സിങ്കം 2 തകര്‍ത്തില്ലേ? ഇനി മലയാളത്തിലെ ‘സിങ്ക’ങ്ങളുടെ വരവ്!

Webdunia
വ്യാഴം, 25 ജൂലൈ 2013 (19:04 IST)
PRO
‘സിങ്കം 2’ തമിഴ്നാട് ബോക്സോഫീസിലെ അത്ഭുതമായി മാറുകയാണ്. കോടികളാണ് ഓരോ ദിവസവും വാരുന്നത്. ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 10 ദിവസം കൊണ്ട് 100 കോടി കടന്നു. രണ്ടാം വാരാന്ത്യത്തില്‍ 113 കോടിയിലാണ് കളക്ഷന്‍ എത്തിനില്‍ക്കുന്നത്. 45 കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച ഈ സിനിമയുടെ തകര്‍പ്പന്‍ വിജയത്തോടെ ‘സിങ്കം 3’ ഉടന്‍ പ്രതീക്ഷിക്കാമെന്ന് സംവിധായകന്‍ ഹരി ഉറപ്പ് നല്‍കിയിരിക്കുകയാണ്.

സിങ്കം 2 വന്‍ ഹിറ്റായതോടെ തമിഴ്നാട്ടില്‍ സൂപ്പര്‍ഹിറ്റ് സിനിമകളുടെ രണ്ടാം ഭാഗങ്ങള്‍ കൂട്ടത്തോടെ വരികയാണ്. പല വലിയ ചിത്രങ്ങളുടെയും രണ്ടാം ഭാഗങ്ങളുടെ ആലോചന നടക്കുന്നു. സൂപ്പര്‍സ്റ്റാറുകള്‍ തന്നെ മുന്‍‌കൈയെടുത്ത് തങ്ങളുടെ പഴയചിത്രങ്ങളുടെ സീക്വലുകള്‍ ആലോചിച്ചുവരികയാണ്.

തമിഴകത്തിന്‍റെ കാര്യം പോകട്ടെ, മലയാളക്കരയിലും വരാന്‍ പോകുന്നത് സീക്വലുകളുടെ കാലമാണ്. രണ്ടാം ഭാഗവും മൂന്നാം ഭാഗവും അഞ്ചാംഭാഗവുമൊക്കെയായി മലയാളത്തില്‍ വലിയ വിപ്ലവമാണ് നടക്കാന്‍ പോകുന്നത്.

അടുത്ത പേജില്‍ - അവര്‍ വീണ്ടും വരുന്നു, ഒരു ന്യൂ ജനറേഷന്‍ ആഘോഷം!

PRO
സമീപകാലത്ത് സൂപ്പര്‍ഹിറ്റായ മലയാള ചിത്രമാണ് ‘ഹണിബീ’. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഈ സിനിമ പണം വാരിയതോടെ ഇതിന്‍റെ രണ്ടാം ഭാഗവും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആസിഫ് അലിയും ലാലും ഭാവനയും ബാബുരാജും ശ്രീനാഥ് ഭാസിയുമൊക്കെത്തന്നെ രണ്ടാം ഭാഗത്തിലും അഭിനയിക്കും.

എന്നാല്‍ ഹണിബീ വലിയ വിജയമായതുകൊണ്ട് മാത്രമല്ല താന്‍ ഈ സിനിമയുടെ രണ്ടാം ഭാഗത്തിന് ഒരുങ്ങുന്നതെന്ന് ലാല്‍ ജൂനിയര്‍ പറയുന്നു. അത് തന്‍റെ ആദ്യചിത്രത്തിലെ താരങ്ങളും സാങ്കേതിക വിദഗ്ധരുമായി വീണ്ടും ഒത്തുകൂടാനുള്ള ഒരു അവസരം കൂടിയായി ലാല്‍ ജൂനിയര്‍ കാണുന്നു.

“ഹണിബീയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പിരിഞ്ഞതോടെ ഞങ്ങള്‍ എല്ലാവരും പരസ്പരം ഒരുപാട് മിസ് ചെയ്തു. അതുകൊണ്ടാണ് വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കാമെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് ഹണിബീയുടെ രണ്ടാം ഭാഗമെന്ന ആശയമുണ്ടായത്” - ലാല്‍ ജൂനിയര്‍ പറയുന്നു.

അടുത്ത പേജില്‍ - വീണ്ടും ആ ഫോണ്‍ ബെല്‍ മുഴങ്ങും!

