വേദനയുണര്‍ത്താന്‍ വിലാപങ്ങള്‍ക്കപ്പുറം

Webdunia
WDWD
വളരെയധികം സാധ്യതകളുള്ള ഒരു പ്രമേയമാണ് ടിവി ചന്ദ്രന്‍ “വിലാപങ്ങള്‍ക്കപ്പുറം” എന്ന സിനിമയിലൂടെ വിശദീകരിക്കുക. കഥയുടെ മേലുള്ള തന്‍റെ കൈയ്യടക്കം പൊന്തന്‍മാട, ഡാനി, സൂസന്ന, പാഠം ഒന്ന് ഒരു വിലാപം എന്നീ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളിലൂടെ തെളിയിച്ച ടിവി ചന്ദ്രന്‍ പുതിയ സിനിമയിലൂടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുമെന്ന് ഉറപ്പാണ്.

2002 ലെ ഗുജറാത്ത് കലാപത്തിന്‍റെ ഒരു മലയാള പരിവേഷമാണ് വിലാപങ്ങള്‍ക്കപ്പുറം. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തെയും ചരിത്രത്തെയും ഏറെ സ്വാധീനിച്ച ഈ വിഷയം ടിവി മികവോടെ തന്നെ കൈകാര്യം ചെയ്യുമെന്നാണ് സിനിമാലോകത്തിന്‍റെ പ്രതീക്ഷ. പാഠം ഒന്ന് ഒരു വിലാപത്തില്‍ മീരാജാസ്മിന്‍ എന്ന നടിയുടെ അഭിനയ ചാതുര്യം മിനുക്കി എടുത്ത ടിവി ചന്ദ്രന്‍ പുതിയ സിനിമയില്‍ മലയാള തമിഴ് നടി പ്രിയങ്കയെയാണ് മുഖ്യ കഥാപാത്രമാക്കുന്നത്.

ഗുജറാത്ത് കലാപത്തിന്‍റെ വേദനയും നിസ്സഹായതയും ഏറ്റുവാങ്ങി കേരളത്തില്‍ എത്തിയ സാഹിറ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ നിറഞ്ഞ കഥ മുന്നോട്ട് പോവുന്നത്. കലാപത്തെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്ന് രക്ഷപെട്ട സാഹിറ കോഴിക്കോട്ട് എത്തുന്നു.

മാനസികമായും ശാരീരികമായും തകര്‍ന്ന അവസ്ഥയിലാണ് സാഹിറ കേരളത്തില്‍ എത്തുന്നത്. സാഹിറയെ സാധാരണ നിലയിലേക്ക് മടക്കികൊണ്ടുവരാനായി ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. ഡോ. മേരി വര്‍ഗ്ഗീസും ഡോ. ഗോപിനാഥുമാണ് സാഹിറയെ നോക്കുന്നത്.

ആശുപത്രിയിലായ സാഹിറ പെട്ടെന്ന് വാര്‍ത്തകളുടെ മുഖ്യ ആകര്‍ഷണമാവുന്നു. ഇവരെ തേടി രാഷ്ട്രീയക്കാരും പൊതുപ്രവര്‍ത്തകരും എന്നു വേണ്ട സമൂഹത്തിന്‍റെ എല്ലാ മേഖലകളില്‍ നിന്നുള്ളവരും എത്തുന്നു. ഇവര്‍ക്കെല്ലാം സാഹിറയുടെ പ്രശ്നങ്ങളായിരുന്നോ വലുത്? ആര്‍ക്കും സാഹിറയുടെ വേദനയുടെ ആഴങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല, ഡോ. മേഴ്സിക്കും ഡോ.ഗോപിനാഥിനും ഒഴികെ!

WDWD
സാഹിറയായി തമിഴ് നടി പ്രിയങ്കയും മേരി വര്‍ഗ്ഗീസായി സുഹാസിനിയും ഗോപിനാഥായി ബിജു മേനോനും വേഷമിടുന്നു. നിര്‍മ്മാതാവായ ആര്യാടന്‍ ഷൌക്കത്തിന്‍റെയാണ് കഥ. അഹമ്മദാബാദ്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ വച്ചാണ് ചിത്രീകരണം.

ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക