റഷ്യന്‍ മഞ്ഞില്‍ നീ-നയുടെ സഞ്ചാരം തുടങ്ങി!

Webdunia
വ്യാഴം, 19 ഫെബ്രുവരി 2015 (17:07 IST)
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നീ-ന' റഷ്യയില്‍ ചിത്രീകരണം പുരോഗമിക്കുന്നു. ആന്‍ അഗസ്റ്റിനും ദീപ്തി സതിയും നായികമാരാകുന്ന ചിത്രത്തില്‍ വിജയ് ബാബുവാണ് നായകന്‍.
 
റഷ്യന്‍ മഞ്ഞില്‍ നീനയുടെ സഞ്ചാരം തുടങ്ങിയെന്ന് ലാല്‍ ജോസ് ഫേസ്ബുക്കില്‍ കുറിച്ചു. എല്‍ ജെ ഫിലിംസിന്‍റെ ബാനറില്‍ ലാല്‍ ജോസ് തന്നെ നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ആര്‍ വേണുഗോപാല്‍.
 
ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം നിഖില്‍ ജെ മേനോന്‍ ആണ്. രണ്ട് യുവതികളുടെയും ഒരു പുരുഷന്‍റെയും കഥ പറയുന്ന ചിത്രം ഒരു ഇമോഷണല്‍ ഡ്രാമയാണെന്നാണ് റിപ്പോര്‍ട്ട്.
 
ലാല്‍ ജോസ് സിനിമകള്‍ വിദേശത്ത് ചിത്രീകരിക്കുന്നത് ഇതാദ്യമല്ല. മുമ്പ് സ്പാനിഷ് മസാല, ഡയമണ്ട് നെക്ലേസ്, അറബിക്കഥ തുടങ്ങിയ സിനിമകള്‍ ലാല്‍ ജോസ് വിദേശത്ത് ചിത്രീകരിക്കുകയും അവ വലിയ വിജയം നേടുകയും ചെയ്തതാണ്.

ചിത്രത്തിന് കടപ്പാട് - ലാല്‍ ജോസിന്റെ ഫേസ്‌ബുക്ക് പേജ്