PRO
1971 ല്‍ പുറത്തിറങ്ങിയ ‘സീ ദി മാന്‍ റണ്‍’ എന്ന ഇംഗ്ലീഷ് ചിത്രം, 1979ല്‍ ബസു ചാറ്റര്‍ജി സംവിധാനം ചെയ്ത ഹിന്ദിച്ചിത്രം ‘ദോ ലഡ്കേ ദോനോ കഡ്കേ’ എന്നിവ ഒരു മലയാള സിനിമയ്ക്ക് പ്രചോദനമായി. 1989ല്‍ ആ മലയാള ചിത്രം പുറത്തിറങ്ങിയപ്പോള്‍ അത് ചരിത്രവിജയവുമായി. സിദ്ദിക്ക്-ലാല്‍ സംവിധാനം ചെയ്ത ‘റാംജിറാവു സ്പീക്കിംഗ്’ എന്ന സിനിമയെക്കുറിച്ചാണ് പറഞ്ഞുവന്നത്.

മലയാളത്തില്‍ സിദ്ദിക്ക്-ലാല്‍ തരംഗത്തിന് തുടക്കം കുറിച്ച റാം‌ജിറാവു സ്പീക്കിംഗ്, തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെ പ്രശ്നങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചപ്പോള്‍ മലയാളത്തില്‍ കോമഡി സിനിമകളുടെ കുത്തൊഴുക്കിന് കൂടിയാണ് തുടക്കമായത്. ഇന്നസെന്‍റ്, സായികുമാര്‍, മുകേഷ്, വിജയരാഘവന്‍ തുടങ്ങിയവരായിരുന്നു റാം‌ജിറാവുവിലെ പ്രധാന താരങ്ങള്‍.

വര്‍ഷങ്ങള്‍ക്ക് ശേഷം ‘മാന്നാര്‍ മത്തായി സ്പീക്കിംഗ്’ എന്ന പേരില്‍ ആ സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടായി. സംവിധായകന്‍റെ സ്ഥാനത്ത് മാണി സി കാപ്പന്‍റെ പേരാണ് ക്രെഡിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നതെങ്കിലും സിദ്ദിക്ക് ആണ് ആ ചിത്രം സംവിധാനം ചെയ്തത്. ആല്‍‌ഫ്രഡ് ഹിച്ച്‌കോക്കിന്‍റെ ‘വെര്‍ട്ടിഗോ’ ആണ് മാന്നാര്‍ മത്തായി എന്ന സിനിമയ്ക്ക് പ്രചോദനമായത്. മാന്നാര്‍ മത്തായിയും മെഗാഹിറ്റായി.

ഇപ്പോഴിതാ, റാംജിറാവുവിന്‍റെ മൂന്നാം ഭാഗത്തിന് കളമൊരുങ്ങുകയാണ്. പ്രശസ്ത സംവിധായകന്‍ മമാസ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഇന്നസെന്‍റും മുകേഷും സായികുമാറും വിജയരാഘവനും തന്നെ ഈ സിനിമയിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മമാസ് ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാജോലികളുമായി തിരക്കിലാണ്.

പാപ്പി അപ്പച്ചാ, സിനിമാ കമ്പനി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത മമാസിന് പുതിയ സംരംഭം വെല്ലുവിളികള്‍ നിറഞ്ഞതാണ്. റാംജിറാവുവിനെപ്പോലെ, മാന്നാര്‍ മത്തായിയെപ്പോലെ മൂന്നാം ഭാഗവും വലിയ ഹിറ്റാക്കുക എന്നതുതന്നെ ഏറ്റവും വലിയ വെല്ലുവിളി.

അടുത്ത പേജില്‍ - അവന്‍ വരുന്നു, എല്ലാം കീഴടക്കാന്‍!

PRO
അലക്സാണ്ടറെ ഓര്‍മ്മയില്ലേ? സാമ്രാജ്യം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം. അലക്സാണ്ടറുടെ മരണശേഷം കാറില്‍ കയറിപ്പോയ ആ കൊച്ചുപയ്യന്‍ ഇന്നു വളര്‍ന്നിരിക്കുന്നു - അതെ, ജോര്‍ദാന്‍ തിരിച്ചു വരികയാണ്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനാണ് ജോര്‍ദാനായെത്തുന്നത്.

അലക്സാണ്ടര്‍ വെടിയേറ്റു വീഴുന്നിടത്താണ് സാമ്രാജ്യം അവസാനിക്കുന്നത്. അലക്സാണ്ടറുടെ കൊച്ചുകുട്ടിയായ മകനെ ദുബായിലേക്ക് കൊണ്ടു പോയത് അലക്സാണ്ടറിന്റെ സന്തത സഹചാരിയും വിശ്വസ്തനുമായ ഖാദറാണ്(വിജയരാഘവന്‍). ബുദ്ധിമാനും വളരെ പരിശ്രമ ശാലിയുമാണ് ജോര്‍ദാന്‍. അവന്‍ തിരിച്ചെത്തുകയാണ്, പിതാവിന്റെ സാമ്രാജ്യം ഏറ്റെടുക്കാന്‍.

