ഫഹദ് ഫാസിലിനെ പിടിവിടാതെ മോഹൻലാലിന്റെ ‘പ്രേതം’!

ശനി, 1 ഡിസം‌ബര്‍ 2018 (12:38 IST)
ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഞാൻ പ്രകാശൻ’. ചിത്രത്തിന്റെ ടീസറിനു വൻ സ്വീകരണമാണ് ലഭിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. 
 
ഒരിക്കൽ കൂടി മോഹൻലാലിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഫഹദ് ഫാസിലിനെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്ന ഒരു പോസ്റ്റർ ആണ് വന്നിരിക്കുന്നത്. വരവേൽപ്പ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ സീനിനെ അനുസ്മരിപ്പിക്കുന്ന ഒരു പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 
 
വരവേൽപ്പിലെ മോഹൻലാലിനെ പോലെ ഒരു തെങ്ങിൽ അള്ളിപ്പിടിച്ചു ഇരിക്കുന്ന ഫഹദിനെ കാണാവുന്ന ഈ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി കഴിഞ്ഞു. മോഹൻലാൽ- ശ്രീനിവാസൻ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് വരവേൽപ്പ്. 
 
വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ടീം ഒന്നിച്ച ചിത്രമാണ് ഞാൻ പ്രകാശൻ. ശ്രീനിവാസനും സത്യൻ അന്തിക്കാടിനും 90കളിൽ നിന്നും വണ്ടി കിട്ടിയിട്ടില്ലെന്നും ഫഹദ് ഫാസിലിന് മോഹൻലാലിന്റെ ‘പ്രേതം’ പിടികൂടിയിരിക്കുകയാണെന്നും ഒരുകൂട്ടർ വിമർശനമുന്നയിക്കുന്നുണ്ട്. 
 
ഫഹദ് ഫാസിലിന്റെ നാച്ചുറൽ ആയ പ്രകടനവും പഴയ മോഹൻലാൽ കഥാപാത്രങ്ങളുടെ ഓർമയാണ് മലയാളികൾക്ക് സമ്മാനിക്കുന്നത് എന്ന് മറ്റൊരു ഭൂരിപക്ഷം കൂട്ടർ പറയുന്നു. ശ്രീനിവാസനും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം വരുന്ന ഡിസംബർ 21 നു റിലീസ് ചെയ്യും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