എപിക് ഫാന്റസി ചിത്രത്തിന് തയ്യാറായിക്കോളൂ...; മൂന്നാം ഭാഗത്തിന് തിരി കൊളുത്തി പാപ്പനും പിള്ളേരും

നിഹാരിക കെ.എസ്

ശനി, 10 മെയ് 2025 (16:15 IST)
‘ആട് 3’ക്ക് തുടക്കം കുറിച്ച് ജയസൂര്യയും മിഥുൻ മാനുവൽ തോമസും. ഇന്ന് കൊച്ചിയിൽ വച്ചാണ് സിനിമയുടെ പൂജ ചടങ്ങുകൾ നടന്നത്. മിഥുൻ മാനുവലിനും ജയസൂര്യക്കുമൊപ്പം ഉണ്ണി മുകുന്ദൻ, ഷറഫുദ്ദീൻ, സൈജു കുറുപ്പ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 15 മുതൽ ആരംഭിക്കുമെന്നും ക്രിസ്മസ് റിലീസായി സിനിമ തിയേറ്ററുകളിലെത്തുമെന്നും മിഥുൻ അറിയിച്ചു.
 
ചിത്രം ഒരു സോംബി പടമാണോ എന്ന സംശയങ്ങൾക്കും സംവിധായകൻ വിശദീകരണം നൽകി. ആട് 3 സോംബി ചിത്രമായിരിക്കില്ല, എന്നാൽ വ്യത്യസ്ത ഴോണറിൽ കഥ പറയുന്ന സിനിമയാകും എന്നാണ് മിഥുൻ പറയുന്നത്. ഉണ്ണിമുകുന്ദനും ഷറഫുദ്ദീനും ചിത്രത്തിൽ ഉണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
 
'ആളുകൾ സമൂഹ മാധ്യമങ്ങളിൽ ഉന്നയിക്കുന്ന ചോദ്യമാണ് ആട് 3 ഒരു സോംബി ചിത്രമാണോ എന്നത്. ആദ്യം പറയട്ടെ ഒരു സോംബി പടമല്ല ആട് 3. ആടിന്റെ ഫ്‌ലേവറുകൾ മാറ്റാതെ ഈ സിനിമയെ കുറച്ചു കൂടി വലിയ ക്യാൻവാസിലേക്ക് മാറ്റുകയാണ് നമ്മൾ. ഈ സിനിമ എപിക്-ഫാന്റസിയിലേക്ക് പോവുകയാണ്. എപിക്-ഫാന്റസി എന്ന് പറയുമ്പോൾ രാജാവും കുതിരകളുമൊക്കെയാണ് എന്റെ മനസിൽ വരുന്നത്. അത്തരത്തിൽ ഒരു സിനിമയായിരിക്കും ആട് 3.
 
എന്റെ കരിയറിലെ, ഫ്രൈഡേ ഫിലിം ഹൗസിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ഇത്. ഈ ക്രിസ്മസിന് ഷാജി പാപ്പനും സംഘവും എത്തുമെന്ന് കരുതുന്നു. ഇ സിനിമയുടെ സിജി വർക്കുകൾ തീരുമെന്ന് കരുതിയാണ് ഞാൻ റിലീസിനെ കുറിച്ച് പറയുന്നത്. ഇനി അത് മാറിയാൽ ഒന്നും വിചാരിക്കരുത്. അത്രത്തോളം സിജി ഒക്കെ വരുന്ന സിനിമയാണ്', എന്നാണ് മിഥുന്റെ വാക്കുകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