വിസ്മയം - ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന്‍റെ ഉജ്ജ്വലചിത്രം!

നിലാപത്‌മ

വെള്ളി, 5 ഓഗസ്റ്റ് 2016 (16:04 IST)
മോഹന്‍ലാല്‍ ഇന്ന് മലയാളത്തിന്‍റെ മാത്രം താരമല്ല. ഇത്യയില്‍ എല്ലായിടത്തും ആ അഭിനയപ്രതിഭയ്ക്ക് ആരാധകരുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. അതുകൊണ്ടുതന്നെ അന്യഭാഷാ ചിത്രങ്ങള്‍ക്ക് മോഹന്‍ലാല്‍ ഇപ്പോള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒരു സിനിമ ഇന്ന് പുറത്തിറങ്ങി. ‘വിസ്മയം’ എന്നാണ് മലയാളം പതിപ്പിന്‍റെ പേര്. പേരുപോലെ തന്നെ വിസ്മയിപ്പിക്കുന്ന സിനിമയാണിത്.
 
ദേശീയ പുരസ്കാര ജേതാവായ ചന്ദ്രശേഖര്‍ യെലേട്ടി സംവിധാനം ചെയ്ത വിസ്മയത്തില്‍ മോഹന്‍ലാലിന് ഗൌതമിയാണ് നായിക. സായിറാം എന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റ് അസിസ്റ്റന്‍റ് മാനേജരെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഗായത്രി എന്ന വീട്ടമ്മയായി ഗൌതമിയെത്തുന്നു. മഹിത എന്ന വിദ്യാര്‍ത്ഥിനിയായി റെയ്ന റാവുവും അഭിറാം എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയായി വിശ്വന്തും അഭിനയിക്കുന്നു. ഈ നാല് കഥാപാത്രങ്ങളിലൂടെയുള്ള ഇമോഷണല്‍ റൈഡാണ് വിസ്മയം.
 
ഒരുപാട് സാമ്പത്തിക പ്രശ്നങ്ങള്‍ സായിറാമിനെ അലട്ടുന്നുണ്ട്. അതൊക്കെ പരിഹരിക്കാനായി ഇപ്പോള്‍ ജോലി ചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റിലെ മാനേജരാവുകയാണ് അയാളുടെ ലക്‍ഷ്യം. ഗായത്രിക്കാണെങ്കില്‍ തന്‍റെ ജീവിതനിലവാരം ഉയര്‍ത്തണമെന്ന ആഗ്രഹമുണ്ട്. സഹായ മനസ്ഥിതിയുള്ള മഹിതയാകട്ടെ ഒരു തെരുവുകുട്ടിക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള കൈത്താങ്ങ് നല്‍കുന്നു. അഭിറാമിന് ഒരുപാട് ലക്‍ഷ്യങ്ങളുണ്ട് ജീവിതത്തില്‍. എന്നാല്‍ ഒരു പ്രണയത്തില്‍ വീഴുന്നതോടെ അവന്‍റെ ജീവിതം തന്നെ മാറിപ്പോകുന്നു. 

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
മനുഷ്യജീവിതത്തിന്‍റെ നിര്‍ണായക ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന നാല് കഥകളെ അതിസമര്‍ത്ഥമായി ഏകോപിപ്പിക്കുകയാണ് ചന്ദ്രശേഖര്‍ യെലേട്ടി ചെയ്തിരിക്കുന്നത്. ഗംഭീര സിനിമകള്‍ നല്‍കിയ ചരിത്രമുള്ള ചന്ദശേഖറിന്‍റെ വിസ്മയവും അതില്‍ നിന്ന് മാറിനില്‍ക്കുന്നില്ല. അതീവ ഭംഗിയാര്‍ന്ന ഒരു സിനിമയാണ് മോഹന്‍ലാലും ചന്ദ്രശേഖറും ചേര്‍ന്ന് സമ്മാനിച്ചിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. വളരെ ഗൌരവമുള്ള വിഷയങ്ങളെ പ്രേക്ഷകര്‍ക്ക് രസിക്കും വിധം അവതരിപ്പിച്ചിരിക്കുകയാണ് വിസ്മയത്തില്‍.
 
അഭിനേതാക്കളെല്ലാം പ്രേക്ഷകഹൃദയങ്ങളെ സ്പര്‍ശിക്കും വിധം അഭിനയിച്ചുഫലിപ്പിച്ചിരിക്കുന്നു. കഥാപാത്രങ്ങളുടെ സങ്കടങ്ങള്‍ പ്രേക്ഷകരുടെ കണ്ണുനനയിക്കും വിധം വികാരനിര്‍ഭരമാണ്. മോഹന്‍ലാലും ഗൌതമിയും ഉള്‍പ്പടെയുള്ള പ്രധാന താരങ്ങള്‍ തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ ഗണത്തില്‍ പെടുന്നവയെ ആണ് ഈ സിനിമയിലൂടെ നല്‍കുന്നത്.
 
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ, കൃത്യമായി പറഞ്ഞാല്‍ ദൃശ്യത്തിന് ശേഷം, മോഹന്‍ലാലിന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് സായിറാം. അസാധാരണമികവോടെയാണ് അദ്ദേഹം ആ കഥാപാത്രമായി മാറിയിരിക്കുന്നത്. ഈയിടെയായി വല്ലപ്പോഴും മാത്രം കാണാറുള്ള ആ ലാല്‍ മാജിക് വിസ്മയത്തില്‍ സംഭവിച്ചിരിക്കുന്നു. സായിറാം എന്ന കഥാപാത്രത്തിന്‍റെ സന്തോഷവും സങ്കടവും അയാള്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധിയും തിരിച്ചടികളുമെല്ലാം ഒന്നാന്തരമാക്കി മോഹന്‍ലാല്‍.
 
പക്വതയാര്‍ന്ന പ്രകടനമാണ് ഗൌതമിയുടേത്. പാപനാശത്തിന് ശേഷം അതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഒരു പ്രകടനം ഈ അനുഗ്രഹീത അഭിനേത്രിയില്‍ നിന്ന് ലഭിച്ചിരിക്കുകയാണ്. വിശ്വന്തും റെയ്നയും തങ്ങളുടെ വേഷങ്ങള്‍ ഉജ്ജ്വലമാക്കിയിരിക്കുന്നു.
 
രാഹുല്‍ ശ്രീവാസ്തവയുടെ ഛായാഗ്രഹണവും മഹേഷ് ശങ്കറിന്‍റെ സംഗീതവും വിസ്മയത്തെ മറ്റൊരു തലത്തിലെത്തിക്കുന്നു. ജീവിതം നിറഞ്ഞുനില്‍ക്കുന്ന ഒരു എന്‍റര്‍ടെയ്നറായി വിസ്മയത്തെ മാറ്റാന്‍ ചന്ദ്രശേഖര്‍ യെലേട്ടിക്ക് കഴിഞ്ഞു. അദ്ദേഹമെഴുതിയ സംഭാഷണങ്ങള്‍ തന്നെയാണ് സിനിമയുടെ കരുത്ത്. 
 
സമീപകാലത്ത് പ്രദര്‍ശനത്തിനെത്തിയ സിനിമകളില്‍ ഏറ്റവും മികച്ച ഒന്നാണ് വിസ്മയം. കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ധൈര്യമായി ടിക്കറ്റെടുക്കാം.
 
റേറ്റിംഗ്: 4/5

വെബ്ദുനിയ വായിക്കുക