വിക്രം സംവിധാനം ചെയ്യുന്ന 'സ്പിരിറ്റ് ഓഫ് ചെന്നൈ' ആൽബം ഇതിനകം തന്നെ ദേശീയ തലത്തിൽ ചർച്ചാവിഷയമായല്ലോ. അഭിഷേക് ബച്ചൻ ഉൾപ്പടെയുള്ള താരങ്ങളാണ് ആൽബത്തിൽ അഭിനയിക്കുന്നത്. മലയാളത്തിൽ നിന്ന് നിവിൻ പോളി മാത്രമേ ആൽബത്തിൽ അഭിനയിക്കുന്നുള്ളൂ എന്ന് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ആൽബം ചിത്രീകരണത്തിൽ പങ്കെടുക്കാൻ നിവിൻ ചെന്നൈയിൽ വന്നതും വഴിയോര ചായക്കടയിൽ നിന്ന് ചായകുടിച്ചതും വരെ വാർത്തയായിരുന്നു.
മമ്മൂട്ടിയോ മോഹൻലാലോ പോലും ഈ ആൽബത്തിൻറെ ഭാഗമല്ല, നിവിൻ പോളിയെ തെരഞ്ഞെടുത്തതും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു കാര്യം പുറത്തുവരുന്നു. നിവിൻ പോളി മാത്രമല്ല, സ്പിരിറ്റ് ഓഫ് ചെന്നൈയിൽ സാക്ഷാൽ പൃഥ്വിരാജും അഭിനയിക്കുന്നു!
ഈ ആൽബം ചിത്രീകരണത്തിനിടെ വിക്രമുമൊത്ത് നിൽക്കുന്ന ചിത്രം പൃഥ്വിരാജ് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. രാവണൻ, മൊഴി, കാവ്യതലൈവൻ തുടങ്ങിയ വമ്പൻ തമിഴ് ചിത്രങ്ങളിലെ നായകനായിരുന്ന പൃഥ്വി ഈ ആൽബത്തിൻറെ ഭാഗമാകുന്നതോടെ വലിയ താരപ്പൊലിമ ഈ സിനിമയ്ക്ക് കൈവരുമെന്നാണ് സൂചന.
രാവണിൻറെ ചിത്രീകരണത്തിൻറെ ഭാഗമായി പൃഥ്വിയും വിക്രമും അഭിഷേക് ബച്ചനും ഏറെക്കാലം ഒരുമിച്ചുണ്ടയിരുന്നു. അന്നു രൂപപ്പെട്ട സൗഹൃദം ഈ ആൽബത്തിൻറെ ചിത്രീകരണത്തിലും ഗുണം ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.