അടിപൊളി എന്‍റര്‍ടെയ്നര്‍ - ഷാജഹാനും പരീക്കുട്ടിയും !

നിരുപമ എലിസബത്ത് ജോണ്‍

ബുധന്‍, 6 ജൂലൈ 2016 (15:24 IST)
പ്രണയം മലയാള സിനിമയ്ക്ക് വിജയഘടകമാകുന്ന ഒരു എലമെന്‍റാണ്. ‘ഷാജഹാനും പരീക്കുട്ടിയും’ എന്ന ടൈറ്റിലില്‍ തന്നെ ആവോളം പ്രണയമുണ്ട്. വലിയ ഓര്‍മ്മകള്‍ അടക്കം ചെയ്ത പേരാണിത്. എന്തോ, ആ ഓര്‍മ്മകളൊന്നും ഉണര്‍ത്തുന്നില്ലെങ്കിലും, ഓര്‍മ്മ തീരെയില്ലാത്ത ഒരു നായികയുടെ കഥ വൃത്തിയായി പറയാന്‍ സംവിധായകന്‍ ബോബന്‍ സാമുവലിന് കഴിഞ്ഞിട്ടുണ്ട്.
 
വൈ വി രാജേഷിന്‍റെ തിരക്കഥയില്‍ ബോബന്‍ സാമുവല്‍ ഒരുക്കിയ ‘ഷാജഹാനും പരീക്കുട്ടിയും’ ഒരു നല്ല എന്‍റര്‍ടെയ്നറാണ്. റംസാന്‍ ആഘോഷങ്ങള്‍ക്ക് പൊലിമകൂട്ടാന്‍ ഈ സിനിമാക്കാഴ്ചയും ഉപകരിക്കുമെന്ന് വ്യക്തം.
 
ജനപ്രിയന്‍, റോമന്‍സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള ബോബന്‍ സാമുവലിന്‍റെ ഈ സിനിമയും ആ ജോണറില്‍ തന്നെയാണ്. പ്രേക്ഷകരെ ചിരിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം. അതില്‍ പൂര്‍ണമായും വിജയിച്ചിട്ടുമുണ്ട്.
 
അമല പോള്‍ അവതരിപ്പിക്കുന്ന ജിയ എന്ന നായികയാണ് സിനിമയുടെ പ്രധാന കേന്ദ്രം. പ്രിന്‍സായി ജയസൂര്യയും പ്രണവായി കുഞ്ചാക്കോ ബോബനും എത്തുന്നു. അവിചാരിതമായുണ്ടായ ഒരു ദുരന്തത്തിന്‍റെ ഫലമായി ജിയയ്ക്ക് ഓര്‍മ്മ നഷ്ടപ്പെടുന്നു. പ്രിയപ്പെട്ടവരുടെ സഹായത്തോടെ മാത്രമേ ഓര്‍മ്മകളുടെ ലോകത്തേക്ക് ജിയയ്ക്ക് മടങ്ങിയെത്താനാവൂ എന്ന് ഡോക്ടര്‍ വിധിയെഴുതുന്നു.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
പ്രിന്‍സും പ്രണവും ജിയയെ പ്രണയിക്കുകയാണ്. ഇതിന് ഇരുവര്‍ക്കും അവരുടേതായ ഉദ്ദേശ്യലക്‍ഷ്യങ്ങളുണ്ട്. ജിയയുമായി വിവാഹമുറപ്പിക്കുന്ന മേജര്‍ രവി എന്ന കഥാപാത്രമായി അജു വര്‍ഗീസ് എത്തുന്നു.
 
കഥ അപരിചിതമല്ലെങ്കിലും പറയുന്ന രീതിയിലുള്ള പുതുമകൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സിനിമയാണ് ഷാജഹാനും പരീക്കുട്ടിയും. ആദ്യപകുതി നന്നായി രസിപ്പിക്കുന്നു എങ്കില്‍ രണ്ടാം പകുതി സംവിധായകന്‍റെ കൈവിട്ടുപോഉക്കുന്നുണ്ട്. എങ്കിലും സിനിമയ്ക്ക് വലിയ പരിക്കില്ലാതെ ക്ലൈമാക്സിലേക്ക് ലാന്‍ഡ് ചെയ്യാന്‍ കഴിയുന്നു.
 
ജയസൂര്യയും കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ മത്സരിച്ച് അഭിനയിഛ്സിരിക്കുകയാണ്. കോമഡി രംഗങ്ങളില്‍ ഇവരുടെ കെമിസ്ട്രി നന്നായി വര്‍ക്കൌട്ടായിട്ടുണ്ട്. ജിയ എന്ന നായികാ കഥാപാത്രമായി പക്വതയാര്‍ന്ന പ്രകടനത്തിന് അമല പോളിന് കഴിഞ്ഞിട്ടുണ്ട്.
 
സുരാജ് വെഞ്ഞാടമ്മൂടും അജു വര്‍ഗീസും കോമഡിയിലൂടെ പ്രേക്ഷകരെ കൈയിലെടുക്കുമ്പോള്‍ അല്‍പ്പം വില്ലത്തരങ്ങള്‍ കാട്ടി ടെന്‍ഷന്‍ സൃഷ്ടിക്കുന്നത് റാഫിയാണ്. 
 
കഥയ്ക്കനുയോജ്യമായ മനോഹരമായ വിഷ്വലുകള്‍ ഒരുക്കാന്‍ ഛായാഗ്രാഹകന്‍ അനീഷ് ലാലിന് കഴിഞ്ഞിട്ടുണ്ട്. നാദിര്‍ഷയുടെ സംഗീതം ഒരു എന്‍റര്‍ടെയ്നറിന് ആവശ്യമായ എല്ലാ ഘടകങ്ങളും ചേര്‍ന്നതാണ്. പഴയകാല ഗാനങ്ങളെല്ലാം കോര്‍ത്തിണക്കി ഒരു അടിപൊളി നമ്പര്‍ ഇതില്‍ വേറിട്ട് നില്‍ക്കുന്നു.
 
റേറ്റിംഗ്: 3/5

വെബ്ദുനിയ വായിക്കുക