മമ്മൂട്ടി തന്നെ മരയ്ക്കാർ, മോഹൻലാലും പ്രിയദർശനും പറഞ്ഞത് കള്ളം?

വെള്ളി, 11 ജനുവരി 2019 (10:59 IST)
മലയാള സിനിമയെ മുഴുവൻ ആവേശഭരിതരാക്കിയാണ് രണ്ട് കുഞ്ഞാലി മരയ്ക്കാരും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. സന്തോഷ് ശിവന്റെ കുഞ്ഞാലി മരയ്ക്കാർ ആയി മമ്മൂട്ടിയും പ്രിയദർശന്റെ കുഞ്ഞാലി മരയ്ക്കാർ ആയി മോഹൻലാലുമാണ് എത്തുന്നത്. എന്നാൽ, മമ്മൂട്ടിച്ചിത്രം ഉപേക്ഷിച്ചുവെന്നും സന്തോഷ് ശിവന്റെ കുഞ്ഞാലി മരയ്ക്കാർ സംഭവിക്കില്ലെന്നും പ്രിയദർശനു പിന്നാലെ മോഹൻലാലും വ്യക്തമാക്കിയിരുന്നു.
 
ഈ വിഷയത്തിൽ മോഹൻലാലിനെയും പ്രിയദർശനേയും തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഷാജി നടേശൻ. മമ്മൂക്കയുടെ മരയ്ക്കാർ ഉപേക്ഷിച്ചതായി ആരോടും ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ഷാജി നടേശന്‍ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു. കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യാനുള്ള ആലോചന ഓഗസ്റ്റ് സിനിമാസ് 2014ല്‍ തുടങ്ങിയതാണെന്നും മറ്റ് ചില തിരക്കുകൾ മൂലമാണ് ചിത്രീകരണം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 
 
ടി പി രാജീവന്റെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനം ഈ സ്‌ക്രിപ്റ്റിന് പിന്നിലുണ്ട്. ഈ സ്‌ക്രിപ്റ്റ് പ്രിയദര്‍ശന്‍ വായിച്ചിട്ടുണ്ടെന്നും ടി പി രാജീവനോട് കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ സ്‌ക്രിപ്റ്റ് പ്രിയദര്‍ശന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് ഷാജി നടേശൻ പറയുന്നു. എന്നാൽ, തങ്ങളോടുള്ള കമ്മിറ്റ്‌മെന്റിന്റെ പുറത്ത് രാജീവന്‍ ആ പ്രൊജക്ടിന്റെ ഭാഗമാകാന്‍ വിമുഖത കാണിക്കുകയായിരുന്നുവത്രേ.  
 
ധീര സ്വാതന്ത്ര്യപോരാളിയേക്കുറിച്ചുള്ള സിനിമ ചരിത്രത്തോട് നീതി പുലര്‍ത്തി, അതേ പോലെയാണ് ചെയ്യേണ്ടത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാർ ഒരു ഗിമ്മിക്ക് മാത്രമായി പോകരുതെന്ന് അഗ്രഹിക്കുന്നു. ഒരു പ്രൊഫഷണല്‍ മര്യാദ അവരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഷാജി നടേശൻ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