റെഡ് ചില്ലീസ് - സംവിധായകന്‍റെ സിനിമ

Webdunia
ചൊവ്വ, 17 ഫെബ്രുവരി 2009 (14:38 IST)
ഗാരി ഫ്ലെഡറിന്‍റെ സംവിധാനത്തില്‍ മോര്‍ഗന്‍ ഫ്രീമാന്‍ അഭിനയിച്ച് 1997ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് ‘കിസ് ദി ഗേള്‍സ്’. ഈ ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന കഥയും അവതരണ ശൈലിയുമാണ് പുതിയ മലയാള ചിത്രം ‘റെഡ് ചില്ലീസ്’ പിന്തുടരുന്നത്. ചിത്രത്തിന്‍റെ രചന - എ കെ സാജന്‍. സംവിധാനം - ഷാജി കൈലാസ്.

അസ്വാഭാവികമായ സംഭാഷണങ്ങളും മുഹൂര്‍ത്തങ്ങളും സൃഷ്ടിക്കുന്ന പതിവ് ‘സാജന്‍ സ്റ്റൈല്‍’ റെഡ് ചില്ലീസിലും കാണാം. ചിന്താമണി കൊലക്കേസിലും നാദിയ കൊല്ലപ്പെട്ട രാത്രിയിലും സാജന്‍ സ്വീകരിച്ച ശൈലി അദ്ദേഹം ആവര്‍ത്തിക്കുന്നു. കാലമോ പശ്ചാത്തലമോ മുഹൂര്‍ത്തമോ മാറിക്കോട്ടെ, സാജന്‍റെ സംഭാഷണങ്ങള്‍ക്ക് ഒരേ രീതി, ഒരേ താളം.

ഈ തിരക്കഥയില്‍ നിന്ന് വ്യത്യസ്തമായൊരു സിനിമ സൃഷ്ടിക്കുക എന്നതാണ് സംവിധായകന്‍റെ ചുമതല. അക്കാര്യത്തില്‍ ഷാജി കൈലാസ് വിജയിച്ചു. അദ്ദേഹത്തിന്‍റെ സംവിധാനത്തിന് നൂറില്‍ നൂറും അവകാശപ്പെടാം. തിരക്കഥയിലെ കാ‍ടും പടലും വെട്ടിമാറ്റി ഒരു ക്ലീന്‍ ത്രില്ലര്‍ ഒരുക്കിയിരിക്കുന്നു ഷാജി കൈലാസ്.

കൊലപാതകങ്ങളും അവ തീര്‍ക്കുന്ന പ്രശ്നങ്ങളും അവയുടെ കുരുക്കഴിക്കലുമാണല്ലോ മലയാള സിനിമയില്‍ ത്രില്ലര്‍ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ചിന്താമണിയിലെ ഹോട്ട് ഗേള്‍സിന്‍റെ പ്രശ്നങ്ങള്‍ക്ക് സമാനമായ ഒരു പ്രശ്നത്തിലേക്കാണ് സാജന്‍റെ തൂലിക ഇത്തവണയും നായകനെ കൊണ്ടെത്തിക്കുന്നത്. നായകന്‍: ഒമര്‍ എന്നു വിളിക്കപ്പെടുന്ന ഒ എം ആര്‍. ഒയ്യാരത്ത് മഠത്തില്‍ രാമനാഥന്‍ എന്ന് പൂര്‍ണനാമം. ഈ ഒ എം ആറിന്‍റെ മറ്റൊരു വ്യാഖ്യാനമാണ് ചിത്രത്തിലെ പഞ്ച് ഡയലോഗ് - ഒന്നും മറക്കില്ല രാമാ...

‘സാഗര്‍ ഏലിയാസ് ജാക്കി - റീലോഡഡ്’ എന്ന ആക്ഷന്‍ ചിത്രത്തിന് മോഹന്‍ലാല്‍ നടത്തിയ മുന്നൊരുക്കമാണ് റെഡ് ചില്ലീസ് എന്നു പറയാം. ജാക്കിയിലേക്കുള്ള യാത്ര എന്നു കരുതത്തക്കവിധമാണ് താരത്തിന്‍റെ രൂപ ഭാവഭേദങ്ങള്‍. ഓരോ ഫ്രെയിമിലും ‘സ്റ്റൈലിഷ് ലുക്ക്’ നല്‍കി മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിനെ പ്രേക്ഷകരിലെത്തിക്കുകയാണ് ഷാജി കൈലാസ്.

