ബോയ്സ് എന്ന ചിത്രത്തിലാണ് ജനിലിയ എന്ന നടിയെ ഞാന്‍ ആദ്യമായി കണ്ടത്. കുസൃതിക്കഥാപാത്രങ്ങള് അനായാസമായി ചെയ്യാന്‍ കഴിയുന്ന, യൂത്ത്ഫുള്‍ സിനിമകള്‍ക്ക് ഉപയോഗിക്കാവുന്ന നടി എന്നൊരു അഭിപ്രായം ആ കുട്ടിയെപ്പറ്റി എന്റെ മനസില്‍ രൂപപ്പെട്ടു. പിന്നീട് സന്തോഷ് സുബ്രഹ്മണ്യം, ജാനേ തു യ ജാനേ ന... എന്നീ സിനിമകളില്‍ ജനിലിയയുടെ പ്രകടനം ശ്രദ്ധിച്ചു. അപ്പോഴും അഭിപ്രായം മാറിയില്ല. കുട്ടിത്തമേറെയുള്ള കഥാപാത്രങ്ങള്‍ക്ക് മാത്രം യോജ്യ!
എന്റെ ആ വിശ്വാസത്തെ തകര്ത്തെറിയികയാണ് അറയ്ക്കല്‍ ആയിഷ. ‘ഉറുമി’ എന്ന ചിത്രത്തിലെ വീരാംഗന. ഒരു അഗ്നിപുഷ്പം പോലെ ജ്വലിക്കുന്ന സൌന്ദര്യം. കളരിമുറകളില്‍ അസാമാന്യ പാടവം. ഉറുമി എന്ന സിനിമ നല്കുന്ന അമൂല്യമായ അനുഭവങ്ങളില്‍ ഒന്ന് ഈ നായികയാണ്. ഇതുപോലൊരു നായികാകഥാപാത്രത്തെ മലയാള സിനിമ ഇതേവരെ കണ്ടിട്ടില്ല!
ഉറുമി കാണാന്‍ തിയേറ്ററില്‍ കയറുന്നതിന് മുമ്പ് എനിക്കൊരു കോള്‍ വന്നു. ഒരു പ്രശസ്ത സംവിധായകനാണ് വിളിച്ചത്. ‘വെറുതെ ചരിത്രസിനിമ കണ്ട് സമയം കളയണോ?’ എന്നാണ് കക്ഷിയുടെ ചോദ്യം. ‘ജോലി ഇതായിപ്പോയില്ലേ സാര്‍’ എന്ന് മറുചോദ്യമെറിഞ്ഞ് തിയേറ്ററിലേക്ക് കയറി.
ഇരുളില്‍ ‘ഉറുമി’ തെളിഞ്ഞു. ആ സംവിധായകന് തൊടുത്തുവിട്ട ചോദ്യം ചിന്തയില്‍ വട്ടമിട്ടു. ഇതൊരു ചരിത്ര സിനിമയാണോ? അതോ കാല്‍പ്പനിക സൃഷ്ടിയോ? ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാന്‍ മലയാള സിനിമയുടെ പുതിയ നായകന് തന്നെയെത്തി. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കൃഷ്ണദാസ് എന്ന കഥാപാത്രത്തെയാണ് നമ്മള് ആദ്യം പരിചയപ്പെടുന്നത്! അപ്പോള്‍ കേളു നായനാര്‍ ആരാണ്?
അടുത്ത പേജില്‍ - “THE BOY WHO WANTED TO KILL VASCO DE GAMA!”
PRO
ചരിത്രവും ഭാവനയും പരസ്പരം ചേര്‍ത്തുണ്ടാക്കിയതാണ് ഉറുമിയുടെ കഥ. നിര്‍വാണ എന്ന ഒരു അന്താരാഷ്ട്ര കമ്പനി കൃഷ്ണദാസ്(പൃഥ്വിരാജ്) എന്ന പുതിയ കാലത്തെ ചെറുപ്പക്കാരന് മുന്നിലേക്ക് ഒരു ഓഫര്‍ വയ്ക്കുന്നു. കൃഷ്ണദാസിന്റെ പാരമ്പര്യ സ്വത്തുക്കള്‍ക്ക് നേരെയായിരുന്നു ആ കമ്പനിയുടെ കണ്ണ്. അതേ, നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചിറയ്ക്കല്‍ തറവാട് തന്നെ. ആ സ്വത്ത് കൈമാറുന്നതിന്റെ ആവശ്യത്തിനായി കൃഷ്ണദാസും സുഹൃത്തും(പ്രഭുദേവ) നാട്ടിലെത്തുന്നു.
