മനുഷ്യമനസുകളിലെ ദുരൂഹപാതകള്‍ തേടി ലാല്‍ ജോസ്!

Webdunia
ബുധന്‍, 24 ഡിസം‌ബര്‍ 2014 (14:11 IST)
"ഏറ്റവും ദുരൂഹവും ദുര്‍ഗ്രഹവുമായ പാതകള്‍ ഭൂമിയിലല്ല... മനുഷ്യമനസ്സുകളിലാണ്‌" - ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'നീന'യെ സംവിധായകന്‍ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്. രണ്ട് സ്ത്രീകളുടെ കഥയെന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. ഒരിടവേളയ്ക്ക് ശേഷം സ്ത്രീപ്രാധാന്യമുള്ള ചിത്രവുമായി ലാല്‍ ജോസ് വീണ്ടും വരികയാണ്.
 
നീന, നളിനി എന്നീ സ്ത്രീകളുടെ കഥയാണ് നീന. യഥാര്‍ത്ഥത്തില്‍ 'നീ - ന' എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. ചിത്രത്തില്‍ വിജയ് ബാബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീനയായും നളിനിയായും പുതുമുഖങ്ങള്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
നഗരത്തിലെ ബന്ധങ്ങളുടെ സങ്കീര്‍ണ തലങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തുന്ന ഒരു ബിസിനസുകാരന്‍റെ വേഷത്തിലാണ് വിജയ് ബാബു അഭിനയിക്കുന്നത്.  
 
ആര്‍ വേണുഗോപാല്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന് കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍. കേരളത്തിന് പുറത്തും ഷൂട്ടിംഗ് ഉണ്ടാകും. വിക്രമാദിത്യന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നീന. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.