മണിരത്നത്തിന്‍റെത് പ്രതികാരകഥ, ദുല്‍ക്കറിനും നിത്യക്കും ഡേറ്റില്ല!

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (16:11 IST)
മണിരത്നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ഒരു റിവഞ്ച് ഡ്രാമയായിരിക്കും. കാര്‍ത്തി, ദുല്‍ക്കര്‍ സല്‍മാന്‍, നിത്യ മേനോന്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും.
 
എന്നാല്‍, ഇപ്പോള്‍ മണിരത്നം നേരിടുന്ന പ്രധാന പ്രശ്നം, ആ സമയത്തേക്ക് ദുല്‍ക്കറിനും നിത്യയ്ക്കും ഡേറ്റില്ല എന്നതാണ്. രാജീവ് രവിയുടെ അധോലോക സിനിമയില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍ ദുല്‍ക്കര്‍. അത് ഡിസംബറിനുള്ളില്‍ പൂര്‍ത്തീകരിക്കാനാവില്ല.
 
നിത്യാ മേനോനാകട്ടെ 24 എന്ന തമിഴ് ചിത്രവും സുദീപിന്‍റെ കന്നഡച്ചിത്രവും ചെയ്തുകൊണ്ടിരിക്കുകയാണ്. അതും ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. മണിരത്നം പ്രൊജക്ടിനാവട്ടെ, എല്ലാ താരങ്ങളുടെയും നാലുമാസത്തെയെങ്കിലും ഡേറ്റ് തുടര്‍ച്ചയായി ആവശ്യവുമാണ്.
 
എന്തായാലും ഡേറ്റ് ഇഷ്യൂ എങ്ങനെയെങ്കിലും പരിഹരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മണിരത്നം. ഇവര്‍ക്ക് പകരം വേറെ താരങ്ങളെയൊന്നും പരിഗണിക്കുന്നില്ല. എന്നാല്‍, ഈ പ്രൊജക്ടിന് സമാന്തരമായിത്തന്നെ ഇതിന്‍റെ തെലുങ്ക് പതിപ്പും ചെയ്താലോ എന്നൊരാലോചനയും മണിരത്നത്തിനുണ്ട്. മഹേഷ്ബാബുവും നാഗാര്‍ജ്ജുനയുമായിരിക്കും നായകന്‍‌മാര്‍.
 
എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന് രവിവര്‍മന്‍ ക്യാമറ ചലിപ്പിക്കും.