മോഹന്‍ലാലിന്‍റെ അടുത്ത സിനിമ സ്ഫടികം 2, ഷൂട്ടിംഗ് ഓഗസ്റ്റില്‍ തുടങ്ങും!

ബുധന്‍, 21 ജൂണ്‍ 2017 (17:29 IST)
ആടുതോമ വീണ്ടും വരുമോ? ഈ ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എങ്കിലിതാ അതിനൊരു ഉത്തരമായിരിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.
 
ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ഭദ്രന്‍ തന്നെ തിരക്കഥയെഴുതുന്ന സിനിമ സ്ഫടികത്തിന്‍റെ രണ്ടാം ഭാഗമാണെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും സ്ഫടികത്തിന്‍റെ രണ്ടാം ഭാഗമാകാന്‍ യോഗ്യതയുള്ള, അത്രത്തോളം ഇമോഷനും ആക്ഷനുമെല്ലാം നിറഞ്ഞ ഒരു എന്‍റര്‍ടെയ്നറായിരിക്കും ഈ ടീമിന്‍റെ അടുത്ത ചിത്രം എന്നതില്‍ സംശയമില്ല. 
 
വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആയിരിക്കും ഈ സിനിമ നിര്‍മ്മിക്കുക എന്നറിയുന്നു. ചിത്രീകരണത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ വളരെക്കുറച്ചു ദിവസം മാത്രമായിരിക്കും ഉണ്ടാവുക. അതിനുശേഷം ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ രണ്ടാം ഷെഡ്യൂള്‍ നടക്കും.
 
2005ല്‍ പുറത്തിറങ്ങിയ ഉടയോന്‍ ആണ് ഭദ്രന്‍ ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. ആ സിനിമയുടെ തകര്‍ച്ചയാണ് 11 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയെടുക്കാന്‍ ഭദ്രനെ പ്രേരിപ്പിച്ചത്. ഇത്രയും കാലത്തെ ഹോംവര്‍ക്കിലൂടെ മോഹന്‍ലാലിന് ഉജ്ജ്വലമായ ഒരു സിനിമ നല്‍കി മടങ്ങിവരവിനൊരുങ്ങുകയാണ് ഭദ്രന്‍.
 
ചങ്ങാത്തം, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, അങ്കിള്‍ ബണ്‍, ഒളിമ്പ്യന്‍ അന്തോണി ആദം എന്നിവയും മോഹന്‍ലാല്‍ അഭിനയിച്ച ഭദ്രന്‍ ചിത്രങ്ങളാണ്.

വെബ്ദുനിയ വായിക്കുക