സ്ഥലത്തെ പ്രധാന പയ്യന്‍സ്, ദി കിംഗ്, തലസ്ഥാനം തുടങ്ങിയ സിനിമകളില്‍ ഒന്നാന്തരമായി രാഷ്ട്രീയം പറഞ്ഞിട്ടുണ്ട് ഷാജി കൈലാസ്. അതുകൊണ്ടുതന്നെ വീണ്ടുമൊരു രാഷ്ട്രീയ ചിത്രവുമായി ഷാജി വരുന്നു എന്നുകേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകപ്രതീക്ഷ ഇരട്ടിയാകും.
ഷാജി കൈലാസ് അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ നായകന് സുരേഷ്ഗോപിയാണ്. ഒരു പക്കാ പൊളിറ്റിക്കല്‍ ത്രില്ലര്‍. എന്നാല്‍ ഇത് സോളാര്‍ സംഭവമോ സരിതയുടേ കഥയോ ഒന്നുമല്ലെന്ന് ഷാജി കൈലാസ് തന്നെ വ്യക്തമാക്കുന്നു.
ഈ സിനിമയുടെ തിരക്കഥ ആരാണെന്നതും സസ്പെന്സില് നിര്‍ത്തിയിരിക്കുകയാണ്. മലയാളത്തില്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം ഷാജി ചെയ്യുന്ന ചിത്രമാണ്. അതുകൊണ്ടുതന്നെ ഒരു മഹാസംഭവമാക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹം. രണ്‍ജി പണിക്കര്‍ തിരക്കഥ രചിച്ചേക്കുമെന്ന് സൂചനകള്‍ ലഭിക്കുന്നുണ്ട്.
അതേസമയം, നാദിയാ കൊല്ലപ്പെട്ട രാത്രിയുടെ തമിഴ് റീമേക്കിന്റെ ജോലിയിലാണ് ഇപ്പോള്‍ ഷാജി കൈലാസ്. ‘വൈഗൈ എക്സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമ ചിത്രീകരണത്തിന്റെ അന്തിമഘട്ടത്തിലാണ്.