അവിടെ അയാളെ കാത്തിരുന്നത് തന്റെ പൂര്‍വപരമ്പരയിലെ ഒരു പോരാട്ടത്തിന്റെ വീരകഥയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വാസ്കോ ഡ ഗാമയുടെ അധിനിവേശത്തിനെതിരെ ഒരു പോരാളി, ചിറയ്ക്കല്‍ കൊത്തുവാള്‍(ആര്യ) യുദ്ധത്തിനൊരുങ്ങി. എന്നാല്‍ അയാളെ വധിക്കുകയാണ് ഗാമയുടെ ആളുകള്‍. മാത്രമല്ല, മെക്കയിലേക്കുള്ള ഒരു കപ്പലിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള നിരപരാധികളും കൂട്ടക്കുരുതിക്ക് ഇരയാകുന്നു. അയാളുടെ മകന് കേളു നായനാരുടെ ഉള്ളില്‍ പകയുടെ കനലുകള്‍ ജ്വലിച്ചുതുടങ്ങിയത് അന്നുമുതലാണ്. കപ്പലില്‍ കൊല്ലപ്പെട്ടവരുടെ ആഭരണങ്ങള്‍ ഉരുക്കിച്ചേര്‍ത്ത് അയാളൊരു ഉറുമി പണിതു. അതില്‍ വാസ്കോ ഡ ഗാമയുടെ രക്തം പുരളാനുള്ളതാണെന്ന് പ്രതിജ്ഞയെടുത്തു.
“THE BOY WHO WANTED TO KILL VASCO DE GAMA!”
ഇതാണ് ‘ഉറുമി’ എന്ന സിനിമയുടെ ടാഗ് ലൈന്‍. ഗാമയെ കൊലപ്പെടുത്താനായി ഇറങ്ങിത്തിരിച്ച കേളു നായനാര്‍ക്കൊപ്പം സുഹൃത്തും അഭ്യാസിയുമായ വവ്വാലി(പ്രഭുദേവ), തികഞ്ഞ അഭ്യാസിയായ അറയ്ക്കല്‍ ആയിഷ(ജനിലിയ ഡിസൂസ) എന്നിവരും ചേരുന്നു. അതോടെ പോരാട്ടം തുടങ്ങുകയായി. പറങ്കികളുടെ അധിനിവേശത്തിനെതിരെ നടന്ന, ചരിത്രത്തിലെവിടെയും രേഖപ്പെടുത്താത്ത ഒരു ചെറുത്തുനില്‍പ്പ്. കേളു നായനാരുടെ വീരകഥ!
അടുത്ത പേജില്‍ - വീരഗാഥയും പഴശ്ശിരാജയും മറന്നേക്കുക!
PRO
വടക്കന്‍ വീരഗാഥയോടോ പഴശ്ശിരാജയോടോ ആയിരിക്കും ഉറുമിയെ താരതമ്യപ്പെടുത്താന്‍ ആരും ആദ്യം ശ്രമിക്കുക. എന്നാല്‍ ചിത്രം കണ്ടിറങ്ങുന്നവര്‍ വീരഗാഥയും, പഴശ്ശിരാജയും മറക്കുന്നു. ഏവരുടെയും മനസില്‍ താരതമ്യപ്പെടുത്താനുള്ളത് മറ്റ് രണ്ട് ചിത്രങ്ങളായിരിക്കും. ഹോളിവുഡ് ഇതിഹാസങ്ങളായ ബ്രേവ് ഹാര്‍ട്ട്, ഗ്ലാഡിയേറ്റര്‍ എന്നിവ. മലയാള സിനിമയ്ക്ക് പൃഥ്വിരാജും സന്തോഷ്ശിവനും ചേര്‍ന്ന് സമ്മാനിക്കുന്ന അപൂര്‍വ സൌഭാഗ്യമാണ് ഉറുമി.
ഉറുമി ഒരു വിഷ്വല്‍ വിരുന്നാണ്. മഹാരാഷ്ട്രയിലെ മല്‍സേജ് ഘട്ടിന്റെ വന്യതയും സൌന്ദര്യവുമാണ് നമ്മുടെ കണ്ണോടു ചേരുന്നത്. അവിടെ വിരിയുന്ന ഇതിഹാസക്കാഴ്ചയ്ക്ക് ചാരുതയേറുന്നു. കേളു നായനാരും വവ്വാലിയും അറയ്ക്കല്‍ ആയിഷയും ചിറയ്ക്കല്‍ ബാല(നിത്യാ മേനോന്)യുമെല്ലാം ഏറെക്കാലം പ്രേക്ഷകമനസില്‍ ജീവസ്സാര്‍ന്ന് നില്ക്കുമെന്നതില് സംശയമില്ല.
