സിബിയും മധുമുട്ടവും ഒന്നിക്കുന്നു

Webdunia
ചൊവ്വ, 17 മാര്‍ച്ച് 2009 (16:02 IST)
PROPRO
സിബി മലയിലിന് ഇപ്പോള്‍ സിനിമകളുടെ ചാകരയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ച് ഈയിടെ തിയേറ്ററുകളിലെത്തിയ ‘ആയിരത്തില്‍ ഒരുവന്‍‘ മികച്ച സിനിമയെന്ന അഭിപ്രായം നേടിയതോടെയാണ് സിബിയുടെ നല്ലകാലം വീണ്ടും തെളിഞ്ഞത്. ഫ്ലാഷ് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം സിനിമയില്‍ നിന്നു തന്നെ വിട്ടുനില്‍ക്കുകയായിരുന്നു സിബി.

മൂന്ന് പ്രൊജക്ടുകളിലാണ് സിബി മലയില്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ലോഹിതദാസ് തിരക്കഥയെഴുതുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇതിലൊന്ന്. മുംബൈ പശ്ചാത്തലമായുള്ള സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി വരുന്നു. കെ ഗിരീഷ്കുമാറിന്‍റെ തിരക്കഥയില്‍ മമ്മൂട്ടി നായകനാകുന്നതാണ് മറ്റൊരു ചിത്രം.

മൂന്നാമത്തെ പ്രൊജക്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടേക്കാവുന്ന ഒന്നാണ്. മധു മുട്ടത്തിന്‍റെ തിരക്കഥയില്‍ ഒരു സിനിമയെടുക്കാനാണ് സിബി ആലോചിക്കുന്നത്. മധു മുട്ടം ഇതിന്‍റെ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞതായും വിവരമുണ്ട്. തികച്ചും വ്യത്യസ്തമായ ഒരു കഥാപാശ്ചാത്തലമാണ് മധു മുട്ടം എഴുതുന്ന ചിത്രത്തിന് ഉള്ളതെന്നാണ് സൂചന. മനുഷ്യമനസിന്‍റെ ഭ്രമിപ്പിക്കുന്ന അടരുകള്‍ തേടിയുള്ള തന്‍റെ യാത്രയാണ് അദ്ദേഹത്തിന്‍റെ പുതിയ രചനയും എന്നറിയുന്നു. ഏറെക്കാലമായി സിബിയുടെ ആഗ്രഹമായിരുന്നു മധു മുട്ടത്തിന്‍റെ തിരക്കഥയില്‍ ഒരു സിനിമ. ഈ സിനിമകളിലെ താരങ്ങളെക്കുറിച്ചും സാങ്കേതിക പ്രവര്‍ത്തകരെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ സൂപ്പര്‍താരങ്ങള്‍ അഭിനയിച്ചേക്കുമെന്നാ‍ണ് സൂചന.

മണിച്ചിത്രത്താഴ് എന്ന എക്കാലത്തെയും മെഗാഹിറ്റ് ചിത്രമാണ് മധു മുട്ടത്തിന്‍റെ പ്രധാന രചന. ഈ സിനിമ കന്നഡയില്‍ ആപ്തമിത്രയായും തമിഴില്‍ ചന്ദ്രമുഖിയായും ഹിന്ദിയില്‍ ഭൂല്‍ ഫുലയ്യയായും ചരിത്രം സൃഷ്ടിച്ചു. ‘ഭരതന്‍’ എന്നൊരു സൈക്കോളജിക്കല്‍ ത്രില്ലറും അടുത്തകാലത്ത് മധു മുട്ടം എഴുതിയിരുന്നു. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, മാനത്തെ വെള്ളിത്തേര് തുടങ്ങിയ സിനിമകളുടെ കഥയും മധു മുട്ടത്തിന്‍റേതായിരുന്നു.