ താരത്തിന്റെയല്ല, സംവിധായകന്റെ സിനിമ സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതില്ലാത്തതായിരുന്നു മലയാള സിനിമ നേരിട്ട പ്രതിസന്ധിയും.

ജെ സി ഡാനിയലിന്റെ ജീവിതത്തോട് നീതി പുലര്‍ത്താന്‍ സംവിധായകനായിട്ടുണ്ട്. പുതുതലമുറ ചിത്രങ്ങള്‍ മാത്രമല്ല, ചരിത്ര സിനിമകളും കാലത്തിനാവശ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് സെല്ലുലോയ്‌ഡിലൂടെ കമല്‍.

വെബ്ദുനിയ വായിക്കുക