ആദ്യമായി ‘തോക്ക്’ എന്ന അത്ഭുത ആയുധം കണ്ടപ്പോള്‍, ആദ്യമായി ‘ഇംഗ്ലീഷ്’ എന്ന അപരിചിത ഭാഷ ശ്രവിച്ചപ്പോള്‍, വിദേശവസ്ത്രങ്ങളുടെ മിന്നിത്തിളക്കത്തില്‍ ആദ്യമായി കണ്ണഞ്ചിയപ്പോള്‍, വിദേശികളുടെ പണക്കൊഴുപ്പാര്‍ന്ന ജീവിതം ദര്ശിച്ചപ്പോള് കേരളം എങ്ങനെ പ്രതികരിച്ചു എന്നതിന്റെ മഹത്തായ ദൃശ്യവിവരണം ഈ സിനിമ കണ്ടാല്‍ നമുക്ക് ലഭിക്കുന്നു. അതുകൊണ്ടുതന്നെ ഉറുമി ഒരു അറിവാണ്. വിദേശിയുടെ സാമീപ്യത്തെ ആദ്യമായി മനസിലാക്കിയപ്പോള്‍ ഉണ്ടായ വികാരത്തിന്റെ ഭാഷ സന്തോഷ്ശിവന്‍ നമ്മോട് സംവദിക്കുകയാണ്.
ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. അശോക, ടെററിസ്റ്റ്, ബിഫോര്‍ ദ റെയിന്‍സ് എന്നീ സന്തോഷ് ശിവന് ചിത്രങ്ങളില്‍, അതല്ലെങ്കില്‍ നമുക്കേറെ അടുത്തറിയാവുന്ന അനന്തഭദ്രത്തില്‍ അനുഭവപ്പെട്ട ‘എന്തോ ഒരു കുറവ്’ ഉറുമിയില്‍ അനുഭവപ്പെടില്ല. ചരിത്രത്തെ ഭാവനയുടെ പൊന്‍കാരം ചേര്‍ത്ത് വിളക്കിയെടുത്തിരിക്കുകയാണ് ഉറുമി. ദൃശ്യഭാഷയ്ക്ക് ഈടുറ്റ ഒരു തിരക്കഥയുടെ പിന്‍ബലവുമുണ്ട്. തിരക്കഥ രചിച്ചിരിക്കുന്നത് രഞ്ജിത് സ്കൂളില്‍ നിന്നുള്ള ശങ്കര്‍ രാമകൃഷ്ണന്.
അടുത്ത പേജില്‍ - പൃഥ്വി: ആണ്‍കരുത്തിന്റെ അശ്വമേധം
PRO
ഉറുമി ഒരു വാര് ഫിലിം മാത്രമല്ല. ഇതില്‍ പകയുടെയും പ്രതികാരത്തിന്റെയും തീയുണ്ട്. പ്രണയത്തിന്റെ സുഗന്ധമുണ്ട്. പറങ്കി അധിനിവേശത്തോട് പൊരുതുന്ന നാടന്‍ ജീവിതമുണ്ട്. കേളു നായനാര്‍ എന്ന കഥാപാത്രം ഈ ഘട്ടങ്ങളിലൂടെ എല്ലാം കടന്നുപോകുന്നു. പൃഥ്വിരാജ് മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് ഉറുമിയില്‍. സിനിമ കണ്ടിറങ്ങുമ്പോള്‍ ഹൃദയത്തില്‍ ഉണരുന്ന ഒരു വികാരമുണ്ട്, അതിന് വാചകരൂപം നല്കിയാല് അതിങ്ങനെയായിരിക്കും - ഇവനാണ് മലയാളം കാത്തിരുന്ന നടന്.
