ഗീതാഞ്ജലി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Webdunia
വ്യാഴം, 14 നവം‌ബര്‍ 2013 (16:24 IST)
PRO
ശക്തമായ കാറ്റുണ്ടായിരുന്നു രാവിലെ. മഴ പെയ്തേക്കുമെന്ന് തോന്നി. യാത്ര ബുദ്ധിമുട്ടാകുമെന്ന് അമ്മു പറഞ്ഞു. എന്‍റെ വാശി അറിയാവുന്നതുകൊണ്ടുമാത്രം അവള്‍ നിര്‍ബന്ധപൂര്‍വം എന്നെ തടഞ്ഞില്ല.

‘ഗീതാഞ്ജലി’ എന്ന സിനിമയോട് എനിക്ക് അത്രയ്ക്ക് പ്രണയമായിരുന്നു. അത് പ്രിയദര്‍ശന്‍റെ സിനിമയാണ്. അതില്‍ മോഹന്‍ലാലുണ്ട്. മണിച്ചിത്രത്താഴിലെ ഡോ.സണ്ണി ജോസഫ് എന്ന കഥാപാത്രമായാണ് അദ്ദേഹം അഭിനയിക്കുന്നത്. എല്ലാത്തിലുമുപരി, എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഡെന്നിസ് ജോസഫാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ഇത്രയും പ്രിയപ്പെട്ട ഒരു പ്രൊജക്ടിന്‍റെ റിലീസ് ദിവസം എന്ത് പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ഞാന്‍ തിയേറ്ററിലെത്തുമെന്ന് അമ്മുവിനറിയാം.

വലിയ ആള്‍ക്കൂട്ടമായിരുന്നു ‘താളം’ തിയേറ്ററില്‍. ജനക്കൂട്ടം മോഹന്‍ലാല്‍ ആരാധകര്‍ തന്നെ കൂടുതലും. പരിചിതരായ ഒന്നുരണ്ട് സാഹിത്യകാരന്‍‌മാരെ കണ്ടു. എല്ലാവരും ‘സണ്ണിയെ കാണാന്‍’ എത്തിയിരിക്കുകയാണ്.

സിനിമ തുടങ്ങിയതോടെ പക്ഷേ എന്‍റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു.

അടുത്ത പേജില്‍ - ഗീതാഞ്ജലി ഒരു ശരാശരി ചിത്രം!

PRO
‘മണിച്ചിത്രത്താഴ്’ അടുത്തിടെയെങ്ങാനും കണ്ടോ? കണ്ടെങ്കില്‍ ഒരു സിനിമ ആദ്യം കാണുന്ന അതേ രസത്തില്‍, അതേ ത്രില്ലില്‍ നിങ്ങള്‍ അത് മുഴുവനും കണ്ടിട്ടുണ്ടാകും അല്ലേ? എന്താ അതിന് കാരണം? ചിത്രത്തിലെ ഓരോ രംഗങ്ങളും ഒട്ടും ബോറടിക്കാതെ, അടുത്തതെന്ത് എന്ന ആകാംക്ഷയില്‍ കൊരുത്ത് മുന്നോട്ട് കൊണ്ടുപോകുന്നതു തന്നെയാണ്. ഇവിടെ ഗീതാഞ്ജലിയില്‍ പ്രിയദര്‍ശനും കൂട്ടര്‍ക്കും കഴിയാതിരുന്നതും അതുതന്നെ.

ആദ്യപകുതിയില്‍ കഥ ട്രാക്കിലേക്ക് വീഴാന്‍ ഏറെ സമയമെടുത്തു. കഥ അവിടെയും ഇവിടെയും തത്തിക്കളിച്ചു എന്ന് പറയാം. വല്ലാത്ത ഇഴച്ചിലാണ് അനുഭവപ്പെട്ടത്. മോഹന്‍ലാല്‍ എത്തിയതോടെ ചടുലമായെങ്കിലും പ്രേക്ഷകര്‍ അപ്പോഴേക്കും അസഹനീയത പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു.

