ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി!

Webdunia
വ്യാഴം, 17 ജൂലൈ 2014 (18:37 IST)
ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത 'ഹായ് ഐ ആം ടോണി' റംസാന്‍ റിലീസായി തിയേറ്ററുകളിലെത്തുകയാണ്. ടോണി എന്ന കഥാപാത്രത്തെ ലാല്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ആസിഫ് അലി, മിയ, ബിജുമേനോന്‍, ലെന എന്നിവരും പ്രധാന താരങ്ങളാണ്. ഈ സൈക്കോളജിക്കല്‍ ത്രില്ലറിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ആല്‍ബി. സംഗീതം ദീപക് ദേവ്.

അതേസമയം, ലാല്‍ ജൂനിയറിന്‍റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. മമ്മൂട്ടിയെ നായകനാക്കിയാണ് ലാല്‍ ജൂനിയര്‍ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ലാല്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോമഡിക്കും ആക്ഷനും പ്രാധാന്യമുള്ള ഒരു ത്രില്ലറായിരിക്കും ഇത്.

ലാല്‍ ജൂനിയര്‍ പറഞ്ഞ കഥയിലെ വ്യത്യസ്തത മമ്മൂട്ടി തിരിച്ചറിയുകയും ഡേറ്റ് നല്‍കുകയുമായിരുന്നു എന്നാണ് വിവരം. ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഈ സിനിമ നിര്‍മ്മിക്കുമെന്നും സൂചനയുണ്ട്.

ലാല്‍ ജൂനിയറിന്‍റെ ആദ്യ ചിത്രമായ ഹണീബീ സൂപ്പര്‍ ഹിറ്റായിരുന്നു. ഹായ് ഐ ആം ടോണിയും പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.

മികച്ച കഥകള്‍ ഉള്ള സിനിമകളില്‍ അഭിനയിക്കുക എന്ന രീതിയാണ് മമ്മൂട്ടി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. നല്ല കഥ പറയുന്നവര്‍ക്ക് ഡേറ്റ് നല്‍കുക. തുടര്‍ച്ചയായുണ്ടാകുന്ന പരാജയങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ ലക്‍ഷ്യമിട്ടുള്ള മമ്മൂട്ടിയുടെ നീക്കത്തിലെ ആദ്യപടിയാണ് ലാല്‍ ജൂനിയറിന്‍റെ സിനിമ.