‘22 ഫീമെയില്‍’ മാജിക് വീണ്ടും!

ചൊവ്വ, 12 ഫെബ്രുവരി 2013 (15:17 IST)
PRO
കോട്ടയത്തുനിന്നുള്ള ടെസ കെ ഏബ്രഹാം എന്ന 22കാരി പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തവും പിന്നീട് അവള്‍ അതിന് പ്രതികാരം ചെയ്തതും ഏറെക്കാലം മലയാള സിനിമാപ്രേമികള്‍ ചര്‍ച്ച ചെയ്തതാണ്. ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു. ഡല്‍ഹിയില്‍ ബസില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോഴും മലയാളികള്‍ ഉള്ളില്‍ പറഞ്ഞു - ടെസ, നീ ചെയ്തതായിരുന്നു ശരി!

ടെസയെ ചതിച്ചത് സിറിള്‍ എന്ന യുവാവായിരുന്നു. സിറിളിന്‍റെ ലിംഗം ഛേദിച്ചാണ് അവള്‍ പ്രതികാരം ചെയ്തത്. എന്തായാലും മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ആ കഥാപാത്രങ്ങളെ അനശ്വരമാക്കിയ റിമ കല്ലിങ്കലും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുകയാണ്.

അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ലഘുചിത്രത്തിലാണ് ഫഹദും റിമയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമല്‍ നീരദ് പ്രോഡക്ഷന്‍സിന്‍റെ ‘അഞ്ചു സുന്ദരികള്‍’ എന്ന പ്രണയ ആന്തോളജിയിലെ ഒരു ചിത്രമായിരിക്കും ഇത്. ഈ ലഘുചിത്രത്തിന് പേരിട്ടിട്ടില്ല.

“ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. അത് സസ്പെന്‍സ് പൊളിക്കും. റിമയുമൊത്ത് വീണ്ടും അഭിനയിക്കാന്‍ കഴിയുന്നതിന്‍റെ ആവേശത്തിലാണ് ഞാന്‍ ഇപ്പോള്‍” - ഫഹദ് ഫാസില്‍ പറഞ്ഞു.

“ചിത്രത്തിന്‍റെ കഥയോ കഥാപാത്രങ്ങളെപ്പറ്റിയോ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. പ്രേക്ഷകര്‍ക്ക് അതൊരു സര്‍പ്രൈസായിരിക്കട്ടെ” - അന്‍‌വര്‍ റഷീദ് പറയുന്നു. ‘ഉസ്താദ് ഹോട്ടല്‍’ എന്ന മെഗാഹിറ്റിന് ശേഷം അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

അഞ്ച് പ്രണയചിത്രങ്ങളുടെ ആന്തോളജിയാണ് അഞ്ചുസുന്ദരികള്‍. അന്‍വര്‍ റഷീദിനെ കൂടാതെ അമല്‍ നീരദ്, സമീര്‍ താഹിര്‍, ആഷിക് അബു, ഷൈജു ഖാലിദ് എന്നിവരാണ് സംവിധായകര്‍.

വെബ്ദുനിയ വായിക്കുക