തിരുപ്പാച്ചി, ശിവകാശി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പേരരശ് കഥയെഴുതി സംവിധാനം ചെയ്യുന്ന സണ്‍ ഓഫ് അലക്സാണ്ടര്‍ - സാമ്രാജ്യം 2 ആക്‍ഷന്‍ രംഗങ്ങള്‍കൊണ്ട് സമ്പന്നമാണ്.

സാമ്രാജ്യം നിര്‍മ്മിച്ച അജ്മല്‍ ഹസ്സന്‍, ബൈജു ആദിത്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശേഖര്‍ വി ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, റഫീക്ക് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് ആര്‍ എച്ച് ഷഫീര്‍. തിരക്കഥാകൃത്ത് കേസുകൊടുത്തതുകാരണം നിയമക്കുരുക്കുകളില്‍ പെട്ടിരിക്കുകയാണ് സാമ്രാജ്യം 2.

അടുത്ത പേജില്‍ - അധോലോകങ്ങളുടെ രാജകുമാരന്‍ മടങ്ങിയെത്തുന്നു!

PRO
മലയാളത്തിന്‍റെ താരരാജാവായി മോഹന്‍ലാലിനെ മലയാള സിനിമ വാഴിച്ചത് രാജാവിന്‍റെ മകന്‍ എന്ന ചിത്രത്തോടെയാണ്. കാല്‍ നൂറ്റാണ്ടിന് ശേഷവും, അന്ന് മലയാളികള്‍ നല്‍കിയ ആ സിംഹാസനത്തില്‍ മോഹന്‍ലാല്‍ തുടരുന്നു.

തമ്പി കണ്ണന്താനം - ഡെന്നിസ് ജോസഫ് ടീമിന്‍റെ വമ്പന്‍ ഹിറ്റായിരുന്നു രാജാവിന്‍റെ മകന്‍. വിന്‍‌സന്‍റ് ഗോമസ് എന്ന അധോലോക നായകനായി, നെഗറ്റീവ് കഥാപാത്രമായി മോഹന്‍ലാല്‍ കസറി. മലയാളികള്‍ക്ക് അതുവരെ അപരിചിതമായ ഒരു ആക്ടിംഗ് സ്റ്റൈലിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാറായി. ആ സിനിമയില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗുകള്‍ ഇന്നും ആവേശം ജനിപ്പിക്കുന്നതാണ്.

“രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു - പ്രിന്‍സ്. അതേ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍”

“മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും”

“മൈ ഫോണ്‍ നമ്പര്‍ ഈസ് 2255”

എന്തായാലും ഈ സിനിമ വീണ്ടും ജനിക്കുകയാണ്. തമ്പി കണ്ണന്താനം - ഡെന്നിസ് ജോസഫ് ടീം ഇതിന്‍റെ അണിയറപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മോഹന്‍ലാലും സുരേഷ്ഗോപിയും ഈ സിനിമയുടെ ഭാഗമായിരിക്കും. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അടുത്ത പേജില്‍ - കുറ്റവാളികള്‍ ജാഗ്രതൈ, സ്വാമി വീണ്ടും എത്തും!

PRO
ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ - മലയാള സിനിമയില്‍ ചരിത്രം രചിച്ച സിനിമകള്‍. മമ്മൂട്ടി എന്ന മഹാനടന്‍റെ ഉജ്ജ്വല പ്രകടനം സാധ്യമായ ഈ സിനിമാപരമ്പരയിലെ അഞ്ചാം ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഏറെ സമയമെടുത്ത്, റിസര്‍ച്ച് ചെയ്ത് സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുകയാണ് എസ് എന്‍ സ്വാമി.

“തിരക്കഥാ രചന പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതും ഒരു മര്‍ഡര്‍ മിസ്റ്ററിയാണ്. മമ്മൂട്ടിയുടെ ഡേറ്റിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്” - സ്വാമി പറയുന്നു.

നേരറിയാന്‍ സി ബി ഐ റിലീസാകുന്ന സമയത്തെ അപേക്ഷിച്ച് സാങ്കേതികമായി ഏറെ മാറിയ ഘട്ടത്തിലാണ് ഏവരും ജീവിക്കുന്നത്. ലോകം മുഴുവന്‍ ഒരു ചെറിയ മൊബൈലിലാക്കി കൊണ്ടുനടക്കുന്ന കാലം. ബുദ്ധിപരമായ നീക്കങ്ങളിലൂടെ പ്രതികളെ പിടിക്കുന്ന സേതുരാമയ്യരെ പുതിയ കാലത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ഈ സാങ്കേതിക വിപ്ലവം കണ്ടില്ലെന്ന് നടിക്കാനാവില്ല. അതുകൊണ്ടുതന്നെ ചിത്രത്തിന് തിരക്കഥയെഴുതുക എന്നത് എസ് എന്‍ സ്വാമിക്ക് കടുത്ത വെല്ലുവിളിയായിരുന്നു.

