ചിറകടിച്ചുയരുന്ന കിനാവുകള്‍, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രം !

വിക്‍ടര്‍ ജെ കൊട്ടാരത്തില്‍
ശനി, 2 മെയ് 2015 (21:11 IST)
കുറച്ചുകാലം മുമ്പ് തമിഴില്‍ ഒരു സിനിമയിറങ്ങി - ‘തമിഴ് പടം’ എന്നായിരുന്നു ചിത്രത്തിന് പേര്. തമിഴകത്തെ നിലവിലുള്ള സിനിമാ സമ്പ്രദായത്തെ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ഒരു സ്പൂഫ് ആയിരുന്നു ആ ചിത്രം. അങ്ങനെയുള്ള ചിത്രങ്ങള്‍ക്ക് മലയാളത്തിലും വലിയ സാധ്യതയുണ്ടെന്ന് അന്ന് തോന്നിയിരുന്നു. ഇപ്പോഴിതാ, അത്തരമൊരു പരീക്ഷണം എത്തിയിരിക്കുന്നു - ചിറകൊടിഞ്ഞ കിനാവുകള്‍.
 
നല്ല സിനിമകള്‍ മാത്രം നല്‍കുന്ന ‘മാജിക് ഫ്രെയിംസ്’ എന്ന ബാനറില്‍ നിന്നാണ് ഈ സിനിമ ലഭിക്കുന്നത്. നവാഗതനായ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലുമാണ് ജോഡി. അഴകിയരാവണനില്‍ ശ്രീനിവാസന്‍റെ പ്രശസ്തനായ നോവലിസ്റ്റ് അംബുജാക്ഷന്‍ പറയുന്ന ആ അതിപ്രശസ്തമായ കഥയാണ് ഈ സിനിമയ്ക്ക് ഹേതുവായതെന്നത് ഏറ്റവും കൌതുകമുണര്‍ത്തുന്ന വസ്തുത.
 
തയ്യല്‍ക്കാരനായും ഗള്‍ഫുകാരനായ വില്ലനായും ചാക്കോച്ചന്‍ എത്തുന്നു. കഥാനായിക സുമതിയാകുന്നത് റിമ. ചാക്കോച്ചന്‍റെ ഗള്‍ഫുകാരനെ നമുക്ക് ദഹിക്കാന്‍ അല്‍പ്പം പ്രയാസമാണെങ്കിലും വ്യത്യസ്തതയ്ക്കുള്ള ശ്രമം അഭിനന്ദനീയമാണ്. പ്രവീണ്‍ എന്ന തിരക്കഥാകൃത്ത് കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യം കൊണ്ട് പ്രതീക്ഷ നല്‍കുന്നു.
 
കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
പതിവ് സിനിമാരീതികളെ മൂര്‍ച്ചയുള്ള തമാശകള്‍ കൊണ്ട് വിമര്‍ശിക്കുമ്പോഴും രസകരമായൊരു കഥയും ചിറകൊടിഞ്ഞ കിനാവുകള്‍ പറയുന്നു. ശ്രീനിവാസന്‍റെ അംബുജാക്ഷന്‍റെ സാന്നിധ്യം ഈ ചിത്രത്തിലുമുണ്ട്. എങ്കിലും അദ്ദേഹത്തില്‍ അഴകിയ രാവണനിലെ പ്രസരിപ്പ് കാണാനില്ല.
 
വ്യത്യസ്തമായ സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രസകരമായ അനുഭവമായിരിക്കും ഈ സിനിമ. ചെറിയ ബജറ്റില്‍ ചിത്രീകരിച്ചിരിക്കുന്നതുകൊണ്ട് സിനിമ ലാഭം നേടുമെന്ന് ഉറപ്പാണ്. തിയേറ്ററില്‍ നല്ല ആള്‍ക്കൂട്ടവുമുണ്ട്.
 
റേറ്റിംഗ് - 3/5