ഇത് പ്രണയത്തിന്‍റെ പുതിയ പുസ്തകം, മണിരത്നത്തിന്‍റെ ഗംഭീര മടങ്ങിവരവ്, ദുല്‍ക്കറും നിത്യയും തകര്‍ത്തു - ഓ കാതല്‍ കണ്‍‌മണി നിരൂപണം

ചിഞ്ചു ജ്യോതി ജോസഫ്
വെള്ളി, 17 ഏപ്രില്‍ 2015 (17:30 IST)
‘കടല്‍’ കണ്ട് നിരാശ തോന്നിയ ആളാണ് ഞാന്‍. ഇനിയെന്നുകാണാനാവും ഒരു നല്ല മണിരത്നം ചിത്രം എന്ന് സങ്കടം തോന്നിയിട്ടുണ്ട്. യാത്രി മാഡമാണെങ്കില്‍ കടുത്ത മണിരതന്ം ഫാന്‍ ആണ്. കക്ഷി കടലിനെപ്പറ്റിയും ‘ക്ലാസിക്’ എന്ന അഭിപ്രായമാണ് പറഞ്ഞത്. എന്നാല്‍ കന്നത്തില്‍ മുത്തമിട്ടാലിന് ശേഷം ഗുരു മാത്രമായിരുന്നു എന്നെ ആകര്‍ഷിച്ചത്.
 
ഇപ്പോള്‍ ‘ഓ കാതല്‍ കണ്‍‌മണി’ കാണാന്‍ തിയേറ്ററില്‍ പോയി ഇരുന്നപ്പോള്‍ മനസില്‍ നിറയെ അലൈപായുതേ ആയിരുന്നു. ആ സിനിമയുടെ എക്സ്റ്റന്‍ഷനാണ് ഈ ചിത്രമെന്ന് ആരോ എന്‍റെ അബോധമനസില്‍ കുത്തിവച്ചിരുന്നു. അതുകൊണ്ടുതന്നെ കാര്‍ത്തിക്കും ശക്തിയും നിന്നിരുന്ന സ്ഥാനത്തേക്ക് പുതിയ കാലത്തിന്‍റെ ആദിയെയും താരയെയും കൊണ്ടുനട്ടിട്ട് സ്ക്രീനിലേക്ക് കണ്ണയച്ചിരിക്കുകയായിരുന്നു ഞാന്‍.
 
അടുത്ത പേജില്‍ - മണിരത്നം മാജിക്

എന്‍റെ മുന്നില്‍ തെളിഞ്ഞത് അലൈപായുതേ അല്ല. സിനിമ തീര്‍ന്നതിന് ശേഷം എന്‍റെയുള്ളില്‍ നിറഞ്ഞത് കടല്‍ നല്‍കിയ നിരാശയല്ല. ഇത് പുതിയ അനുഭവമാണ്. ഓ കാതല്‍ കണ്‍‌മണി. ഇനിയൊരു പത്തുവര്‍ഷത്തേക്കെങ്കിലും ഹൃദയത്തില്‍ പ്രണയത്തോടെ സൂക്ഷിക്കാന്‍ ഒരു സിനിമ. മണിരത്നം, നിങ്ങളുടെ ചിന്തയ്ക്കുമേല്‍ കൈയൊപ്പുചാര്‍ത്തിയിട്ടുണ്ട് മഹാനായ കഥാകാരന്‍ ദൈവം!
 
ദുല്‍ക്കര്‍ സല്‍മാന്‍റെയും നിത്യ മേനോന്‍റെയും പ്രകടനം തന്നെയാണ് ഈ സിനിമയുടെ ജീവന്‍. പിന്നെ പ്രകാശ് രാജിന്‍റെയും. ഈ മൂവരും ചേര്‍ന്ന് സിനിമയെ ആകാശത്തോളം ഉയര്‍ത്തുകയാണ്. ഉസ്താദ് ഹോട്ടലിലോ 100 ഡെയ്സ് ഓഫ് ലവിലോ നമ്മള്‍ കാണാത്തൊരു കെമിസ്ട്രി ഈ ജോഡിക്കുണ്ട്. അത് മണിരത്നം മാജിക്. പി സി ശ്രീറാം മാജിക്.
 
അടുത്ത പേജില്‍ - ഒരുമിച്ചുജീവിക്കാന്‍ വിവാഹമെന്തിന്?

വലിയ ഊര്‍ജ്ജമുള്ള ഒരു ഫീല്‍ഗുഡ് സിനിമയാണിത്. ടൈറ്റില്‍ കാര്‍ഡുമുതല്‍ നമ്മള്‍ ആ ഊര്‍ജ്ജം അനുഭവിക്കുന്നു. ഒരു നിമിഷം പോലും സിനിമയ്ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ മനസിനെ അനുവദിക്കാതെ മണിരത്നം കഥ പറഞ്ഞുപോകുന്നു. മുംബൈയിലാണ് ഓ കാതല്‍ കണ്‍‌മണിയുടെ കഥ നടക്കുന്നത്. ആദി വരദരാജന്‍ എന്ന കഥാപാത്രത്തെ ഡിക്യു അവതരിപ്പിക്കുന്നു.
 
