തമിഴ് നാട്ടിലും കേരളത്തിലും പ്രേക്ഷകര്‍ ഈ ദീപാവലിക്കാലത്ത് കാത്തിരുന്നത് 'കത്തി' എന്ന സിനിമയ്ക്ക് വേണ്ടിയാണ്. അതിനൊപ്പം 'പൂജൈ' എന്ന സിനിമ കൂടി വരുന്നുണ്ടെന്നുകേട്ടപ്പോള്‍ ആദ്യമൊന്നും അത്ര പ്രതീക്ഷ പുലര്‍ത്തിയില്ല. വിശാല്‍ നായകനാകുന്ന ആ സിനിമയുടെ സംവിധായകന്‍ ഹരി ആണെന്ന് കേട്ടപ്പോള്‍ ഏവര്‍ക്കും സംശയമായി - കത്തിക്ക് വിനയാകുമോ പൂജൈ?
എന്തായാലും ദീപാവലി നാളില്‍ റിലീസ് ചെയ്ത 'പൂജൈ' വന്‍ ഹിറ്റായി മാറുകയാണ്. തമിഴ് നാട്ടില്‍ മാത്രം 350 തിയേറ്ററുകളിലാണ് പൂജൈ റിലീസ് ചെയ്തത്. കത്തി കത്തിക്കയറുമ്പോല്‍ തന്നെ പൂജയും സൂപ്പര്‍ഹിറ്റാകുന്നത് തമിഴ് സിനിമാപ്രേമികളെ ആഹ്ലാദത്തിലാക്കി.
എന്തായാലും സംവിധായകന്‍ ഹരിക്കാണ് ഏറ്റവും സന്തോഷം. സിങ്കം 2ന് ശേഷം ചെയ്ത സിനിമയും തകര്‍പ്പന്‍ വിജയം. "നിര്‍മ്മാതാവിന്‍റെ പണത്തിനും സമയത്തിനുമാണ് ഞാന്‍ മറ്റെന്തിനേക്കാളും വില കല്‍പ്പിക്കുന്നത്. നിര്‍മ്മാതാവിന് ഒരു രൂപ പോലും നഷ്ടം വരരുത് എന്നാണ് ഓരോ സിനിമ ചെയ്യുമ്പോഴും ഞാന്‍ മനസില്‍ കരുതുന്നത്. അതുകൊണ്ടുതന്നെ, എവിടെയൊക്കെ ചെലവ് കുറയ്ക്കാമോ അവിടെയൊക്കെ കുറയ്ക്കുന്നു. ഷൂട്ടിംഗ് ദിനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യുന്നു. പൂജൈ 100 ദിവസം കൊണ്ട് തീര്‍ക്കാമെന്നാണ് നിര്‍മ്മാതാവിനോട് പറഞ്ഞത്. പടം 90 ദിവസം കൊണ്ട് പൂര്‍ത്തിയായി" - ഹരി പറയുന്നു.
വിശാല്‍ തന്നെയാണ് പൂജൈ നിര്‍മ്മിച്ചത്. താരമൂല്യത്തിന്‍റെ കാര്യത്തില്‍ ഇളയദളപതി വിജയുടെ അടുത്തെങ്ങുമെത്തില്ല വിശാല്‍. എന്നാല്‍ വിജയ് ചിത്രം 'കത്തി'ക്കൊപ്പം പൂജൈയും റിലീസ് ചെയ്യാനുള്ള വിശാലിന്‍റെ തന്‍റേടം ഒരു സല്യൂട്ട് അര്‍ഹിക്കുന്നു.