ആദ്യ പകുതിയേക്കാള്‍ എന്തുകൊണ്ടും മെച്ചം രണ്ടാം പകുതിയാണ്. ഒരു ഹൊറര്‍ ത്രില്ലറിന് വേണ്ട സ്പീഡും ത്രില്ലുമൊക്കെ ഒരു പരിധിവരെ കൊണ്ടുവരാന്‍ സാധിച്ചു. എന്നാല്‍ ക്ലൈമാക്സിലെത്തി വീണ്ടും കുടമുടച്ചു പ്രിയന്‍. മണിച്ചിത്രത്താഴ് എന്ന മനസിലെ തെളിഞ്ഞുനില്‍ക്കുന്ന വിഗ്രഹത്തിന് മുന്നില്‍ ഗീതാഞ്ജലി ഒരു ശരാശരി ചിത്രം പോലുമാകാതെ പോകുന്നു. ഡോ. സണ്ണി എന്ന അനശ്വര കഥാപാത്രം പെര്‍ഫോം ചെയ്യാന്‍, ആടിത്തിമിര്‍ക്കാന്‍ ഒന്നുമില്ലാതെ ഒതുങ്ങിനില്‍ക്കുന്നു.

അടുത്ത പേജില്‍ - എന്താണ് കഥ?

PRO
കഥ എന്താണ് എന്ന് പറയുന്നതിന് മുമ്പ് നിങ്ങള്‍ ‘എലോണ്‍’ എന്ന തായ് ചിത്രം കണ്ടിട്ടുണ്ടോ? ‘ഫാഡ്’ എന്നാണ് ആ സിനിമയുടെ തായ് നാമം എന്ന് തോന്നുന്നു. അതല്ലെങ്കില്‍ ‘ചാരുലത’ എന്ന തമിഴ് ചിത്രം? പ്രിയാമണി ഡബിള്‍ റോളില്‍ അഭിനയിച്ച സിനിമ. അതുമല്ലെങ്കില്‍ ‘നാദിയ കൊല്ലപ്പെട്ട രാത്രി’ എന്ന മലയാള സിനിമ കണ്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ‘ഗീതാഞ്ജലി’ എന്ന സിനിമയുടെ കഥയില്‍ നിങ്ങള്‍ക്ക് ഒരു പുതുമയും അനുഭവപ്പെടില്ല.

അതേ കഥ തന്നെയാണ് ഈ ചിത്രവും പറയുന്നത്. അതേ ട്വിസ്റ്റ് തന്നെയാണ് ഈ സിനിമയിലുമുള്ളത്. പിന്നെ എങ്ങനെ പ്രേക്ഷകന്‍ ഈ സിനിമ കണ്ട് അത്ഭുതപ്പെടും? എങ്ങനെ ഞെട്ടല്‍ പ്രകടിപ്പിക്കും? ‘ഇതുതന്നെയല്ലേ അത്?!’ എന്ന് ലേശം പരിഹാസത്തോടെ ആത്മഗതം നടത്തുന്ന പ്രേക്ഷകരെയാണ് കാണാന്‍ കഴിഞ്ഞത്.

ഗീത, അഞ്ജലി എന്നീ ഇരട്ട സഹോദരിമാരില്‍ ഗീത മരിക്കുന്നു. അഞ്ജലിയും അനൂപും(നിഷാന്‍) തമ്മില്‍ പ്രണയത്തിലാണ്. അവര്‍ നാട്ടിലെത്തുന്നു. അവിടെ അഞ്ജലിയുടെ തറവാട്ടില്‍ ഗീതയുടെ പ്രേതം ശല്യക്കാരിയായി എത്തുന്നു. ശല്യം കൂടുമ്പോള്‍ പരിഹാരത്തിന് നകുലന്‍റെ നിര്‍ദ്ദേശപ്രകാരം(അതേ നകുലന്‍ തന്നെ, ഗംഗയുടെ നകുലേട്ടന്‍!) ഡോ. സണ്ണി രംഗപ്രവേശം ചെയ്യുന്നു.

അഞ്ജലി എന്ന കഥാപാത്രം യഥാര്‍ത്ഥത്തില്‍ ആരാണെന്നും ആരാണ് മരിച്ചതെന്നുമൊക്കെ സണ്ണി കണ്ടുപിടിക്കുമ്പോള്‍ സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ക്കല്ലാതെ, പ്രേക്ഷകര്‍ക്ക് ഒരാശ്ചര്യവും തോന്നിയില്ല.

അടുത്ത പേജില്‍ - ക്ലൈമാക്സിലെ വീഴ്ച്ച!

PRO
ഒരു സിനിമയുടെ ഏറ്റവും പ്രധാപ്പെട്ട ഭാഗം അതിന്‍റെ ക്ലൈമാക്സാണ്. ഒരു ഹൊറര്‍ ചിത്രത്തെ സംബന്ധിച്ച് പ്രത്യേകിച്ചും. എന്നാല്‍ ഗീതാഞ്ജലി എന്ന സിനിമയ്ക്ക് ഏറ്റവും വലിയ പോരായ്മ അതിന്‍റെ ക്ലൈമാക്സാണെന്ന് പറയേണ്ടിവരും. നിരാശ മാത്രമാണ് അത് സമ്മാനിച്ചത്.

