മിസ്റ്റര്‍ മരുമകന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Webdunia
PRO
‘മാപ്പിളൈ’ എന്നൊരു രജനീകാന്ത് ചിത്രമുണ്ട്. പിന്നീട് ധനുഷ് അത് റീമേക്ക് ചെയ്യുകയും ചെയ്തു. ‘മിസ്റ്റര്‍ മരുമകന്‍’ എന്ന സിനിമ കാണാന്‍ പോകുമ്പോള്‍ ആ ചിത്രമായിരുന്നു മനസില്‍. അതിന്‍റെ റീമേക്കാകുമോ എന്നും ചിന്തിച്ചു. ദിലീപ് പടമായതുകൊണ്ട് രോഹിണിയെയും കൂട്ടി. അവള്‍ കടുത്ത ദിലീപ് ഫാനാണ്. അവള്‍ മിസ്റ്റര്‍ മരുമകന്‍റെ ഓഡിയോ സി ഡി കൊണ്ടുവന്നിരുന്നു. കാറില്‍ അത് പ്ലേ ചെയ്തപ്പോള്‍ ഒരു ആവേശമൊക്കെ തോന്നി - “മിസ്റ്റര്‍ മരുമകനാണീ വീട്ടിലെന്നും രാജാ രാജാ..”

തിയേറ്ററിലെത്തിയപ്പോള്‍ വലിയ ആള്‍ക്കൂട്ടമൊന്നുമില്ല. മായാമോഹിനിക്ക് കണ്ട തള്ളിക്കയറ്റമില്ല. തിയേറ്റര്‍ മാനേജര്‍ക്കൊപ്പം ചായ കുടിച്ചിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു - “ആദ്യ ദിവസം ആളില്ലാത്തതൊന്നും കാര്യമാക്കേണ്ട. മഴയൊക്കെയല്ലേ. ഇത് ഹിറ്റാവും. ഇവരുടെ മായാമോഹിനീം കാര്യസ്ഥനും കൊള്ളില്ലെന്നൊക്കെ ആളുകള്‍ പറഞ്ഞുപരത്തി. എന്നിട്ടെന്തുണ്ടായി?”.

കക്ഷിയും ദിലീപ് ഫാനാണെന്ന് തോന്നുന്നു. അദ്ദേഹം പറഞ്ഞതില്‍ കാര്യമുണ്ട്. ആ സിനിമകളൊക്കെ എങ്ങനെ ഹിറ്റായി എന്ന് ഞാനും ആലോചിച്ച് വശംകെട്ടിട്ടുണ്ട്. ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം തെരഞ്ഞെടുക്കുന്ന പ്ലോട്ടിന്‍റെ മാസ് സ്വീകാര്യത തന്നെയാണ് ആ സിനിമകളുടെ വിജയകാരണമെന്ന് തോന്നുന്നു. ‘മിസ്റ്റര്‍ മരുമകന്‍’ സംവിധാനം ചെയ്തിരിക്കുന്നത് സന്ധ്യാമോഹനാണ്.

പടം തുടങ്ങി. വളരെ കുറച്ചുപേരേ തിയേറ്ററിലുള്ളൂ. എങ്കിലും ദിലീപിന്‍റെ പേരെഴുതിക്കാണിച്ചപ്പോള്‍ ഗംഭീര കൈയടി. മറ്റ് സൂപ്പര്‍താരങ്ങള്‍ക്കില്ലാത്ത ഒരു ജനപിന്തുണ ദിലീപിനുണ്ട്. ശരിക്കും ജനപ്രിയ നായകന്‍!

അടുത്ത പേജില്‍ - ദിലീപിന്‍റെ നായികയായി സനൂഷ വന്നപ്പോള്‍...!

