വളരെ പെട്ടെന്ന് സിനിമകള്‍ സൃഷ്ടിക്കുന്ന സംവിധായകനാണ് വി കെ പ്രകാശ്. അതില്‍ നല്ല സിനിമകളും മോശം സിനിമകളും ഉണ്ടാവും. എന്നാല്‍ സിനിമയുടെ വിജയപരാജയങ്ങള്‍ വി കെ പ്രകാശിനെ ബാധിക്കാറേയില്ല എന്നാണ് തോന്നാറ്. കാരണം, അദ്ദേഹത്തില്‍ നിന്ന് എപ്പോഴും സിനിമകള്‍ വന്നുകൊണ്ടേയിരിക്കുന്നു.
‘മരുഭൂമിയിലെ ആന’യാണ് പുതിയ റിലീസ്. വികെപിയുടെ പതിവ് എഴുത്തുകാരില്‍ ഒരാളായ വൈ വി രാജേഷാണ് ഈ സിനിമയുടെ തിരക്കഥാകൃത്ത്. ബിജുമേനോന്‍ നായകനായ സിനിമയുടെ നിര്‍മ്മാണം ഡേവിഡ് കാച്ചപ്പിള്ളിയാണ്.
ബിജുമേനോന്‍ അവതരിപ്പിക്കുന്ന മലയാളി ഷെയ്ക്കും കൃഷ്ണ ശങ്കര്‍ അവതരിപ്പിക്കുന്ന സുകു എന്ന കഥാപാത്രത്തെയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥാ പരിസരമാണ് മരുഭൂമിയിലെ ആനയ്ക്കുള്ളത്.
എന്നാല്‍ വ്യത്യസ്തമായ കഥയെ ബോറടിപ്പിക്കാത്ത സിനിമയാക്കി മാറ്റുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു. കഥയിലെ മുഹൂര്‍ത്തങ്ങള്‍ അസ്വാഭാവികവും കഥാഗതിയോട് ചേര്‍ന്നുനില്‍ക്കാത്തതുമായപ്പോള്‍ വിരസമായ അനുഭവമായി മരുഭൂമിയിലെ ആന മാറി.
ബിജുമേനോന്‍റെ ചില ഡയലോഗുകള്‍ തിയേറ്ററുകളില്‍ ഗംഭീര പ്രതികരണം സൃഷ്ടിച്ചു എന്നതല്ലാതെ, മറ്റ് ഡയലോഗുകള്‍ പ്രേക്ഷകരെ അടുപ്പിച്ചുനിര്‍ത്തുന്നവ ആയില്ല. ശരാശരി നിലവാരം പോലും പുലര്‍ത്താത്ത തിരക്കഥയാണ് സിനിമയ്ക്ക് വിനയാകുന്നത്.
സംവിധായകന്‍ എത്രശ്രമിച്ചാലും രക്ഷിച്ചെടുക്കാനാകാത്ത തിരക്കഥയില്‍ സൃഷ്ടിച്ചെടുത്ത സിനിമ പലപ്പോഴും പ്രേക്ഷകര്‍ക്ക് വലിയ ബോറടി സമ്മാനിക്കുന്നു.
ബിജുമേനോന്‍ മാത്രമാണ് ഈ സിനിമയുടെ പ്ലസ് പോയിന്‍റ്. തനിക്ക് ലഭിച്ച കഥാപാത്രത്തെ ഒന്നാന്തരമാക്കിയിട്ടുണ്ട് ബിജു. എന്നാല്‍ ദുര്‍ബലമായ ഒരു സിനിമയിലെ കേന്ദ്ര കഥാപാത്രവും ഒടുവില്‍ സിനിമയ്ക്കൊപ്പം പ്രേക്ഷകരുടെ അപ്രീതി പിടിച്ചുപറ്റുമെന്നത് സ്വാഭാവികമാണ്.
കൃഷ്ണശങ്കര്‍, ബാലു വര്‍ഗീസ്, ലാലു അലക്സ്, സുനില്‍ സുഗത തുടങ്ങിയവര്‍ കഥാപാത്രങ്ങളായി തിളങ്ങുന്നുണ്ട്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ഛായാഗ്രഹണം സിനിമയുടെ ആഖ്യാനത്തോട് ചേര്‍ന്നുപോകുന്നുണ്ട്. രതീഷ് വേഗയുടെ സംഗീതം ശരാശരിയിലൊതുങ്ങുന്നു.
മരുഭൂമിയിലെ ആന കേരളത്തില്‍ വരാതെ മരുഭൂമിയിലൊക്കെ മേഞ്ഞ് നടന്നാല്‍ പോരേയെന്ന് പ്രേക്ഷകരെ കൊണ്ട് ചോദിക്കുന്ന സിനിമ ബിജു മേനോന്‍റെയോ വി കെ പിയുടെയോ കരിയറില്‍ പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടാക്കില്ലെന്ന് തീര്‍ച്ച.