അതിഗംഭീരമായ അഭിനയപ്രകടനമാണ് ഈ ചിത്രത്തില്‍ പൃഥ്വി കാഴ്ചവച്ചിരിക്കുന്നത്. ആയോധനകലയുടെ സൌന്ദര്യവും കരുത്തും ഒരു ശതമാനം പോലും ചോര്‍ന്നുപോകാതെയുള്ള അഭ്യാസപ്രകടനങ്ങളാണ് പൃഥ്വി നടത്തുന്നത്. ഇത്ര മെയ്വഴക്കത്തോടെ ഉറുമി എന്ന ആയുധത്തെ കൈകാര്യം ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു എന്ന് അത്ഭുതപ്പെട്ടുപോകും വിധമുള്ള പെര്‍ഫോമന്‍സ്. ചോക്ലേറ്റിലും അര്ജുനന് സാക്ഷിയിലുമൊക്കെ നാം പരിചയപ്പെട്ട പൃഥ്വിരാജ് ഇവിടെ ആളാകെ മാറുകയാണ്. മലയാള സിനിമയിലെ മഹാനടന്മാരോട് മാറ്റുരയ്ക്കാന്‍ പോകുന്ന അഭിനയത്തിളക്കമാണ് ഉറുമിയിലെ പൃഥ്വിയില്‍ കാണാനാകുന്നത്.
പ്രഭുദേവയാണ് എടുത്തുപറയേണ്ട മറ്റൊരു താരം. ഹാസ്യത്തിന്റെ പുതിയ ആവിഷ്കാരമാണ് പ്രഭുദേവ നടത്തുന്നത്. കളിയും കാര്യവും മാറിമാറിവരുന്ന കഥാപാത്രം. മികച്ച അഭ്യാസമുറകളും നൃത്തരംഗങ്ങളും പ്രഭുദേവ നല്‍കുന്നുണ്ട്. നിത്യാ മേനോനുമായുള്ള പ്രണയവും കാഴ്ചാനുഭവമായി.
ചിറയ്ക്കല്‍ രാജാവിന്റെ മന്ത്രിയായാണ് ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നത്. പെണ്ണത്തമുള്ള കഥാപാത്രമാണിത്. എന്നാല്‍ കയ്യിലിരിപ്പോ, ഒരു തനി ഒറ്റുകാരന്. പറങ്കികളുടെ ചാരന്. ചിറയ്ക്കല്‍ രാജാവിന്റെ മരണത്തിന് തന്റേതായ ഒരു പങ്ക് ഇയാള്‍ വഹിക്കുന്നുണ്ട്. ജഗതിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് ഉറുമിയിലേതാണ് നിസംശയം പറയാം.
അടുത്ത പേജില്‍ - വിദ്യാബാലനും തബുവും ആര്യയും
PRO
അന്യഭാഷകളിലെ മാര്‍ക്കറ്റിംഗിനായി ചില താരങ്ങളെ ഈ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേളു നായനാരുടെ പിതാവായി അഭിനയിക്കുന്ന ആര്യയാണ് അതിലൊരാള്‍. വളരെ കുറച്ചുസമയം മാത്രമേ ആര്യയുടെ സാന്നിധ്യമുള്ളൂ. രണ്ട് ഗാനരംഗങ്ങളില്‍ വിദ്യാ ബാലനും തബുവും മിന്നിത്തിളങ്ങി. ഗാനരംഗത്തില്‍ വിദ്യയുടെ പെര്‍ഫോമന്‍സിന് അല്‍പ്പം മാര്‍ക്ക് കൂടുതല്‍ ലഭിക്കും.
“ആരോ നീ ആരോ...” എന്ന പാട്ടാണ് ഉറുമിയിലെ ഗാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. “ചിമ്മി ചിമ്മി...’ എന്ന ഗാനവും കൊള്ളാം. ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. എട്ടോളം ഗാനങ്ങളുണ്ട് ചിത്രത്തില്‍. എന്നാല്‍ പശ്ചാത്തലസംഗീതമാണ് അതിലും ഗംഭീരം. കഥാഗതിയുമായി ഇത്രയും ചേര്‍ന്നുപോകുന്ന പശ്ചാത്തലസംഗീതം അടുത്തകാലത്തൊന്നും മലയാളസിനിമയില്‍ ഉണ്ടായിട്ടില്ല.
പതിനഞ്ചാം നൂറ്റാണ്ടില്‍ നടക്കുന്ന ഒരു കഥ, അതീവ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് സന്തോഷ് ശിവന്. ഈ വിഷ്വല്‍ മാജിക്കിന് തിയേറ്ററില്‍ ലഭിക്കുന്ന വരവേല്‍പ്പും മനസ്സുനിറയ്ക്കുന്നതാണ്. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ആ സംവിധായകനെ തിരികെ വിളിച്ചു ഞാന്‍ - “സാര്‍, ഇതൊരു ചരിത്രസിനിമയല്ല. ഇതാണ് സിനിമ!”