ഭയമില്ലാത്ത സൂര്യയുടെ കണ്ണുകളുമായി അഞ്ചാന്‍!

Webdunia
ബുധന്‍, 30 ഏപ്രില്‍ 2014 (20:03 IST)
ലിങ്കുസാമി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം ‘അഞ്ചാന്‍’ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഗോ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
 
സിനിമയുടെ കഥ പോലെ തന്നെ മാസ് ടൈറ്റില്‍ ലോഗോയാണ് അണിയറപ്രവര്‍ത്തകര്‍ തയ്യാറാക്കിയിരിക്കുന്നത്. നായകനായ സൂര്യയുടെ ഭയമില്ലാത്ത കണ്ണുകളെ ദൃശ്യമാക്കുന്ന രീതിയിലാണ് ഡിസൈന്‍. അധോലോക നായകനായും ഐ ടി പ്രൊഫഷണലായും ഇരട്ടക്കഥാപാത്രങ്ങളെയാണ് സൂര്യ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.
 
സാ‍മന്തയാണ് അഞ്ചാനിലെ നായിക. തിരുപ്പതി ബ്രദേഴ്സും യു ടി വി മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിദ്യുത് ജാംബ്‌വാല്‍, മനോജ് വാജ്‌പേയ്, രാജ്‌പാല്‍ യാദവ് തുടങ്ങിയവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
മുംബൈയിലും ഗോവയിലുമായാണ് അഞ്ചാന്‍ ചിത്രീകരിച്ചിരിക്കുന്നത്. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്ക് സംഗീതം പകര്‍ന്നത് യുവന്‍ ഷങ്കര്‍ രാജ. ഓഗസ്റ്റ് 15നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.