PRO
ഉദയ്കൃഷ്ണ - സിബി കെ തോമസിന്‍റെ സമീപകാല സിനിമകള്‍ പോലെ തന്നെ ബിഗ് ക്യാന്‍‌വാസിലാണ് മിസ്റ്റര്‍ മരുമകനും ഒരുക്കിയിരിക്കുന്നത്. എന്‍റര്‍ടെയ്‌ന്‍‌മെന്‍റ് മാത്രം പ്രതീക്ഷിച്ചുവരുന്ന പ്രേക്ഷകരെ 100 ശതമാനം തൃപ്തിപ്പെടുത്തുന്നതാണ് മിസ്റ്റര്‍ മരുമകന്‍. പാളിച്ചകള്‍ ഒരുപാടുള്ള തിരക്കഥയാണെങ്കിലും അതിനെയെല്ലാം മറികടക്കുന്ന മാസ്മരിക പ്രകടനവുമായി ദിലീപ്, ബിജുമേനോന്‍, ഖുശ്ബു എന്നിവര്‍ അടിച്ചുപൊളിക്കുകയാണ്. കോമഡികള്‍ പലതും നിലവാരമില്ലാത്തതാണെങ്കിലും ദിലീപിന്‍റെ ചില നമ്പരുകള്‍ക്ക് വലിയ കൈയടിയാണ്.

ചിത്രത്തിന്‍റെ ആദ്യപകുതി കണ്ടിരിക്കാവുന്നതാണ്. രസകരമായി ആദ്യ പകുതി കൊണ്ടുപോകുന്നതില്‍ സന്ധ്യാമോഹന്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം പകുതിയുടെ ആദ്യ ഭാഗങ്ങള്‍ നിരാശപ്പെടുത്തും വിധം സ്ലോ ആണ്. കഥ എങ്ങോട്ടും ചലിക്കാതെ ഇടിച്ചുനില്‍ക്കുന്നു. എന്നാല്‍ ക്ലൈമാക്സിലേക്കെത്തുമ്പോള്‍ വീണ്ടും ഫാസ്റ്റ് പേസിലാകുന്നു. ക്ലൈമാക്സ് ഒരു ഗംഭീര ട്വിസ്റ്റാണ്. അടുത്തകാലത്തൊന്നും ഇങ്ങനെയൊരു ട്വിസ്റ്റ് കണ്ടിട്ടില്ല. അപ്രതീക്ഷിതമായി ഒരു കഥാപാത്രം രംഗപ്രവേശം ചെയ്യുകയാണ്. അതിന്‍റെ ഒരു ഞെട്ടല്‍ തിയേറ്ററിലുണ്ടായി. പിന്നീട് കൈയടി ഉയര്‍ന്നു. ചിലര്‍ ഉച്ചത്തില്‍ കൂവുന്നതും കണ്ടു!

സനൂഷയാണ് മിസ്റ്റര്‍ മരുമകനിലെ നായിക. ദിലീപിന്‍റെ നായികയായി എങ്ങനെ സനൂഷയെ സ്ക്രീനില്‍ പ്രസന്‍റ് ചെയ്തിരിക്കുന്നു എന്നത് കാണാനും ഒരു കൌതുകം ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ സന്ധ്യാമോഹന്‍ വിജയിച്ചു. സനൂഷ തന്‍റെ കഥാപാത്രത്തെ ഭംഗിയാക്കി. ഒരു ചേര്‍ച്ചകേട് എവിടെയും അനുഭവപ്പെട്ടില്ല.

അടുത്ത പേജില്‍ - ഈ മാസ് മസാലയുടെ കഥ

PRO
അശോക് രാജ് എന്നാണ് ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കക്ഷി ‘ഭരതക്ഷേത്ര’ എന്ന നാടകട്രൂപ്പ് നടത്തുകയാണ്. നെടുമുടി വേണുവാണ് ദിലീപിന്‍റെ അച്ഛനായി വേഷമിടുന്നത്. ആ‍കെ കടം കയറി നില്‍ക്കുകയാണ് അശോക് രാജ്. അങ്ങനെയിരിക്കെ ജപ്തി വരികയാണ്. ഭാഗ്യരാജാണ് ജപ്തിക്കായി വരുന്നത്. ഭാഗ്യരാജ് നെടുമുടിയുടെ പഴയ സുഹൃത്താണ്.

രാജ് ഗ്രൂപ്പിലേക്ക് അശോക് രാജ് എത്തിപ്പെടുന്നത് അങ്ങനെയാണ്. രാജ് ഗ്രൂപ്പ് ഭരിക്കുന്നത് അഹങ്കാരികളായ മൂന്ന് സ്ത്രീകളാണ്. രാജമല്ലിക(ഷീല), രാജമല്ലികയുടെ മകള്‍ രാജകോകില(ഖുശ്ബു), രാജകോകിലയുടെ മകള്‍ രാജലക്ഷ്മി(സനൂഷ). രാജലക്ഷ്മിയും അശോക് രാജും കുട്ടിക്കാലത്ത് കളിക്കൂട്ടുകാരായിരുന്നു. അപ്രതീക്ഷിതമായത് സംഭവിച്ചു. അശോക് രാജ് രാജലക്ഷ്മിയെ വിവാഹം കഴിച്ചു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് മിസ്റ്റര്‍ മരുമകന്‍റെ കഥ.

