താരയുദ്ധം ഒരിക്കൽ കൂടി; ക്രിസ്മസിന് തീയേറ്ററുകൾ പൂരപ്പറമ്പാകും, ഇത്തവണ ആരു ജയിക്കും?

Webdunia
വെള്ളി, 14 ഒക്‌ടോബര്‍ 2016 (12:05 IST)
മോഹൻലാൽ, മമ്മൂട്ടി താരയുദ്ധമാണ് ഇപ്പോൾ തീയേറ്ററുകളിൽ നടക്കുന്നത്. പുലിമുരുകൻ ബോക്സ് ഓഫീസ് വാഴുകയാണ്. ഒട്ടും പിറകെ അല്ലാതെ പുലിമുരുകന് പിന്നാലെ തോപ്പിൽ ജോപ്പനും ഉണ്ട്. വെറും അഞ്ച് ദിവസം കൊണ്ട് മുടക്കുമുതൽ നേടിയിരിക്കുകയാണ് തോപ്പിൽ ജോപ്പൻ. ഇടവേളക്ക് ശേഷം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പടങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യുന്നതിന്റെ ത്രില്ലിലായിരുന്നു ആരാധകർ.
 
ആരാധകരുടെ ത്രിൽ ഇപ്പോൾ ഒന്നുകൂടി വർധിച്ചിരിക്കുകയാണ്. ക്രിസ്മസിന് വരാൻ പോകുന്നതും താരയുദ്ധം തന്നെ. നവാഗതനായ അനീഫ് അദേനി സംവിധാനം ചെയ്യുന്ന ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തോടൊപ്പം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന മോഹൻലാൽ ചിത്രവും ക്രിസ്മസിന് തീയേറ്ററുകളിലേക്ക്. നവംബറിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ, പുലിമുരുകനും ഒപ്പവും കളക്ഷനുകൾ ഭേദിച്ച് മുന്നേറുന്നതിനാൽ ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യാമെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.
 
പൃഥ്വിരാജ് ആണ് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ നിർമിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നതോടെ ആരാധകരുടെ പ്രതീക്ഷയും വർധിച്ചിരിക്കുകയാണ്. ബിജു മേനോൻ നായകനായ വെള്ളിമൂങ്ങ എന്ന തകർപ്പൻ ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരി വള്ളികൾ തളിക്കുമ്പോൾ. അതിനാൽ ഇതും ആരാധകർക്ക് പ്രതീക്ഷ നൽകുകയാണ്. ഏതായാലും ക്രിസ്മസിനും തീയേറ്ററുകളിൽ താരയുദ്ധം നടക്കും. 
 
Next Article