പേടിപ്പിക്കുന്ന, ചിരിപ്പിക്കുന്ന ‘പ്രേതം’; അടിപൊളി സിനിമ!

ശനി, 13 ഓഗസ്റ്റ് 2016 (17:13 IST)
തമിഴകത്താകെ പ്രേതങ്ങളാണ്. ഹൊറര്‍ സിനിമകളുടെ മാമാങ്കം നടക്കുകയാണ് അവിടെ. നവാഗത സംവിധായകരെല്ലാം തങ്ങളുടെ ആദ്യ സിനിമയായി ആലോചിക്കുന്നത് ഹൊറര്‍ സബ്ജക്ട്. പണം വാരണമെന്ന ചിന്താഗതിയുള്ള നിര്‍മ്മാതാക്കള്‍ സംവിധായകരോട് ആവശ്യപ്പെടുന്നത് ഹൊറര്‍ സബ്‌ജക്ട്. തമിഴില്‍ മിനിമം ഗ്യാരണ്ടിയുള്ള ജോണറായി ഹൊറര്‍ മാറിക്കഴിഞ്ഞു.
 
മലയാളത്തില്‍ ഇത് അത്ര വലിയ തരംഗമൊന്നുമായിട്ടില്ല. ഇവിടെ ഒരു ചെയ്ഞ്ചിന് വേണ്ടിയാണ് സംവിധായകര്‍ ഹൊററിലേക്ക് തിരിയുന്നത്. സംവിധായകന്‍ രഞ്ജിത് ശങ്കറിനും തന്‍റെ പുതിയ ചിത്രം അത്തരത്തില്‍ ഒരു ചെയ്ഞ്ചാണ്. ‘പ്രേതം’ എന്നുതന്നെ പേരിട്ടിരിക്കുന്ന സിനിമ പിന്നെ എന്തിനെപ്പറ്റിയാണ് പറയുന്നതെന്ന് വ്യക്തമാക്കേണ്ടതില്ലല്ലോ.
 
ജയസൂര്യ മെന്‍റലിസ്റ്റായി അഭിനയിക്കുന്ന സിനിമ ഒരു മികച്ച ചലച്ചിത്രാനുഭവമാണ്. സമീപകാലത്ത് ഒരു സിനിമയും സമ്മാനിച്ചിട്ടില്ലാത്ത എന്‍റര്‍ടെയ്ന്‍‌‌മെന്‍റ് ഈ സിനിമ നല്‍കുന്നുണ്ട്. മൂന്ന് സുഹൃത്തുക്കളുടെയും ജോണ്‍ ഡോണ്‍ ബോസ്കോ എന്ന മെന്‍റലിസ്റ്റിന്‍റെയും കഥയാണ് ‘പ്രേതം’. അജു വര്‍ഗീസ്, ജിപി, ഷറഫുദ്ദീന്‍ എന്നിവരാണ് മൂന്ന് സുഹൃത്തുക്കളെ അവതരിപ്പിക്കുന്നത്.
 
ഈ സുഹൃത്തുക്കള്‍ ഒരു ബീച്ച് റിസോര്‍ട്ട് വിലയ്ക്ക് വാങ്ങുന്നതും അവിടെ ചില അസ്വാഭാവിക ശക്തികളുടെ സാന്നിധ്യം അനുഭവപ്പെടുകയും ചെയ്യുന്നതോടെയാണ് സിനിമയുടെ കഥയില്‍ ട്രാക്കുമാറ്റമുണ്ടാകുന്നത്. ഒടുവില്‍ ഒരു മെന്‍റലിസ്റ്റ് അവരുടെ ജീവിതത്തിലേക്ക് വരുന്നു. ആ റിസോര്‍ട്ടില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മെന്‍റലിസ്റ്റിന് കണ്ടെത്താനാകുമോ എന്നാണ് സിനിമ അന്വേഷിക്കുന്നത്.
 
ഒരു ഹൊറര്‍ സിനിമ എന്നാല്‍ എങ്ങനെയായിരിക്കണമെന്നുള്ള മുന്‍‌ധാരണകളെയെല്ലാം പൊളിച്ചെഴുതുകയാണ് പ്രേതം എന്ന സിനിമ. അഞ്ചുമിനിറ്റ് ഇടവിട്ട് പ്രേക്ഷകരെ പേടിപ്പിച്ചുകളയാമെന്ന ലക്‍ഷ്യത്തോടെയുമല്ല സംവിധായകന്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. അങ്ങേയറ്റം രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. അപ്രതീക്ഷിതമായി നമ്മള്‍ ഭയപ്പെടുന്ന രീതിയില്‍ ചില രംഗങ്ങള്‍ വരുന്നുമുണ്ട്.
 
