‘വാരണം ആയിരം’ എന്നൊരു തമിഴ് ചിത്രം ഓര്‍മ്മ വരുന്നു. ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത സിനിമ. ഒരു മനുഷ്യന്‍റെ വിവിധ ജീവിത കാലഘട്ടങ്ങളായിരുന്നു ആ ചിത്രം വിഷയമാക്കിയത്. ജോസൂട്ടി എന്ന സാധാരണക്കാരന്‍റെ ജീവിതത്തിലെ വിവിധകാലങ്ങള്‍ പ്രമേയമാക്കുകയാണ് ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന സിനിമ.
ജീത്തു ജോസഫിന്‍റെ മെമ്മറീസോ ദൃശ്യമോ കണ്ട് ഭ്രമിച്ചുപോയവര്‍ക്കുള്ളതല്ല ലൈഫ് ഓഫ് ജോസൂട്ടി. മൈ ബോസും, മമ്മി ആന്‍റ് മിയും ഇഷ്ടപ്പെട്ടവര്‍ക്കുള്ളതാണ്. ത്രില്ലറുകളില്‍ നിന്ന് ആ പഴയ കാലത്തേക്ക് ജീത്തു ജോസഫിന്‍റെ മടക്കം കൂടിയാകുന്നു ലൈഫ് ഓഫ് ജോസൂട്ടി.
രാജേഷ് വര്‍മയുടെ തിരക്കഥയിലൊരുക്കിയ ഈ സിനിമ ദിലീപ് അവതരിപ്പിക്കുന്ന ജോസൂട്ടി എന്ന കഥാപാത്രത്തിന്‍റെ ജീവിതത്തിലെ നര്‍മ്മ മുഹൂര്‍ത്തങ്ങളും കണ്ണുനനയിക്കുന്ന രംഗങ്ങളുമാണ് കാണിച്ചുതരുന്നത്.
ജോസൂട്ടിയും അയല്‍ക്കാരി ജെസി(രചന)യും തമ്മിലുള്ള പ്രണയവും അതിന്‍റെ ദുഃഖപര്യവസാനവുമാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ ആദ്യപകുതി. റോസ്(ജ്യോതികൃഷ്ണ) എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ജോസൂട്ടി ന്യൂസിലന്‍ഡിലേക്ക് പോകുന്നതാണ് രണ്ടാം പകുതി.
കഥാപരമായോ വലിയ അത്ഭുതങ്ങളൊന്നും കാത്തുവച്ചിട്ടില്ലെങ്കിലും ഇടുക്കിയുടെയും ന്യൂസിലന്‍ഡിന്‍റെയും മനോഹാരിത ആവോളം ആസ്വദിക്കാം എന്ന ഗുണമുണ്ട് ഈ ചിത്രം കണ്ടാല്‍. പിന്നെ ഹരീഷ് പേരടിയുടെ ഉജ്ജ്വല അഭിനയത്തിനും സാക്‍ഷ്യം വഹിക്കാം. നായികമാരില്‍ രചന അമിതാഭിനയത്തിന്‍റെ ആഘോഷമാക്കി തന്‍റെ കഥാപാത്രത്തെ മാറ്റിയപ്പോള്‍ പക്വമായ അഭിനയരീതിയില്‍ റോസ് എന്ന കഥാപാത്രത്തെ മനോഹരമാക്കി ജ്യോതിലക്ഷ്മി. ദിലീപാകട്ടെ, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ കാലത്തേക്ക് മടങ്ങിപ്പോകുന്ന കാഴ്ചയാണ് കണ്ടത്.
ഫാന്‍റസിയുടെ മേമ്പൊടിയും മാലാഖമാരും എല്ലാം ചേര്‍ന്ന് വല്ലാത്തൊരു മൂഡ് സൃഷ്ടിക്കുന്ന സിനിമ സാധാരണക്കാരനുവേണ്ടി സൃഷ്ടിച്ച ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’യാണെന്ന് പറയാം. എന്തായാലും ജീത്തു ജോസഫില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ഇതല്ലെന്ന് തിയേറ്ററിലെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നുണ്ട്. മറ്റൊരു മെമ്മറീസോ ദൃശ്യമോ സമ്മാനിച്ച് ജീത്തു വേഗം മടങ്ങിയെത്തുമെന്ന് കരുതാം.