ഒരു ചിന്താവിഷ്ടയായ ശ്യാമള പ്രതീക്ഷിച്ച് തിയേറ്ററിലെത്തുകയാണെങ്കില്‍ പ്രേക്ഷകരെ അങ്ങേയറ്റം നിരാശപ്പെടുത്തുന്ന സിനിമയാണ് 'നഗരവാരിധി നടുവില്‍ ഞാന്‍'. ശ്രീനിവാസന്‍റെയും സംഗീതയുടെയും സാന്നിധ്യമുണ്ടെന്നേയുള്ളൂ, 'ശ്യാമള'യുടെ മികവിന്‍റെ പരിസരത്തെങ്ങുമെത്തുന്നില്ല ഈ ചിത്രം.
നവാഗതനായ ഷിബു ബാലനാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വലിയ ഇടവേളയ്ക്ക് ശേഷം ശ്രീനിയുടെ തിരക്കഥ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനിക്കുന്ന ഒരു ക്യൂരിയോസിറ്റിയുണ്ടല്ലോ. അതപ്പാടെ തകര്‍ത്തുകളയുന്ന ചിത്രമാണ് നഗരവാരിധി. ഇതില്‍ നര്‍മ്മമില്ല, നര്‍മ്മത്തിനുവേണ്ടിയുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ മാത്രം. നല്ലൊരു ആശയത്തെ വിരസമായി ആവിഷ്കരിച്ചിരിക്കുകയാണ് ചിത്രത്തില്‍.
ഗള്‍ഫില്‍ നിന്ന് നിതാഖത്തിനെ തുടര്‍ന്ന് നാട്ടിലെത്തുകയും ഇവിടെ ജീവിതം പച്ചപിടിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന വേണു എന്ന മനുഷ്യന്‍റെ കഥയാണിത്. അയാളുടെ മകളുടെ എം ബി ബി എസ് മോഹങ്ങളും നഗരത്തെ വിഴുങ്ങുന്ന മാലിന്യവും അയാള്‍ നടത്തുന്ന പോരാട്ടങ്ങളുമൊക്കെയാണ് ചിത്രത്തിന് പറയാനുള്ളത്.
ആക്ഷേപഹാസ്യമെന്ന ലേബലുണ്ടെങ്കിലും ചിത്രം ചില ആക്ഷേപങ്ങള്‍ പറയുന്നു എന്നല്ലാതെ അതില്‍ ഹാസ്യം കണ്ടെത്തുക അസാധ്യമാണ്. നഗരവാരിധി നടുവില്‍ ഞാന്‍ എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന ഒരു വിഷയം ലഭിച്ചെങ്കിലും അത് സത്യസന്ധമായി തിരക്കഥയാക്കാന്‍ ശ്രീനിവാസനോ മികച്ച രീതിയില്‍ ആവിഷ്കരിക്കാന്‍ ഷിബു ബാലനോ കഴിഞ്ഞിട്ടില്ല.
സമീര്‍ ഹഖിന്‍റെ ഛായാഗ്രഹണം നല്ല കാഴ്ചാസുഖം നല്‍കുന്നുണ്ടെങ്കിലും ഗോവിന്ദ് മേനോന്‍റെ സംഗീതം പലപ്പോഴും സിനിമയില്‍ നിന്ന് ശ്രദ്ധ പിടിച്ചുമാറ്റുന്നു. ശ്രീനിവാസന്‍ ഒരു പരിധി വരെ തന്‍റെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയെങ്കില്‍ സംഗീത വെറും കാഴ്ചക്കാരിയായി മാറി.
ഇന്നസെന്‍റ്, വിജയരാഘവന്‍, മനോജ് കെ ജയന്‍, ലാല്‍, ജോയ് മാത്യു എന്നിവര്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു.