രാജമൌലി എന്തിന് റാണയെ കൊന്നു? !! ‘ബാഹുബലി’ രഹസ്യം !

Webdunia
വെള്ളി, 22 ജനുവരി 2016 (14:53 IST)
‘കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?’ എന്ന ചോദ്യം ബാഹുബലി ഇറങ്ങിയ അന്നുമുതല്‍ ഉയര്‍ന്നുതുടങ്ങിയതാണ്. ഇന്നും അതിന് ഉത്തരം ലഭിച്ചിട്ടില്ല. ബാഹുബലി കണ്ടവരെല്ലാം ആ ചോദ്യത്തിന്‍റെ ഉത്തരത്തിനായി കാത്തിരിക്കുകയാണ്. ‘ബാഹുബലി 2’ ഇത്ര ആവേശത്തോടെ കാത്തിരിക്കുന്നതിന്‍റെ പ്രധാന കാരണവും ആ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കും എന്നതുതന്നെ.
 
ബാഹുബലിയുടെ അണിയറ പ്രവര്‍ത്തകരെ കാണുമ്പോഴൊക്കെ പ്രേക്ഷകരും മാധ്യമങ്ങളും ഇതുതന്നെ ചോദിക്കുകയാണ് - ‘കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?’. എന്നാല്‍ സാക്ഷാല്‍ രാജമൌലി പോലും അതിനുള്ള മറുപടി ചിരിയില്‍ ഒതുക്കുകയായിരുന്നു.
 
ബാഹുബലിയില്‍ ബല്ലാലദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അനശ്വരമാക്കിയ റാണ ദഗ്ഗുബാട്ടിയോടും ഈ ചോദ്യം അടുത്തിടെ ഒരു മാധ്യമം ചോദിച്ചു. ഇനിയെങ്കിലും അതിന് ഉത്തരം പറഞ്ഞുകൂടേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം.
 
അതിനുള്ള റാണയുടെ ഉത്തരം ഇങ്ങനെയായിരുന്നു - “ഇതിന് ഞാന്‍ ശരിയായ മറുപടി പറഞ്ഞാല്‍ ‘രാജമൌലി എന്തിന് റാണയെ കൊന്നു?’ എന്ന് അടുത്ത ചോദ്യം ഉയരാനിടവരും. ഇതിനുള്ള ഉത്തരം അറിയാനായി ‘ബാഹുബലി 2’ വരുന്നതുവരെ കാത്തിരിക്കുക തന്നെ വേണം” - റാണ പറഞ്ഞു.
 
ബാഹുബലി 2ന്‍റെ ചിത്രീകരണം ഇപ്പോള്‍ കേരളത്തില്‍ കണ്ണൂര്‍ കണ്ണവം കാട്ടില്‍ പുരോഗമിക്കുകയാണ്.