മോഹന്‍ലാലും ഇളയദളപതിയും വീണ്ടും ഒന്നിക്കുന്നു!

ബുധന്‍, 14 സെപ്‌റ്റംബര്‍ 2016 (20:39 IST)
‘ജില്ല’ എന്ന മെഗാഹിറ്റിന് ശേഷം മോഹന്‍ലാലും ഇളയദളപതി വിജയും വീണ്ടും ഒന്നിക്കുന്നു. ജനതാ ഗാരേജിന്‍റെ തമിഴ് റീമേക്കിലാണ് വിജയ് - മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും വരുന്നത്. 
 
ലോകമെമ്പാടും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ജൈത്രയാത്ര തുടരുകയാണ് ജനതാ ഗാരേജ്. കൊരട്ടാല ശിവ സംവിധാനം ചെയ്ത ഈ സിനിമയുടെ കളക്ഷന്‍ 100 കോടിയും കടന്നാണ് കുതിക്കുന്നത്.
 
ചിത്രത്തില്‍ ജൂനിയര്‍ എന്‍ ടി ആര്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴ് റീമേക്കില്‍ വിജയ് അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച നായകകഥാപാത്രത്തിന് പകരക്കാരെ കണ്ടെത്താനാവാത്തതിനാല്‍ മോഹന്‍ലാല്‍ തന്നെ തമിഴിലും അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അടുത്ത വര്‍ഷം പകുതിയോടെ ഈ പ്രൊജക്ട് ആരംഭിക്കും. ജനതാ ഗാരേജിനേക്കാള്‍ വലിയ ക്യാന്‍‌വാസില്‍ ഈ സിനിമ തമിഴില്‍ പുനര്‍ജ്ജനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൊരട്ടാല ശിവ തന്നെയായിരിക്കുമോ സംവിധായകന്‍ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

വെബ്ദുനിയ വായിക്കുക