‘നാന്‍ കടവുള്‍’ ഹിന്ദുവിരുദ്ധമോ?

Webdunia
തിങ്കള്‍, 19 ജനുവരി 2009 (13:01 IST)
PROPRO
‘പിതാമഹന്‍’ ഫെയിം ബാലാ ഒരുക്കുന്ന ‘നാന്‍ കടവുള്‍’ എന്ന സിനിമയ്ക്കെതിരെ ഹിന്ദു സംഘടനകള്‍ രംഗത്ത്. സന്യാസികളെ മനുഷ്യമാംസം കഴിക്കുന്നവരായും കഞ്ചാവ് അടിക്കുന്നവരായും ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് ഹിന്ദു സംഘടനകളുടെ പരാതി. മുസ്ലീമായ ആര്യയെ ഹിന്ദു സന്യാസിയായി അഭിനയിപ്പിച്ചതിലും ഹിന്ദു സംഘടനകള്‍ക്ക് എതിര്‍പ്പുണ്ട്.

തമിഴിലും മലയാളത്തിലും അറിയപ്പെടുന്ന സാഹിത്യകാരനായ ജയമോഹന്‍റെ ‘ഏഴാം കാലം’ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ‘നാന്‍ കടവുള്‍’. അഘോരി സന്യാസികളുടെ കൂടെ കഴിയേണ്ടിവന്ന ഒരു തമിഴ് യുവാവിന്‍റെ കഥയാണിത്. താന്‍ തന്നെയാണ് ഈശ്വരനെന്ന് അറിയുകയാണ് പ്രധാന കഥാപാത്രമായ ഈ യുവാവ്. ‘അഹം ബ്രഹ്മാസ്മി’ എന്നതിന്റെ തമിഴ് രൂപമാണ് ‘നാന്‍ കടവുള്‍’.

സിനിമയില്‍ ഹിന്ദുമതത്തെ എതിര്‍ക്കുന്ന യാതൊന്നും ഇല്ലെന്ന് നാന്‍ കടവുളിന്‍റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സിനിമയുടെ പ്രിവ്യൂ കണ്ട ഇളയരാജയും സെന്‍‌സര്‍ ബോര്‍ഡ് അംഗങ്ങളും ബാലയെ വാനോളം പുകഴ്ത്തുകയാണ്. ആദ്യമായാണ് ഒരു തമിഴ് സിനിമയ്ക്ക് സംസ്കൃതത്തിലുള്ള സബ്‌ടൈറ്റില്‍(അഹം ബ്രഹ്മാസ്മി) കൊടുക്കുന്നത്.

ഹിന്ദു സന്യാസിയെ മുസ്ലീമായ നടന്‍ അവതരിപ്പിക്കുന്നതിനെയും ‘നാന്‍ കടവുള്‍’ ന്യായീകരിക്കുന്നു. പ്രേംനസീറും മമ്മൂട്ടിയുമൊക്കെ എത്രയോ ഹിന്ദു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മുസ്ലീമായ ഖുഷ്ബുവും പല സിനിമകളില്‍ ദൈവവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇവരൊക്കെ മുസ്ലീങ്ങളായതിനാല്‍ ഹിന്ദുമതം നശിച്ചുപോയോ? കലയ്ക്ക് എന്ത് ജാതിയും മതവുമാണുള്ളതെന്നും അവര്‍ ചോദിക്കുന്നു.

സിനിമയുടെ മൂലകഥ എഴുതിയ ജയമോഹന്‍ ഒരു ആര്‍.എസ്.എസ് അനുഭാവിയായിട്ടാണ് തമിഴ്‌നാട്ടില്‍ അറിയപ്പെടുന്നത്. ഹിന്ദുമത പ്രസിദ്ധീകരണമായ വിജയഭാരതത്തില്‍ ജയമോഹന്‍ പതിവായി എഴുതിവന്നിരുന്നു. അങ്ങനെയുള്ള ഒരാളെഴുതിയ ‘നാന്‍ കടവുള്‍’ ഒരിക്കലും ഹിന്ദുമതവിരുദ്ധമാവാന്‍ ഇടയില്ല.

ബാലാ സംവിധാനം ചെയ്ത ‘പിതാമഹന്‍’ എന്ന സിനിമയിലെ അഭിനയത്തിന് നടന്‍ വിക്രമിന് ദേശീയ അവാര്‍ഡ് കിട്ടിയിരുന്നു. ‘നാന്‍ കടവുളി’ല്‍ നായകനാവുന്നത് കണ്ണൂരില്‍ നിന്നുള്ള മലയാളിയായ ആര്യയാണ്. ആര്യക്ക് ഈ സിനിമ കരിയറിലെ വഴിത്തിരിവാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൂജയാണ് ചിത്രത്തിലെ നായിക.