അഞ്ജലിയുടെ കല്ലറ അന്വേഷിച്ചുള്ള പോക്കും സണ്ണി ഒടുവില്‍ അത് കണ്ടെത്തുന്നതും നിഷാനെ അത് കാണിച്ചുകൊടുക്കുന്നതുമൊക്കെ കണ്ടപ്പോള്‍ ക്ലൈമാക്സില്‍ വലുതായി എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീതിയുണ്ടായി. എന്നാല്‍ സിനിമ തീരുമ്പോള്‍ സണ്ണിയുടെ ഡയലോഗ് തന്നെയാണ് പറയാന്‍ തോന്നിയത് - “ഇത് ഇങ്ങനെയൊക്കെ തന്നെ അവസാനിക്കുമെന്ന് പ്രേക്ഷകര്‍ക്ക് അറിയാമായിരുന്നു”.

( അല്ല, അറിയാന്‍ വയ്യാത്തതുകൊണ്ട് ചോദിക്കുവാ, പ്രേതമുണ്ട് എന്നറിഞ്ഞിട്ടും ഈ സിനിമയിലെ കഥാപാത്രങ്ങളൊക്കെ എന്തിനാണാവോ അര്‍ദ്ധരാത്രികളില്‍ ചുമ്മാ വെളിയിലിറങ്ങി കറങ്ങിനടക്കുന്നത്?!!!!)

അടുത്ത പേജില്‍ - ഡോ. സണ്ണിയെക്കുറിച്ച് എന്തുപറയാന്‍!

PRO
മോഹന്‍ലാലിന്‍റെ അഭിനയത്തേക്കുറിച്ച് പറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ല. അദ്ദേഹത്തെപോലെ ഒരു മഹാനടനെ വേണ്ടവിധം ഉപയോഗിക്കാനാവാതെ പോയ ചിത്രങ്ങളില്‍ ഒന്നുകൂടി എന്നുമാത്രം. മോഹന്‍ലാലിന്‍റെ മാസ്മരികപ്രകടനം പ്രതീക്ഷിച്ചുവരുന്നവര്‍ക്ക് വലിയ നഷ്ടബോധം തോന്നുമെന്ന് തീര്‍ച്ച.

ഗീതാഞ്ജലി ഏതെങ്കിലും ഒരു ആക്ടര്‍ക്ക് ഗുണം ചെയ്യുമെങ്കില്‍ അത് നിഷാനാണ്. അനൂപ് എന്ന കഥാപാത്രത്തെ നിഷാന്‍ മനോഹരമാക്കി. ഇന്നസെന്‍റിന്‍റെ രണ്ടാം വരവും നിരാശനല്‍കി. ഇന്നസെന്‍റിന്‍റെ കഥാപാത്രം തുടക്കത്തില്‍ എത്തുന്നതിന് ഒരു ഉദ്ദേശ്യമുണ്ട്. എന്നാല്‍ കഥ പോകെപ്പോകെ ആ ഉദ്ദേശ്യമൊക്കെ മറന്ന് അയാള്‍ അവിടെ കൂടുകയാണ്. കഥാപാത്രസൃഷ്ടിയിലെ സത്യസന്ധതയില്ലായ്മയ്ക്ക് കൃത്യമായ ഉദാഹരണം. ഹരിശ്രീ അശോകന്‍റെ കഥാപാത്രമൊക്കെ ചിരിയല്ല, സഹതാപമാണ് ഉണര്‍ത്തിയത്. മണിച്ചിത്രത്താഴില്‍ തിലകന്‍ ചെയ്ത കഥാപാത്രത്തെ ഗീതാഞ്ജലിയില്‍ നാസര്‍ അവതരിപ്പിക്കുന്നു. മന്ത്രവാദിയല്ല, ബിഷപ്പ് ആണെന്ന് മാത്രം മാറ്റം.

സിദ്ദിക്ക് ആണ് ഈ ചിത്രത്തില്‍ തിളങ്ങിയ ഒരു നടന്‍. തമ്പിച്ചായന്‍ എന്ന കഥാപാത്രം, അതിന്‍റെ നിഗൂഢത എല്ലാം സിദ്ദിക്കിന്‍റെ കൈയില്‍ ഭദ്രം. ഗണേഷ്കുമാറിനൊന്നും കാര്യമായ പ്രാധാന്യമില്ല. സീമയുടെ കഥാപാത്രം(ഗീതയുടെയും അഞ്ജലിയുടെയും അമ്മ) സിനിമയുടെ തുടക്കം മുതല്‍ കോമാ സ്റ്റേജിലാണ്. പടം തീരാറാകുമ്പോള്‍ പക്ഷേ, അവര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ട്.

