മമ്മൂട്ടി റസ്റ്റോറന്‍റ് മാനേജരാകുന്ന സിനിമയുടെ പേര് 'രാജാധിരാജ'. ശേഖരന്‍ കുട്ടി എന്നാണ് കഥാപാത്രത്തിന്‍റെ പേര്. നവാഗതനായ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഉദയ്കൃഷ്ണ, സിബി കെ തോമസ്. റായ് ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.
ഹൈവേയില്‍ നടക്കുന്ന ഒരു റസ്റ്റോറന്‍റിന്‍റെ മാനേജരാണ് ശേഖരന്‍ കുട്ടി. അന്യസംസ്ഥാന ലോറികള്‍ ഈ റസ്റ്റോറന്‍റ് ഒരു ഇടത്താവളമായി കാണുന്നു. എന്നാല്‍ പിന്നീട് ഈ ലോറികള്‍ ശേഖരന്‍ കുട്ടിക്ക് പേടിസ്വപ്നമായി മാറുന്നു.
മമ്മൂട്ടിയുടെ ഭാര്യയായാണ് റായ് ലക്ഷ്മി അഭിനയിക്കുന്നത്. കുറ്റിത്താടിയും കുങ്കുമക്കുറിയുമൊക്കെയായി അടിപൊളി ലുക്കിലാണ് ഈ സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. സൂപ്പര്‍ കോമഡിയും ഗംഭീര ആക്ഷനും തകര്‍പ്പന്‍ പാട്ടുകളും ഡാന്‍സുമെല്ലാമുള്ള ഒരു ഒന്നാന്തരം എന്‍റര്‍ടെയ്നറായിരിക്കും രാജാധിരാജ. രാജമാണിക്യം, പോക്കിരിരാജ എന്നിവയുടെ പിന്‍ഗാമിയായാണ് രാജാധിരാജ എത്തുന്നത്.
കാര്‍ത്തിക് രാജ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ഷാജി. ഓണത്തിന് പ്രദര്‍ശനത്തിനെത്തുന്ന രാജാധിരാജയുടെ പ്രധാന ലൊക്കേഷനുകള്‍ ഹൈദരാബാദും മുംബൈയും കോയമ്പത്തൂരും പൊള്ളാച്ചിയുമാണ്.