കാര്യസ്ഥന് മായാമോഹിനിയില്‍ ഉണ്ടായ സിനിമയെന്ന് മിസ്റ്റര്‍ മരുമകനെ വിലയിരുത്താം. എന്നാല്‍ ആ സിനിമകളെ അപേക്ഷിച്ച് ഭേദമാണുതാനും. രണ്ടാം പകുതിയില്‍ ചില തമാശകള്‍ സഭ്യതയുടെ അതിര് ഭേദിക്കുന്നുണ്ട്. എന്നാല്‍ ബാച്ച്ലര്‍ പാര്‍ട്ടിയിലെ അശ്ലീല തമാശകള്‍ കണ്ടവര്‍ക്ക് മിസ്റ്റര്‍ മരുമകനിലെ ഡബിള്‍ മീനിംഗ് ഡയലോഗുകള്‍ അത്ര പ്രശ്നമായി തോന്നില്ല.

അടുത്ത പേജില്‍ - ബിജുമേനോന്‍ കസറി, ബാബുരാജ് ഏറ്റില്ല!

PRO
ദിലീപ് കഴിഞ്ഞാല്‍ മിസ്റ്റര്‍ മരുമകനില്‍ ഏറ്റവും തിളങ്ങിയത് ബിജു മേനോനാണ്. ദിലീപിന്‍റെ ജ്യേഷ്ഠനായാണ് ബിജു എത്തുന്നത്. ബിജുവിന്‍റെ എന്‍‌ട്രിക്കും പിന്നീട് ഓരോ ഡയലോഗിനും കൈയടിയാണ്. രാജാ ഗ്രൂപ്പിന്‍റെ വക്കീലായി ബാബുരാജ് എത്തുന്നു. ബാബുരാജിന്‍റെ ഇന്‍‌ട്രൊഡക്ഷനും ഗംഭീര കൈയടി കിട്ടി. എന്നാല്‍ തുടര്‍ന്നുള്ള നമ്പരുകള്‍ പ്രേക്ഷകര്‍ കൂക്കിവിളിച്ചാണ് എതിരേറ്റത്.

സനൂഷയെ വളച്ചെടുക്കാനായി ബാബുരാജ് ഏര്‍പ്പാടാക്കുന്നയാളായാണ് സുരാജ് എത്തുന്നത്. സുരാജിനും ശോഭിക്കാനായില്ലെന്ന് പറഞ്ഞാല്‍ മതിയല്ലോ. കുക്ക് ആയി എത്തുന്ന സലിം‌കുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ഷീല, ഖുഷ്ബു, സനൂഷ ത്രയത്തില്‍ ഖുഷ്ബുവാണ് മികച്ചുനിന്നത്. ഖുഷ്ബു - ദിലീപ് പോരാട്ടമൊക്കെ രസകരമായി. എന്നാല്‍ ഷീലയ്ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

ചിത്രത്തിലെ ഗാനങ്ങള്‍ ശരാശരിക്ക് മേലെ പോയില്ല. ഒരു ഇടവേളയ്ക്ക് ശേഷം എത്തിയ സുരേഷ് പീറ്റേഴ്സ് നിരാശപ്പെടുത്തി. എന്നാല്‍ പശ്ചാത്തല സംഗീതം സൂപ്പറായിരുന്നു.

സന്ധ്യാമോഹന്‍ മുമ്പ് ‘അമ്മ അമ്മായിയമ്മ’ എന്നൊരു ചിത്രം ചെയ്തത് ഓര്‍മ്മ വരുന്നു. അത് ചിരിക്കാന്‍ വകയുള്ള ഒരു ചിത്രമായിരുന്നു. എന്തായാലും അതിനോട് സാദൃശ്യമുള്ള കഥ തന്നെയാണ് മിസ്റ്റര്‍ മരുമകനും. എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ അമ്മായിയമ്മയില്‍ നിന്ന് മരുമകനിലേക്കെത്തിയപ്പോള്‍ സന്ധ്യാമോഹന്‍ ഏറെ മുന്നേറിയിരിക്കുന്നു.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്