ഇതാ ഒരു ഗംഭീര സിനിമ - കരിങ്കുന്നം സിക്സസ്; കണ്ടില്ലെങ്കില്‍ തീരാനഷ്ടം!

നീന അലക്സ്

ബുധന്‍, 6 ജൂലൈ 2016 (19:50 IST)
മലയാളത്തില്‍ എത്ര സ്പോര്‍ട്‌സ് സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അങ്ങനെ കൌണ്ട് ചെയ്തിട്ടില്ല. 1983 ഒരു ഒന്നാന്തരം സിനിമയായിരുന്നു. അങ്ങനെ എടുത്തുപറയാന്‍ പറ്റിയ ചിത്രങ്ങള്‍ ചുരുക്കം. എനിക്കിഷ്ടപ്പെട്ട ഒരു സിനിമയുണ്ട്. ജോണ്‍ പോളിന്‍റെ തിരക്കഥയില്‍ ജോര്‍ജ്ജ് കിത്തു ചെയ്തതാണ് - സമാഗമം. അതിനൊരു സ്പോര്‍ട്സ് പശ്ചാത്തലമുണ്ടായിരുന്നു. പക്ഷേ അതിനൊക്കെ മുകളില്‍ പ്രണയം കിനിഞ്ഞുനിന്ന ഒരു സിനിമ.
 
മഞ്ജു വാര്യര്‍ നായികയായ കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നല്ലൊന്നാന്തരം ചിത്രമാണ്. ആര്‍ക്കും, ഏത് ജനറേഷനും ധൈര്യമായിട്ട് കാണാം. ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ഈ ചിത്രം ആവേശകരമായ ഒരു വോളിബോള്‍ മത്സരം പോലെ ത്രില്ലടിപ്പിക്കുന്നതും രസകരവുമാണ്.
 
അരുണ്‍ലാല്‍ രാമചന്ദ്രനാണ് ഈ സിനിമയുടെ തിരക്കഥ. മഞ്ജു വാര്യരുടെ കഴിഞ്ഞ സിനിമയായ ‘വേട്ട’യുടെ തിരക്കഥയും അരുണ്‍ ലാല്‍ ആയിരുന്നു. വ്യത്യസ്തമായ സബ്ജക്ടുകളില്‍ ഉറപ്പുള്ള തിരക്കഥകള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമായ തൂലികയാണ് അരുണിന്‍റേതെന്ന് ബോധ്യപ്പെടുത്തുന്നു കരിങ്കുന്നത്തിന്‍റെ രചന.
 
എബി(അനൂപ്)യും വന്ദന(മഞ്ജു)യും ഭാര്യാഭര്‍ത്താക്കന്‍‌മാരാണ്. നല്ല വോളിബോള്‍ താരങ്ങളും. എബി വളര്‍ത്തിക്കൊണ്ടുവന്ന കരിങ്കുന്നം സിക്സസ് എന്ന വോളിബോള്‍ ടീം അയാള്‍ക്കൊരു അപകടം പിണയുന്നതോടെ തകരുന്നു. ടീമിലെ അംഗങ്ങളെല്ലാം വിട്ടുപോകുന്നു. കരിങ്കുന്നം സിക്സസ് പുനരുജ്ജീവിപ്പിക്കാനായി വന്ദന ശ്രമം തുടങ്ങുന്നതോടെ സിനിമയും തുടങ്ങുന്നു. പക്ഷേ അവള്‍ക്ക് മികച്ച കളിക്കാരെ കിട്ടിയത് സെന്‍‌ട്രല്‍ ജയിലില്‍ നിന്നാണ്!
 
ഫയര്‍മാന്‍ എന്ന ശരാശരി സിനിമയായിരുന്നു ദീപു കരുണാകരന്‍റെ കഴിഞ്ഞ സംഭാവന. ആ സിനിമയ്ക്ക് ഒരു ഗംഭീര പ്ലോട്ട് ഉണ്ടായിരുന്നെങ്കിലും വേണ്ടത്ര രസമായില്ല. എന്നാല്‍ ഇത്തവണ കളി ഗംഭീരമാക്കി ദീപു. ഓരോ ഫ്രെയിമിലും സംവിധായകന്‍ നിറഞ്ഞുനില്‍ക്കുകയാണ് കരിങ്കുന്നം സിക്സസില്‍.
 
ഒരു സ്പോര്‍ട്സ് സിനിമ കടന്നുപോകേണ്ടുന്ന ലക്‍ഷ്യം, ആവേശം, ഉണര്‍വ്വ്, പ്രോത്സാഹനം, ദുഃഖം, നിരാശ, പരാജയം, സന്തോഷം, മത്സരബുദ്ധി, തോല്‍പ്പിക്കാനുള്ള ത്വര, ആഹ്ലാദം, ആഘോഷം എല്ലാം അനുഭവിപ്പിക്കുന്നതാണ് കരിങ്കുന്നം സിക്സസ്. ഓരോ പ്രേക്ഷകനെയും കരിങ്കുന്നം ടീമിലെ കളിക്കാരനാക്കി മാറ്റുന്ന മാജിക്കാണ് സംവിധായകന്‍ കാട്ടിത്തരുന്നത്.
 
മടങ്ങിവരവിന് ശേഷം മഞ്ജു വാര്യര്‍ക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ വന്ദന. അനൂപ് മേനോന്‍ പതിവുപോലെ മികച്ചുനിന്നു. വളരെ നാച്ചുറലായ പ്രകടനം. 
 
സിനിമയിലെ എല്ലാ അഭിനേതാക്കളും അവരവരുടെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കിയെങ്കിലും സുരാജ് വെഞ്ഞാറമ്മൂടിനെ എടുത്ത് പറയണം. നെല്‍‌സണ്‍ എന്ന കഥാപാത്രമായി സുരാജ് വീണ്ടും ഞെട്ടിക്കുകയാണ്. ആക്ഷന്‍ ഹീറോ ബിജുവിലെ പ്രകടനത്തിന് ശേഷം സുരാജിന്‍റെ മറ്റൊരു വിസ്മയ കഥാപാത്രം.
 
രാഹുല്‍ രാജിന്‍റെ പശ്ചാത്തല സംഗീതമാണ് കരിങ്കുന്നം സിക്സസിന്‍റെ ഏറ്റവും പോസിറ്റീവായ ഘടകം. സിനിമയുടെ ആത്മാവിലേക്ക് പ്രേക്ഷകരെ വലിച്ചടുപ്പിക്കുകയാണ് രാഹുല്‍ രാജ്. ഒരു സ്പോര്‍ട്സ് സിനിമയുടെ ആവേശവും ഇമോഷനും ഒപ്പിയെടുത്തിരിക്കുകയാണ് ജയകൃഷ്ണയുടെ ക്യാമറ.
 
റേറ്റിംഗ്: 4.5/5

വെബ്ദുനിയ വായിക്കുക