താരയായി നിത്യ. രണ്ടുപേര്‍ക്കും വിവാഹം എന്ന പരിപാടിയോട് തീരെ താല്‍പ്പര്യമില്ല. പ്രണയത്തിലാകുന്ന ഇരുവരും വിവാഹം കഴിക്കാതെ ഒരുമിച്ചുജീവിച്ചുതുടങ്ങുന്നു. ഈ കഥാപാത്രങ്ങള്‍ മാത്രം സ്ക്രീന്‍ സ്പേസില്‍ നിറഞ്ഞുനില്‍ക്കുന്ന സമയത്ത് വല്ലാത്തൊരു ഫീല്‍ സൃഷ്ടിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അത് പി സിയുടെ വിഷ്വലിന്‍റെ മാത്രമല്ല, എ ആര്‍ റഹ്‌മാന്‍റെ സംഗീതത്തിന്‍റെ മാസ്മരികതകൊണ്ടുകൂടിയാണ്.
 
അടുത്ത പേജില്‍ - പ്രണയത്തിന്‍റെ ചൂട്

മാധവനും ശാലിനിയും സൃഷ്ടിച്ച മാന്ത്രികതയുടെ സൌന്ദര്യം ഒട്ടും ചോരാതെ, അല്ലെങ്കില്‍ അതിനുമേല്‍ സമ്മാനിച്ചിരിക്കുകയാണ് ദുല്‍ക്കറും നിത്യയും. അവരുടെ സംഭാഷണത്തില്‍, തമ്മിലുള്ള നോട്ടത്തില്‍, നൃത്തത്തില്‍, ചുംബനത്തില്‍ എല്ലാം പ്രണയത്തിന്‍റെ ചൂട് അനുഭവിപ്പിക്കുന്നു.
 
വളരെ രസകരവും പ്രണയം തുളുമ്പുന്നതുമായ സംഭാഷണങ്ങള്‍ ഈ സിനിമയില്‍ ഉടനീളമുണ്ട്. അത് പ്രേക്ഷകരെ രസിപ്പിക്കുന്നു. ഒരു ലോഡ്ജില്‍ ഒരുമിച്ചുതാമസിക്കാന്‍ തീരുമാനിക്കുമ്പോള്‍ താര ചോദിക്കുന്നു - നിനക്കു നല്ല പയ്യനായി ഇരിക്കാന്‍ കഴിയുമോ? ആദിയുടെ മറുപടി - കഴിയും, പക്ഷേ നിന്‍റെ കൂടെ ബുദ്ധിമുട്ടാണ് !
 
പ്രകാശ് രാജ് അവതരിപ്പിക്കുന്ന ഗണപതി എന്ന കഥാപാത്രവും ലീല സാംസണ്‍ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ ഭാര്യാകഥാപാത്രമായ ഭവാനിയുമാണ് ഓ കാതല്‍ കണ്‍‌മണിയിലെ മറ്റ് പ്രധാന കാഴ്ചകള്‍. ഇവര്‍ പരമ്പരാഗത പ്രണയത്തിന്‍റെയും വിവാഹത്തിന്‍റെയും പ്രതിനിധികളാണ്. ആദിയെയും താരയെയും ഇവര്‍ എങ്ങനെ സ്വാധീനിക്കുന്നു എന്ന് സിനിമ പറഞ്ഞുതരുന്നു. മറവിരോഗത്തിന്‍റെ തീവ്രതയെപ്പോലും പ്രണയമെങ്ങനെ അതിജീവിക്കുന്നു എന്നും ചിത്രം കാട്ടിത്തരുന്നു.
 
അടുത്ത പേജില്‍ - ദുല്‍ക്കര്‍ നിലയുറപ്പിക്കും !

ഏറെക്കാലം തമിഴ് സിനിമയില്‍ നില്‍ക്കാനും നിലയുറപ്പിക്കാനും തനിക്ക് കഴിയുമെന്ന് തെളിയിക്കുന്ന പ്രകടനമാണ് ദുല്‍ക്കറിന്‍റേത്. എന്നാല്‍ പറയാതെ വയ്യല്ലോ, നിത്യയുടെ പെര്‍ഫോമന്‍സാണ് ദുല്‍ക്കറിനേക്കാള്‍ പ്രേക്ഷകനെ ആകര്‍ഷിക്കുക. സിനിമ മൊത്തമായും ഒരു നിത്യ ഷോ ആണെന്നുപറഞ്ഞാലും അതിശയോക്തിയല്ല.
 
മണിരത്നം തന്‍റെ ഫുള്‍ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഓ കാതല്‍ കണ്മണിയിലൂടെ. റഹ്‌മാനും ശ്രീറാമും തങ്ങളുടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് മണിരത്നത്തിനുവേണ്ടി പുറത്തെടുക്കുന്നത്. സാങ്കേതികമായി ഇത്രയും ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരു സിനിമ സമീപകാലത്തൊന്നും ഇന്ത്യയില്‍ ഉണ്ടായിട്ടില്ല.