ബാബ കല്യാണിയാണ് എസ് എന്‍ സ്വാമി നല്‍കിയ അവസാനത്തെ ഹിറ്റ് ചിത്രം. അതിന് ശേഷം സ്വാമി രചിച്ച പോസിറ്റീവ്, രഹസ്യപ്പോലീസ്, സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്, ഓഗസ്റ്റ് 15, ലോക്പാല്‍ എന്നീ സിനിമകള്‍ കനത്ത പരാജയമാണ് നേരിട്ടത്. ഇതിനിടയില്‍ ജനകന്‍ എന്നൊരു നല്ല സിനിമ അദ്ദേഹം എഴുതി. ആ സിനിമ മുടക്കുമുതല്‍ തിരിച്ചുപിടിക്കുകയും ചെയ്തു. അതുമാത്രമായിരുന്നു ഒരാശ്വാസം.

സേതുരാമയ്യരുടെ സഹായികളായി വേഷമിട്ടവരില്‍ മുകേഷ് പുതിയ ചിത്രത്തിലും ഉണ്ടാകും. എന്നാല്‍ അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ പുതിയ സിനിമയില്‍ ഉണ്ടാകില്ല.

1988 ല്‍ മമ്മൂട്ടിക്ക് പറ്റിയ ഒരു പൊലീസ് സ്റ്റോറിയാണ് എസ് എന്‍ സ്വാമിയും കെ മധുവും ആദ്യം ആലോചിച്ചത്. ഇരുപതാം നൂറ്റാണ്ടിന്‍റെ വിജയത്തിന്‍റെ ഹാംഗോവറില്‍ നില്‍ക്കുമ്പോഴായിരുന്നു അത്. ‘ഒന്ന് മാറ്റിപ്പിടിക്ക്’ എന്ന് കെ മധു ആവശ്യപ്പെട്ടപ്പോള്‍ സ്വാമി ഒരു കഥ എഴുതി. അതില്‍ ഒരു പൊലീസ് കഥാപാത്രമായിരുന്നു നായകന്‍.

“മമ്മൂട്ടി ആ സമയത്ത് ആവനാഴി എന്ന തകര്‍പ്പന്‍ ഹിറ്റ് കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. ആ സിനിമയിലെ ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന കഥാപാത്രവുമായി ഞങ്ങളുടെ സിനിമയിലെ കഥാപാത്രത്തെ ആളുകള്‍ താരതമ്യപ്പെടുത്തും എന്ന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് ഒരു മാറ്റം ആവശ്യമായി വന്നത്. അതേ കഥ വ്യത്യസ്തമായ ഒരു രീതിയില്‍ അവതരിപ്പിക്കാമെന്ന് കരുതി” - അങ്ങനെയാണ് ‘അലി ഇമ്രാന്‍’ എന്ന സി ബി ഐ ഉദ്യോഗസ്ഥന്‍ ജനിക്കുന്നത്.

മമ്മൂട്ടിയുടെ അടുത്ത് അലി ഇമ്രാന്‍റെ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ‘അലി ഇമ്രാന്‍ വേണ്ട, ഒരു ബ്രാഹ്മണ കഥാപാത്രം മതി’ എന്ന് പറയുന്നത്. അങ്ങനെ സേതുരാമയ്യരുണ്ടായി. കൈകള്‍ പിറകില്‍ കെട്ടിയുള്ള അയ്യരുടെ നടപ്പും നോട്ടവുമെല്ലാം മമ്മൂട്ടിയുടെ സംഭാവനയായിരുന്നു.

മുന്‍ എന്‍ ഐ എ ചീഫ് രാധാ വിനോദ് രാജുവാണ് സേതുരാമയ്യരെ രൂപപ്പെടുത്താന്‍ സ്വാമിക്ക് മാതൃകയായത്. ജനങ്ങള്‍ ഇപ്പോഴും സേതുരാമയ്യരെ ആവേശത്തോടെ ഓര്‍ക്കുകയും ഓരോ പുതിയ സിനിമകള്‍ ഇറങ്ങുമ്പോഴും അവ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നു.

എസ് എന്‍ സ്വാമി തന്നെ സാഗര്‍ എലിയാസ് ജാക്കിയെയും പെരുമാളിനെയുമൊക്കെ വീണ്ടും പരീക്ഷിച്ചെങ്കിലും സേതുരാമയ്യര്‍ക്ക് ലഭിച്ച വരവേല്‍പ്പ് അവര്‍ക്കാര്‍ക്കും ലഭിച്ചില്ല. അതും സേതുരാമയ്യരുടെ ജനപ്രീതിക്ക് ഉദാഹരണമാണ്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്