ഗീതയും അഞ്ജലിയുമായി വന്ന കീര്‍ത്തി വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല. ഉജ്ജ്വലമായി പെര്‍ഫോം ചെയ്യാന്‍ കഴിയുമായിരുന്ന കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. പക്ഷേ കീര്‍ത്തി ശരാശരിയിലൊതുങ്ങി. ക്ലൈമാക്സില്‍ പോലും അവരുടെ പ്രകടനം പ്രേക്ഷകരുടെ മനസിനെ സ്പര്‍ശിക്കുന്നില്ല.

അടുത്ത പേജില്‍ - പേടിപ്പിക്കാത്ത ഹൊറര്‍ ചിത്രം!

PRO
പ്രിയദര്‍ശന് അഭിമാനിക്കാവുന്ന സിനിമയല്ല ഗീതാഞ്ജലി. സാങ്കേതികമായി ഈ സിനിമ മികവ് പുലര്‍ത്തി. നല്ല ഗാനങ്ങളും പശ്ചാത്തല സംഗീതവും. വിദ്യാസാഗറാണ് ആ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. അഞ്ജലിയുടെയും അനൂപിന്‍റെയും കല്യാണത്തോട് അനുബന്ധിച്ചുള്ള ഗാനരംഗം വെട്ടം, കാക്കക്കുയില്‍ തുടങ്ങിയ സിനിമകളില്‍ കണ്ടിട്ടുള്ളതിന്‍റെ ആവര്‍ത്തനമായി. കൂടുതല്‍ മികച്ചുനിന്നത് ഗീതയുടെയും അഞ്ജലിയുടെയും പൂര്‍വകാലം ഓര്‍മ്മിക്കുന്ന ആ ഗാനമാണ്.

തിരു ആണ് ഗീതാഞ്ജലിയുടെ ഛായാഗ്രഹണം. ‘ക്രിഷ് 3’ പോലെ അദ്ദേഹം ഗീതാഞ്ജലിയെയും ദൃശ്യസമ്പന്നമാക്കി. പക്ഷേ സാങ്കേതികതയുടെ പിന്‍‌ബലത്തില്‍ ദുര്‍ബലമായ ഒരു തിരക്കഥയ്ക്ക് എത്രനേരം പിടിച്ചുനില്‍ക്കാനാവും? അഭിലാഷ് നായരുടെ തിരക്കഥയ്ക്ക് പലയിടത്തും ലോജിക് നഷ്ടപ്പെട്ടതായി തോന്നി. ഡെന്നിസ് ജോസഫിന്‍റെ സംഭാഷണങ്ങളും നിലവാരത്തിലേക്ക് എത്തിയില്ല.

ഒരു ഹൊറര്‍ ചിത്രത്തിന് അവശ്യം വേണ്ട സംഘര്‍ഷഭരിതമായ അന്തരീക്ഷമൊരുക്കുന്നതില്‍ പ്രിയദര്‍ശന്‍ പരാജയപ്പെട്ടു എന്ന് പറയാം. ഇത് അദ്ദേഹത്തിന്‍റെ ആദ്യ ഹൊറര്‍ ചിത്രമാണെന്നാണ് മനസിലാക്കുന്നത്. ഗീതാഞ്ജലി പ്രേക്ഷകരെ ഭയപ്പെടുത്തുന്നില്ല. പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നില്ല. ത്രില്ലടിപ്പിക്കുന്നില്ല. പ്രേക്ഷകര്‍ എന്തൊക്കെ പ്രതീക്ഷിച്ച് ഈ സിനിമ കാണാന്‍ എത്തിയോ അവയൊന്നും സാറ്റിസ്ഫൈ ചെയ്യിക്കാന്‍ ഗീതാഞ്ജലിക്ക് കഴിയുന്നില്ല.

തിയേറ്ററില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ നല്ല മഴ. എങ്കിലും കാറിന്‍റെ ഗ്ലാസുകള്‍ താഴ്ത്തിയിട്ടു. വീടെത്തുമ്പോഴേക്കും ആകെയൊരു കുളിരും പനിച്ചൂടും. മുറ്റത്ത് തന്നെ മുഖം കടുപ്പിച്ച് നില്‍പ്പുണ്ട് അമ്മു.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്