ഒ എം ആര്‍ എന്ന ഒമര്‍ ഒരു ബിസിനസ് സാമ്രാജ്യത്തിന്‍റെ അധിപനാണ്. സിംഗപ്പൂരിലും മധ്യേഷ്യയിലുമായി വ്യാപിച്ചു കിടക്കുകയാണ് അയാളുടെ ബിസിനസ് മേഖല. ശത്രുക്കളുടെ എണ്ണത്തിലും സമ്പന്നനാണ് ഒമര്‍. അയാളെ കേരളത്തിലേക്ക് വരുത്താനുള്ള ചിലരുടെ ലക്‍ഷ്യങ്ങളുടെ ഭാഗമായി കേരളത്തില്‍ ചില അസ്വാഭാവിക സംഭവങ്ങള്‍ അരങ്ങേറുന്നു.

കേരളത്തില്‍ ഒ എം ആറിന് ഒരു എഫ് എം നെറ്റ് വര്‍ക്കുണ്ട്. ഇതിലെ ഒമ്പത് റേഡിയോ ജോക്കികളാണ് ‘റെഡ് ചില്ലീസ്’. ഇവര്‍ ഒമറിനെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. എന്നാല്‍ എല്ലാവരും ആരാധിക്കുന്ന ആളാണ് അദ്ദേഹം. പുതുവര്‍ഷത്തലേന്നാണ് അവരുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്ന സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്.

ഒരു ബലാത്‌സംഗക്കേസിലും പത്തിലധികം പേരുടെ മരണത്തിലും അവര്‍ ഉത്തരവാദിയായി മാറുന്നു. മരിച്ചവരില്‍ രാഷ്ട്രീയ നേതാവ് മാണി വര്‍ഗീസും(തിലകന്‍) ഉള്‍പ്പെടുന്നു. ഇവരെ രക്ഷിക്കാനായി ഒമര്‍ രംഗത്തെത്തുകയാണ്. ഒമറിനെ കേരളത്തില്‍ കിട്ടുക എന്നതു തന്നെയായിരുന്നു ശത്രുക്കളുടെ ലക്‍ഷ്യവും. (ചിന്താമണി ഓര്‍ക്കുക. നിരപരാധികളായ മിര്‍ച്ചി ഗേള്‍സിനെ രക്ഷിക്കാനായി ക്രിമിനല്‍ അഭിഭാഷകന്‍ ലാല്‍ കൃഷ്ണ വിരാഡിയാര്‍ രംഗത്തെത്തുന്നു. ഇവിടെ വിരാഡിയാര്‍ക്ക് പകരം ഒമര്‍. സുരേഷ് ഗോപിക്ക് പകരം മോഹന്‍ലാല്‍). രക്ഷകന്‍റെ വേഷം കെട്ടിപ്പോയില്ലേ. കോടതിയില്‍ അഭിഭാഷകനായും ഒരിക്കല്‍ കസറുന്നുണ്ട് ഒമര്‍.

തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാല്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമയാണ് റെഡ് ചില്ലീസ്. ഒമര്‍ എന്ന കഥാപാത്രത്തെ അനായാസം ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു ‘വീരപുരുഷന്‍’ പ്രതിച്ഛായ ഒമറിന് നല്‍കിയപ്പോള്‍ മറ്റ് കഥാപാത്രങ്ങള്‍ ഒമറിന്‍റെ നിഴലിലേക്ക് ഒതുങ്ങുന്നു.

തിരക്കഥയുടെ ബലമില്ലായ്‌മ പലപ്പോഴും അലോസരമുണ്ടാക്കുന്നുവെങ്കിലും മികച്ച സംവിധാനം അതിനെ മറികടക്കുന്നു. രണ്‍ജി പണിക്കര്‍ക്കോ രഞ്ജിത്തിനോ ശേഷം തനിക്ക് ചേര്‍ന്ന തിരക്കഥാകൃത്തിനെ കണ്ടെത്താന്‍ ഷാജി കൈലാസിന് കഴിഞ്ഞിട്ടില്ല എന്നതിന് മറ്റൊരു ഉദാഹരണമാണ് റെഡ് ചില്ലീസ്.

ഷാജിയാണ് ചിത്രത്തിന്‍റെ ക്യാമറ. ജോഷിയുടെ നരനു ശേഷം ഷാജിയുടെ ഛായാഗ്രഹണ വൈഭവം വിളിച്ചോതുന്ന സിനിമയാണിത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം. “മിഴികളില്‍ നിലാമഴ” എന്ന ഗാനം മാത്രം ഓര്‍മ്മയില്‍ നില്‍ക്കുന്നു.

ഷാജി കൈലാസിന്‍റെ സമീപകാല ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാണ് റെഡ് ചില്ലീസ്. ‘ബോറടിപ്പിക്കില്ല’ എന്ന പ്രേക്ഷകാഭിപ്രായം തന്നെ ഇക്കാലത്ത് ധാരാളം.