‘ഒപ്പം’ വരുന്നത് വെറുതെ വന്നുപോകാനല്ല; ഒരു മെഗാഹിറ്റാണ് അണിയറയില്‍ ഒരുങ്ങുന്നത്!

തിങ്കള്‍, 4 ജൂലൈ 2016 (14:34 IST)
മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്‍റെ ‘ഒപ്പം’ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സിനിമ ഒരു പക്ഷേ തന്‍റെ കരിയര്‍ ബെസ്റ്റ് ചിത്രമായിരിക്കുമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. അതിന് കാരണവുമുണ്ട്. ഈ സിനിമയെ ഒരു ഗംഭീരചിത്രമാക്കാനായി തന്‍റെ കഴിവിന്‍റെ പരമാവധി പ്രിയന്‍ ശ്രമിച്ചിട്ടുണ്ട്. അതൊന്നും വെറുതെയാകില്ലല്ലോ.
 
പ്രിയദര്‍ശന്‍ തന്നെയാണ് ഒപ്പത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഗോവിന്ദ് വിജയന്‍റെ രണ്ടുവരിക്കഥയില്‍ നിന്ന് ഒരു സൂപ്പര്‍ ത്രില്ലര്‍ പ്രിയന്‍ മെനയുകയായിരുന്നു. ചന്ദ്രലേഖയ്ക്ക് ശേഷം പ്രിയന്‍ ആസ്വദിച്ചെഴുതിയ തിരക്കഥയാണ് ഒപ്പത്തിന്‍റേത്.
 
ആസ്വദിച്ചെഴുതി എന്നുമാത്രം പറഞ്ഞാല്‍ പോരാ. തന്‍റെ കരിയറില്‍ ഇത്രയേറെ വെല്ലുവിളിയുയര്‍ത്തിയ ഒരു തിരക്കഥയില്ലെന്നും പ്രിയന്‍ പറയുന്നു. കോമഡിയും ആക്ഷനും ഹൊററുമെല്ലാം പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഒരു ക്രൈം ത്രില്ലര്‍ പ്രിയന്‍ ഒരുക്കുന്നത് ഇതാദ്യമാണ്.
 
‘ഒപ്പം’ സെപ്റ്റംബര്‍ എട്ടിനാണ് പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രം റിലീസാകുന്നതിന് മുമ്പേ മറ്റ് ഭാഷകളിലേക്കുള്ള റീമേക്ക് ആവകാശത്തിനായി മത്സരം ആരംഭിച്ചിട്ടുണ്ട്. റീമേക്ക് അവകാശത്തിനായി ഒട്ടേറെ നിര്‍മ്മാണ കമ്പനികളാണ് രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദിയില്‍ ഒപ്പം റീമേക്ക് പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്യുമെന്നാണ് വിവരം.
 
തമിഴകത്ത് അജിത്, ഹിന്ദിയില്‍ ആമിര്‍ ഖാന്‍ തുടങ്ങിയവരൊക്കെ ഒപ്പം റീമേക്കുകളിലേക്ക് പരിഗണിക്കുന്നുണ്ട്. പ്രിയദര്‍ശനും ആമിര്‍ ഖാനും ഒരുമിക്കുന്ന ആദ്യ ഹിന്ദിച്ചിത്രം കൂടിയായിരിക്കും ഈ റീമേക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
മോഹന്‍ലാല്‍ അന്ധനായി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. ഫോര്‍ ഫ്രെയിംസിലാണ് സിനിമയുടെ എഡിറ്റിംഗ് ജോലികള്‍ നടക്കുന്നത്. അന്ധനായ ജയരാമന്‍ എന്ന ലിഫ്റ്റ് ഓപ്പറേറ്ററായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. അയാളുടെ മുമ്പില്‍ ഒരു കൊലപാതകം നടക്കുന്നു. ആ കൊലപാതകി ആരാണെന്ന് ജയരാമന്‍ കണ്ടെത്തിയില്ലെങ്കില്‍ ആ കൊല ചെയ്തത് ജയരാമനാണെന്ന് എല്ലാവരും സംശയിക്കും. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ കൊലയാളിയെ കണ്ടെത്തേണ്ട ബാധ്യത ജയരാമന്‍റേതുകൂടിയായിത്തീരുന്നു. എന്നാല്‍ ജയരാമന്‍ അന്വേഷിക്കുന്ന വ്യക്തി അയാള്‍ക്കൊപ്പം തന്നെയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം!
 
വിമലാരാമനും അനുശ്രീയുമാണ് ചിത്രത്തിലെ നായികമാര്‍. സമുദ്രക്കനിയും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക