മുലമുറിച്ച് ജന്മിയുടെ മുഖത്തെറിഞ്ഞ നങ്ങേലിയുടെ ചരിത്ര കഥയുമായി വിനയൻ ‘ഇരുളിന്റെ നാളുകൾ‘ ചിത്രീകരണം ഉടൻ ആരംഭിക്കും

തിങ്കള്‍, 21 മെയ് 2018 (15:44 IST)
ചാലക്കുടിക്കാരൻ ചങ്ങാതിക്ക് ശേഷം ചരിത്രം പറയുന്ന സിനിമയുമായി വിനയനെത്തുന്നു. മാറുമറക്കൽ സമരത്തിൽ മുല മുറിച്ച് ജന്മിയുടെ മുഖത്തെറിഞ്ഞ നങ്ങേലിയുടെ കഥയാണ് വിനയൻ സിനിമയാക്കാൻ ഒരുങ്ങുന്നത്. ഇരുളിന്റെ നാളുകൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടനെ ആരംഭിക്കും എന്ന് വിനയൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയൻ ചിത്രത്തെകുറിച്ച് വെളിപ്പെടുത്തിയത്.
 
19-ആം നൂറ്റാണ്ടില്‍ ബ്രിട്ടനിലെ ബെക്കിംഗ്ഹാം കൊട്ടാരം വരെ എത്തിയ കേരളത്തിലെ ധീര വനിതയുടെ പേരാണ് ‘നങ്ങേലി’ ഇന്ത്യയിലെ ആദ്യത്തെ വിപ്ലവനായിക.
 
മുലച്ചിപ്പറമ്പിലെ നങ്ങേലിയുടെയും സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിളിച്ച ആ കാലഘട്ടത്തിന്റെയും ചരിത്രം പറഞ്ഞാല്‍ നമ്മുടെ ചരിത്രകാരന്‍മാര്‍ രാജ്യസ്‌നേഹികളെന്നും, നീതിമാന്‍മാരെന്നും വിശേഷിപ്പിച്ചിരുന്ന പൊന്നു തമ്പുരാക്കന്‍മാരേയും ദളവാമാരേയും അവരുടെ അലംകാര വേഷങ്ങള്‍ അഴിച്ചു വച്ച് ചരിത്രത്തിന്റെ മുന്നില്‍ നഗ്‌നരായി നിര്‍ത്തേണ്ടി വരും. വിനയൻ ഫേയ്സ്ബുക്കിൽ കുറിച്ചു.
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം 
 
വളരെ വര്‍ഷങ്ങളായി ചലച്ചിത്രമാക്കണമെന്നു മനസ്സില്‍ ആഗ്രഹിക്കുകയും. പക്ഷേ സത്യസന്ധമായ ചരിത്രം പറഞ്ഞാല്‍ ചില ചരിത്രബിംബങ്ങള്‍ ഉടഞ്ഞു വീഴുമെന്നും അതുകൊണ്ടു തന്നെ വിവാദമാകുമെന്നും പലരും പറഞ്ഞതിനാല്‍ മാറ്റി വയ്ക്കപ്പെട്ട ലോകം കണ്ടതിലേക്കും വലിയ സ്ത്രീ വിമോചന നായികയുടെ കഥ ഒടുവില്‍ ഞാന്‍ സിനിമ ആക്കാന്‍ തീരുമാനിച്ചു. 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടനിലെ ബെക്കിംഗ്ഹാം കൊട്ടാരം വരെ എത്തിയ കേരളത്തിലെ ധീര വനിതയുടെ പേരാണ് ‘നങ്ങേലി’ ഇന്ത്യയിലെ ആദ്യത്തെ വിപ്ലവനായിക. സ്ത്രീയുടെ ആത്മാഭിമാനത്തിനു വേണ്ടിയും മാറുമറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയും തന്റെ  യൌവന കാലംമുഴുവന്‍ പൊരുതി മുപ്പതാംവയസ്സില്‍ ജീവത്യാഗം ചെയ്ത ചേര്‍ത്തലയിലെ ആ അവര്‍ണ്ണ സുന്ദരി നങ്ങേലിയുടെ കഥ നമ്മുടെ ചരിത്രകാരന്‍മാര്‍ തമസ്‌കരിച്ചത് യാദൃഛികമല്ല.
 
മുലച്ചിപ്പറമ്പിലെ നങ്ങേലിയുടെയും സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിളിച്ച ആ കാലഘട്ടത്തിന്റെയും ചരിത്രം പറഞ്ഞാല്‍ നമ്മുടെ ചരിത്രകാരന്‍മാര്‍ രാജ്യസ്‌നേഹികളെന്നും, നീതിമാന്‍മാരെന്നും വിശേഷിപ്പിച്ചിരുന്ന പൊന്നു തമ്പുരാക്കന്‍മാരേയും ദളവാമാരേയും അവരുടെ അലംകാര  വേഷങ്ങള്‍ അഴിച്ചു വച്ച് ചരിത്രത്തിന്റെ മുന്നില്‍ നഗ്‌നരായി നിര്‍ത്തേണ്ടി വരും അതിനവര്‍ തയ്യാറല്ലായിരുന്നു. അതാണു സത്യം.
മധുരയിലെ പാണ്ഡൃരാജാവിന്‍െ മുന്നില്‍ മുല പറിച്ച് നിലത്തടിച്ച് പ്രതികാര ദുര്‍ഗ്ഗയായി മാറി മധുരാ നഗരം ചുട്ടെരിച്ച കണ്ണകിയേപ്പോലെ തന്റെ സഹോദരിമാരുടെ മാനം കാക്കാന്‍ സ്വയം കണ്ണകിയായി മാറുകയായിരുന്നു നങ്ങേലി.
 
നങ്ങേലിയുടെ പോരാട്ടത്തിന്റെയും പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ‘ഇരുളിന്റെ നാളുകള്‍’ .ചിത്രത്തിന്റെ ഷൂട്ടിംഗ് താമസിയാതെ തുടങ്ങും.
 
ഞാന്‍ വളരെ ഏറെ പ്രതീക്ഷ അര്‍പ്പിച്ചു തുടങ്ങിയതും കേരളത്തിലെ ജനങ്ങള്‍ അതിലേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമായ ‘ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ’ ഷൂട്ടിംഗ് ഇനി പത്തു ശതമാനം കൂടി പൂര്‍ത്തിയാകാനുണ്ട്.. പൂര്‍ത്തി ആയിടത്തോളം അതിമനോഹരമായി വന്നിട്ടുണ്ടന്ന് കണ്ട സുഹൃത്തുക്കള്‍ പറയുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ അലംഭാവം കൊണ്ടുണ്ടായ കാലതാമസം ഉടനേ പരിഹരിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. കലാഭവന്‍ മണിയുടെ കഥപറയുന്ന ആ ചിത്രം വളരെയേറെ വ്യത്യസ്ഥവും പുതുമ നിറഞ്ഞതും ആയിരിക്കും എന്നതുപോലെ തന്നെ. ‘ഇരുളിന്റെ നാളുകളും’ എന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായിരിക്കും. നിങ്ങളുടെ ഏവരുടെയും അനുഗ്രവും സപ്പോര്‍ട്ടും ഉണ്ടാവണം.
 
സ്‌നേഹപുര്‍വ്വം
 
വിനയന്‍

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