ഈ സിനിമയില്‍ ഒരു പ്രേതമുണ്ടോ എന്ന് ചോദിക്കുന്നതിന് മുമ്പുതന്നെ പറയാം. അതൊക്കെ സസ്പെന്‍സാണ്, പ്രേതം ഉണ്ടോ ഇല്ലയോ എന്ന്. പക്ഷേ, ഈ സിനിമയില്‍ ഒരു സംവിധായകന്‍റെ ശക്തമായ സാന്നിധ്യമുണ്ട്. അത്രമാത്രം കൈയടക്കത്തോടെയാണ് രഞ്ജിത് ശങ്കര്‍ ഓരോ സീനും കണ്‍സീവ് ചെയ്തിരിക്കുന്നത്. അതിഗംഭീരമായ ഡയലോഗുകളാണ് ഈ സിനിമയുടേ പ്രത്യേകത. ഷറഫുദ്ദീന്‍റെയും അജു വര്‍ഗീസിന്‍റെയും ഓരോ ഡയലോഗിനും കൈയടിയുടെ പൂരമാണ്.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
ഒരു ഹൊറര്‍ സിനിമയുടെ ഏറ്റവും വലിയ വെല്ലുവിളി അത് അസാധാരണ സംഭവങ്ങള്‍ ഏവരും വിശ്വസിക്കുന്ന രീതിയില്‍ പ്രസന്‍റ് ചെയ്യുന്നുണ്ടോ എന്നതാണ്. ‘പ്രേതം’ എന്ന ചിത്രത്തിലെ ഓരോ സംഭവങ്ങളും നമ്മള്‍ എവിടെയോ നടന്നിട്ടുള്ളതുപോലെ വിശ്വസിക്കും. എല്ലാ സംഗതികള്‍ക്കും ലോജിക്കുണ്ട്. ഇതെന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് ആലോചിച്ച് തല കത്തിക്കേണ്ട സ്ഥിതി പ്രേക്ഷകര്‍ക്ക് ഉണ്ടാക്കുന്നില്ല ഈ ചിത്രം. മണിച്ചിത്രത്താഴിലൊക്കെ നമ്മള്‍ മതിമറന്ന് ആഘോഷിച്ച ഹൊററും കോമഡിയും മിക്സ് ചെയ്തുള്ള പരീക്ഷണം രഞ്ജിത് ശങ്കര്‍ വിജയകരമായി പ്രയോഗിക്കുകയാണ് പ്രേതത്തില്‍.
 
ജോണ്‍ ഡോണ്‍ ബോസ്കോ എന്ന മെന്‍റലിസ്റ്റായി ജയസൂര്യ തകര്‍ത്തഭിനയിക്കുന്നു എന്നതുതന്നെയാണ് പ്രേതത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഒരു നിമിഷം പാളിപ്പോയാല്‍ ആകെ കൈവിട്ടുപോകാവുന്ന കഥാപാത്രത്തെ അസാധാരണമായ മിഴിവോടെ സ്ക്രീനില്‍ അവതരിപ്പിച്ചിരിക്കുകയാണ് ജയസൂര്യ. ചില സിനിമകളില്‍ ഈ നടന്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കും. അത്തരത്തില്‍ ഒന്നാണ് ‘പ്രേതം’.
 
അജു, ജിപി, ഷറഫുദ്ദീന്‍ ടീം അടിച്ചുപൊളിക്കുകയാണ് ചിത്രത്തില്‍. ധര്‍മ്മജന്‍, ഹരീഷ് പേരടി, സുനില്‍ സുഗത തുടങ്ങിയവരും ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
 
ഭയപ്പെടുത്തുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സിനിമയ്ക്ക് ഏറ്റവും അനുയോജ്യമാണ് ജിത്തു ദാമോദറിന്‍റെ ഛായാഗ്രഹണം. ആനന്ദ് മധുസൂദനന്‍റെ സംഗീതവും മികച്ചതാണ്.
 
റേറ്റിംഗ്: 4/5

വെബ്ദുനിയ വായിക്കുക