മമ്മൂട്ടിയുടെ പുതിയ സിനിമയ്ക്ക് ‘സോളമന്‍റെ കൂടാരം’ എന്ന് പേരിട്ടതായി മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പേര് അണിയറപ്രവര്‍ത്തകര്‍ മാറ്റിയിരിക്കുകയാണ്. ‘പുതിയ നിയമം’ എന്നാണ് പുതിയ പേര്. എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയാകുന്നത്. അഡ്വക്കേറ്റ് ലൂയിസ് പോത്തന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്. കമ്യൂണിസ്റ്റ് ആശയങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഒരു ഗംഭീര കഥാപാത്രം.
മമ്മൂട്ടിയുടെ ഭാര്യയായാണ് നയന്‍താര അഭിനയിക്കുന്നത്. വാസുകി എന്നാണ് കഥാപാത്രത്തിന്‍റെ പേര്. മിശ്രവിവാഹിതരായ ഇവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പ്രമേയമാക്കുന്നത്. താരങ്ങളെയും മറ്റ് സാങ്കേതികപ്രവര്‍ത്തകരെയും തീരുമാനിച്ചുവരുന്നു.
‘ഭാസ്കര്‍ ദി റാസ്കല്‍’ എന്ന മെഗാഹിറ്റിന് ശേഷം മമ്മൂട്ടിയും നയന്‍സും ജോഡിയാകുന്ന സിനിമയാണിത്. സമീപകാലത്ത് മമ്മൂട്ടിക്ക് ലഭിക്കുന്ന ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ലൂയിസ് പോത്തന്‍.
പുതിയ നിയമത്തിന്‍റെ തിരക്കഥ ഇഷ്ടപ്പെട്ടതോടെ ചിത്രീകരണം ഉടന്‍ ആരംഭിക്കാന്‍ മമ്മൂട്ടി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ‘വൈറ്റ്’ എന്ന ചിത്രത്തിനായി നിശ്ചയിച്ചിരുന്ന ഡേറ്റാണ് മമ്മൂട്ടി ഈ ചിത്രത്തിന് മറിച്ചുനല്‍കിയത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരുന്നു. ഭാസ്കര്‍ ദി റാസ്കല്‍ കൂടാതെ തസ്കരവീരന്‍, രാപ്പകല്‍ തുടങ്ങിയ സിനിമകളിലും മമ്മൂട്ടി - നയന്‍താര ജോഡി ഒന്നിച്ചിട്ടുണ്ട്.